പരുക്കേറ്റ കടലാമകള്‍ കരയിലേക്ക്; രക്ഷകരായി ഗോവിന്ദനും മഹേഷും

പരുക്കേറ്റ കടലാമകള്‍ കരയിലേക്ക്; രക്ഷകരായി ഗോവിന്ദനും മഹേഷും

കാഞ്ഞങ്ങാട്: പരുക്കേറ്റു കരയിലെത്തിയ കടലാമയ്ക്കു രക്ഷകരായി ഗോവിന്ദനും മഹേഷും. ഇന്നലെ രാവിലെ ബല്ല കടപ്പുറത്താണ് കൈയ്ക്കു പരുക്കേറ്റ നിലയില്‍ കടലാമ കരയിലേക്ക് എത്തിയത്. ആമയെ കണ്ട ഗോവിന്ദനും മഹേഷും പിന്നീടതിന്റെ സംരക്ഷകരായി മാറുകയായിരുന്നു. കടലാമ കരയ്‌ക്കെത്തിയ വിവരം ഇവര്‍ വനംവകുപ്പിനെയും അറിയിച്ചു. വൈകുന്നേരത്തോടെ കടപ്പുറത്തെത്തിയ അധികൃതര്‍ ആമയെ തൈക്കടപ്പുറത്തെ നെയ്തല്‍ (കടലാമ സംരക്ഷണ കേന്ദ്രം) എത്തിക്കുകയായിരുന്നു. ആമയെ ആരും ഉപദ്രവിക്കാതിരിക്കാനായി മണിക്കൂറുകളോളമാണ് ഇരുവരും കാവലിരുന്നത്.

അതേ സമയം ഇതിനു തൊട്ടടുത്തു തന്നെയായി മറ്റൊരു കടലാമയെ ചത്തു കരയ്ക്കടിഞ്ഞ നിലയിലും കണ്ടെത്തി. വൈകുന്നേരത്തോടെ ചിത്താരി കടപ്പുറത്തും പരുക്കേറ്റു കടലാമ കരയിലെത്തി. ഇതിനെയും നെയ്തലിന്റെ റെസ്‌ക്യു ടാങ്കിലേക്കു മാറ്റി. ജൂണ്‍, ജൂലൈ മാസങ്ങളിലാണു കടലാമകള്‍ വ്യാപകമായി പരുക്കേറ്റു കരയിലെത്തുന്നത്. കടലില്‍ ഉപേക്ഷിക്കപ്പെടുന്ന കൂന്തല്‍ വലകളില്‍ പെട്ടാണ് ആമകള്‍ക്കു പരുക്കേല്‍ക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന കൂന്തല്‍ വലകളില്‍ കക്കയടക്കമുള്ള സെല്‍ ജീവികള്‍ വളരുന്നു. ഇതിനെ തിന്നാനെത്തുമ്പോഴാണ് ആമകള്‍ വലയില്‍ കുടുങ്ങുന്നത്. വലയില്‍ നിന്നു രക്ഷപ്പെടാനുള്ള പരിശ്രമത്തിലാണ് മിക്കവാറും ആമകള്‍ക്കും കൈകാലുകള്‍ക്കു പരുക്കേല്‍ക്കുന്നത്. ബോട്ടിന്റെ പ്രൊപ്പല്ലറില്‍ തട്ടിയും പരുക്കേല്‍ക്കാറുണ്ട്.

Leave a Reply

Your email address will not be published.