ശ്രദ്ധയോടെ ഉപയോഗിക്കാം ഉപ്പ്

ശ്രദ്ധയോടെ ഉപയോഗിക്കാം ഉപ്പ്

നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. അത് ശ്രദ്ധയോടെ ഉപ്പ് കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഉപ്പ് തുറന്നുവയ്ക്കുന്നത് നല്ലതല്ല. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.

ഉപ്പ് അടുപ്പിനടുത്തു വയ്ക്കുന്നതും നല്ലതല്ല. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും. അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്. ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കില്‍ ചേര്‍ത്താല്‍ അളവില്‍ കൂടാനുള്ള സാധ്യതയേറും.

എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്‌നാക്‌സ്, ചിപ്‌സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേര്‍ത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം ഒപ്പം തന്നെ അത്തരം വിഭവങ്ങള്‍ പതിവായി കഴിക്കുന്നതും ഒഴിവാക്കണം. ഉപ്പു ചേര്‍ത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം അല്ല.

ഫ്രീ ഫ്‌ളോയിംഗ് സോള്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ചിലതരം ഉപ്പുകളില്‍ അലുമിനിയം സിലിക്കേറ്റ് കൂടി ചേര്‍ക്കുന്നുണ്ട്. ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് അലുമിനിയം സിലിക്കേറ്റ് ചേര്‍ക്കുന്നത്. ഉപ്പ് കട്ടപിടിച്ചുപോയാലും ഉപയോഗശൂന്യമാവില്ല. അതിനാല്‍ അലുമിനിയം സാന്നിധ്യമുള്ള ഉപ്പ് ഉപയോഗിക്കുന്നതു നന്നല്ല. അലുമിനിയം ആല്‍സ്‌ഹൈമേഴ്‌സിന് കാരണമാകുന്നതായി പഠനങ്ങളുണ്ട്. ആല്‍സ്‌ഹൈമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ അലുമിനിയത്തിന്റെ സാന്നിധ്യം കാണാറുണ്ട്. അതിനാല്‍ അലുമിനിയം കലര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ കഴിവതും ഒഴിവാക്കണം, അലുമിനിയം പാത്രങ്ങളിലെ പാചകവും.

ഉണക്കമീന്‍ പതിവായി കഴിക്കുന്നവരുടെ ആമാശയത്തില്‍ കാന്‍സറിനു മുന്നോടിയായുള്ള ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. ഉണക്കമീനില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. ഉണക്കമീന്‍ ധാരാളം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Leave a Reply

Your email address will not be published.