എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി കെ.കെ ശൈലജ

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പുകയില വിരുദ്ധ ക്ലിനിക്കുകളും അഞ്ച് പ്രധാന മെഡിക്കല്‍കോളേജുകളില്‍ ആര്‍.സി.സി മാതൃകയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളും തുടങ്ങും. കേരളത്തെ പുകയില വിമുക്ത സംസ്ഥാനമാക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു.

ആയുഷ് അടക്കം സംസ്ഥാന ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുമെന്ന് കെ.കെ.ശൈലജ വ്യക്തമാക്കി.  ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വെയിലെ കണക്കു പ്രകാരം കേരളത്തിലെ പുകയില ഉപയോഗം 21.4 ശതമാനത്തില്‍ നിന്നും 12.8 ആയത് പ്രതീക്ഷ നല്‍കുന്നുവെങ്കിലും കൗമാര പ്രായക്കാര്‍ക്കിടയില്‍ പുകയിലയുടെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കൂടാതെ ആദിവാസികള്‍ക്കിടയില്‍ ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗവും ആശങ്കാജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാലയങ്ങളുടെ പരിസരത്ത് ഇപ്പോഴും ലഹരി മിഠായികള്‍ വില്‍ക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടം അത്യാവശ്യമാണ്. ഇലക്ട്രോണിക് ഉപകരണമായി സിഗററ്റിന്റെ മാതൃകയില്‍ വിപണിയിലുള്ള ഇ- സിഗരറ്റ് പോലുള്ളവ നിരോധിച്ചതാണ് ഈ സര്‍ക്കാരിന്റെ മികച്ച നേട്ടമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പ്രമുഖ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കളെ അതില്‍ നിന്നും മുക്തരാകാന്‍ സഹായിക്കണമെന്ന് സഞ്ജു നിര്‍ദ്ദേശിച്ചു. മനക്കരുത്തുണ്ടെങ്കില്‍ പുകയില ഉപയോഗം കുറയ്ക്കാമെന്നും സഞ്ജു പറഞ്ഞു. പുകയില ഉല്പന്നങ്ങളുടെ പരസ്യത്തില്‍ താന്‍ ഒരിക്കലും പങ്കാളിയാവുകയില്ലെന്ന് സഞ്ജു വ്യക്തമാക്കി. ഐ.ജി പി.വിജയന്‍ ചടങ്ങില്‍ വിശിഷ്ടാഥിതിയായി. ടുബാക്കോ ഫ്രീ കേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുകയില ഉപയോഗം കുറയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ഇടയിലുള്ള പുകയില ഉപയോഗം കുറക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ആര്‍സിസി ഡയറക്ടര്‍ ഡോ പോള്‍ സെബാസ്റ്റ്യന്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.വിആര്‍ രാജു, അച്യുതമേനോന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.വി.രാമന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചു. ‘പുകയിലയും ഹൃദ്രോഗവും’ എന്നതാണ് ഇത്തവണത്തെ പുകയിലവിരുദ്ധ ദിനാചരണത്തിന്റെ സന്ദേശം.

അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് എമറിറ്റസ് പ്രൊഫസര്‍ ഡോ. കെ.ആര്‍ തങ്കപ്പന്‍, ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. എസ് ശിവശങ്കരന്‍, മുന്‍ അഡി. ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് ഡോ. എ.എസ് പ്രദീപ്കുമാര്‍, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ അംഗം ഡോ. കമല രാംമോഹന്‍, നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. മനു എം.എസ്, ഡിപിഐ ജോയിന്റ് ഡയറക്ടര്‍ ആര്‍.എസ് ഷിബു, ഡോ. നെല്‍സണ്‍ ജോസഫ് (ഇന്‍്‌ഫോ ക്ലിനിക്), കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സാജു ഇട്ടി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സഞ്ജീവ് നായര്‍ എന്നിവര്‍ സാങ്കേതിക സെഷനില്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.