ഹരിത തീരം പദ്ധതിയുടെ നിറവില്‍ കാഞ്ഞങ്ങാട് ജി.എഫ്.എച്ച്.എസിലെ പ്രവേശനോത്സവ ചടങ്ങ് മാതൃകയായി

ഹരിത തീരം പദ്ധതിയുടെ നിറവില്‍ കാഞ്ഞങ്ങാട് ജി.എഫ്.എച്ച്.എസിലെ പ്രവേശനോത്സവ ചടങ്ങ് മാതൃകയായി

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം: മധ്യവേനലവധി കഴിഞ്ഞു പുത്തനുടുപ്പുകളും കുടയും ബുക്കുകളായി ഇണങ്ങിയും പിണങ്ങിയുമുള്ള കുസൃതികളുമായി സ്‌കൂളിലെത്തുന്ന കുട്ടികളാണ് ഇക്കുറി പ്രവേശനേത്സവം വ്യത്യസ്തമാക്കിയത്. സാധാരണ മധുര പലഹാരങ്ങളിലും വര്‍ണാഭമായ ആഘോഷങ്ങളിലും പ്രവേശനേത്സവം കൊണ്ടാടുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ആശയങ്ങളുമായിട്ടാണ് കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂള്‍ നവാഗതരെ വരവേറ്റത്.

കാഞ്ഞങ്ങാട് മരക്കാപ്പ് കടല്‍ തീരം പൂര്‍ണ്ണമായും കാറ്റാടി പോലെയുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് ഹരിത തീരമാക്കുന്നതാണ് ഹരിത തീര പദ്ധതി. ഈ സ്വപന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ത്രീ വ്രമായ ശ്രമത്തിലാണ് പ്രവേശനോത്സവം കൊണ്ടാടിയത്. ഇതിനു വേണ്ട കാറ്റാടിമരങ്ങളെല്ലാം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും സഹായത്തോടെ ശേഖരിച്ചു കഴിഞ്ഞു. സ്‌കൂള്‍ പ്രവേശനോല്‍സവത്തിനോടനുബന്ധിച്ച് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പദ്ധതി ഉല്‍ഘാടനം ചെയ്തു.

ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് തൈകള്‍ വിതരണം നടത്തും. തൈകള്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ തന്നെ നടീല്‍, വളപ്രയോഗം, പരിചരണം, എന്നിവ സ്വയം ഏറ്റെടുത്ത് സംരക്ഷിക്കും. ഇതിനു ആവശ്യമായ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. 600 ല്‍ പരം തൈകളാണ് ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ പദ്ധതിയിലൂടെ നട്ടു വളര്‍ത്തുക. ഇതു വഴി കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം പ്രകൃതിയുടെ ജൈവ വൈവിദ്ധ്യങ്ങളിലൂടെ ഹരിത മനോഹാരിത സമ്മാനിക്കുമെന്ന് ഈ കൊച്ചു മിടുക്കര്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രീ പ്രൈമറി മുതല്‍ ഒമ്പതാം തരം വരെ നൂറ്റിനാല്‍പത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. പ്രവേശനോല്‍സവത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ഇസ്മാഈല്‍ കെ പി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുമതി സുരേഷ് ഉല്‍ഘാടനം ചെയ്തു. പ്രഥമ അധ്യാപകന്‍ ചന്ദ്രന്‍ എം കെ, മുഹമ്മദ് കുഞ്ഞി മാഷ്, ചന്ദ്രന്‍ മാഷ്, രമേശന്‍ മാഷ്, പിടിഎ വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ പി സി, മദര്‍ പിടി എ പ്രസിഡണ്ട് മിനി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.