പാര്‍ട്ടി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറണം: റിയാസ് അമലടുക്കം

പാര്‍ട്ടി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറണം: റിയാസ് അമലടുക്കം

കാഞ്ഞങ്ങാട്: പാര്‍ട്ടി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറണമെന്ന് ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം. ഐ.എന്‍.എല്‍ -ഐ.എം.സി.സി കൂളിയങ്കാല്‍ ശാഖ സംയുക്തമായി സംഘടിപ്പിച്ച റംസാന്‍ റിലീഫ് വിതരണവേദിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം നടത്തി വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, അതോടൊപ്പം പാര്‍ട്ടി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് സെല്ലായും, അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കി വരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാനുതകുന്ന കേന്ദ്രങ്ങളായി പാര്‍ട്ടി ഓഫീസുകള്‍ മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എന്‍.എല്‍ കൂളിയങ്കാല്‍ ശാഖ പ്രസിഡന്റ് പി.കെ അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൂളിയങ്കാല്‍ ജമാ അത്ത് ഖത്തീബ് അബ്ദുള്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് അരിയും, ഇറച്ചിയും വിതരണം ചെയ്തു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. ഇബ്രാഹിംകുട്ടി, കണ്‍വീനര്‍ ശാഹുല്‍ ഹമീദ്, ഐ.എന്‍.എല്‍ നേതാക്കളായ പി.കെ.സലാം, എം.കെ.അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷഫീക് കൊവ്വല്‍പ്പള്ളി സ്വാഗതവും, ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published.