കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ പ്രവൃത്തി സ്തംഭനം പ്രവാസി കോണ്‍ഗ്രസ് ഉപരോധിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ പ്രവൃത്തി സ്തംഭനം പ്രവാസി കോണ്‍ഗ്രസ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ട്രോമാകെയറിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ സ്തംഭിപ്പിച്ച അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു. ട്രോമാകെയറിന്റെ പ്രവൃത്തി പാതിവഴിയില്‍ സ്തംഭിച്ചത് മൂലം രോഗികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ശ്രദ്ധയില്‍ പെടുത്തകയും എത്രയും പെട്ടെന്ന് തന്നെ സാധാരണക്കാരായ രോഗികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

മുപ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ട്രോമാകെയറിന്റെ സിവില്‍ വര്‍ക്ക് പതിനാല് ലക്ഷം രൂപയില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇലക്ട്രിക്ക് വര്‍ക്ക് ഭാഗികമായി നിലച്ചിരിക്കയാണ്. നേരത്തെ പത്ത് ലക്ഷം രൂപ ഇലക്ട്രിക് വര്‍ക്കിന് നീക്കിവെച്ചെങ്കിലും തുക പര്യാപ്തമാവാത്തതിനാല്‍ സിവില്‍ വര്‍ക്കിനായി ബാക്കി വന്ന തുക എത്രയും പെട്ടെന്ന് അനുവദിച്ച് നല്‍കാമെന്നും ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തികരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്നും എക്‌സി എഞ്ചിനയര്‍ നല്‍കിയ ഉറപ്പിന്മേല്‍ ഉപരോധം പിന്‍വലിച്ചു.

ഉറപ്പ് നല്‍കിയ സമയപരിധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തികരിച്ചില്ലെങ്കില്‍ പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ നിരാഹാര സമരമുള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കിയ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് മുന്നറിയിപ്പ് നല്‍കി. പ്രവാസി കോണ്‍ഗ്രസ്സ് ഭാരവാഹികളായ നാം ഹനീഫ, ജമീല ഇബ്രാഹിം, കണ്ണന്‍ കരുവാക്കോട്, കാസറഗോഡ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് നാരായണന്‍, കെ.പി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.