കലിതുള്ളി കാലവര്‍ഷം

കലിതുള്ളി കാലവര്‍ഷം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

കാലവര്‍ഷം കലിതുള്ളുകയാണ്. നാട്ടിലാകെ അത് കലാപക്കൊടിയുയര്‍ത്തിയിരിക്കുന്നു. കേരളത്തില്‍ നിന്നു മാത്രം 16 ജീവനുകളെടുത്തു. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ ഒലിച്ചു പോയി. കളിക്കുന്നതിനിടെ ഒരു കുഞ്ഞ് മരം വീണു മരിച്ചു. മഴമാപിനിയായ റെയിന്‍ ഗേജ് നിറഞ്ഞു കവിയുകയാണ്. കിടപ്പും കിടപ്പാടവും നശിക്കുന്നു. കര്‍ഷകന്റെ നട്ടെല്ലൊടിഞ്ഞു. കോടികളുടെ പെരുക്കങ്ങളാണ് കെടുതികള്‍ വരുത്തി വെച്ചത്.  മണ്‍സൂണിന് തുടക്കമായത് മെയ് 29നാണെങ്കിലും അതിനു മുമ്പേ വേനല്‍ മഴ തുടങ്ങിയിരുന്നു. മന്നമ്പുറത്തേയും, മഠിയനിലേയും കലശവും ബാഷ്ടപ്പ പുളകിതമായി. ഇനിയുമങ്ങോട്ടു തോരാത്ത മഴ.

തുലാവര്‍ഷമെന്നാല്‍ മണ്‍സൂണെന്നര്‍ത്ഥം. കേവലം കേരളത്തിലോ ഇന്ത്യയില്‍ മാത്രമോ ഉള്ള പ്രതിഭാസമല്ല, ഭൂഖണ്ഡത്തില്‍ പരക്കെ ഇതുണ്ട്. മണ്‍സൂണ്‍ എന്ന പേരെങ്ങനെ വന്നുവെന്നല്ലെ? അറബി വാക്കായ മൗസിം ആണ് മണ്‍ൂസൂണായതെന്ന വാദത്തിനാണ് മേല്‍ക്കൈ. അറബിയില്‍ ഈ വാക്കിന് ഋതുക്കള്‍, കാലാവസ്ഥ എന്നൊക്കെ സാരമുണ്ടു പോലും. ഹിന്ദിയില്‍ മൗസം, ഡച്ചില്‍ മോണസന്‍ എന്നു മറ്റും കാലവര്‍ഷത്തിനു വിളിപ്പേരുകളുണ്ട്.

കറുത്തിരുണ്ട മഴമേഘങ്ങള്‍ ആഫ്രീക്കന്‍ കാപ്പിരികളുടെ നാട്ടില്‍ നിന്നുമാണെത്തുക. മണ്‍സൂണിന്റെ ഏറ്റവും വലിയ പ്രായോക്താക്കള്‍ ഇന്ത്യാണ്. ഇതിനെ ആശ്രയിച്ചാണല്ലോ നമ്മുടെ കാര്‍ഷിക വൃത്തി. നമുക്ക് മണ്‍സൂണ്‍ കാലം രണ്ടാണ്. ഒന്ന് അറബിക്കടലിനോട് ബന്ധപ്പെട്ട് ഇടവപ്പാതി. അടുത്തത് ബംഗാള്‍ ഉള്‍ക്കടലും. അറബിക്കടലില്‍ രൂപപ്പെടുന്നതാണ് തുലാവര്‍ഷം. ഗോവ മുതല്‍ ആന്ധ്ര വഴിപശ്ചിമഘട്ടം ചുറ്റി, കൊങ്കണ്‍ വഴി കേരളത്തിലെത്തുന്നു. മറ്റു ചിലവ ഹിമാലയത്തിന്റെ പടിഞ്ഞാറേ ചെരുവില്‍ തട്ടി മേഘലയ ബംഗാള്‍ വഴി കടന്നു വരുന്നു. ഇന്ത്യയില്‍ തുടങ്ങി ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കസ്ഥാന്‍, ഭുട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ പിടിച്ചു നില്‍ക്കുന്നത് മണ്‍സൂണിനെ ആശ്രയിച്ചാണ്. ആകാശത്തു കൂടെ കടന്നു കളയുന്ന മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴയായി തരുന്ന ഹിമാലയവും, പശ്ചിമഘട്ട സാനുക്കളുമില്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന ഭാരതമുണ്ടാകുമായിരുന്നില്ല.

ഇത്തവണ വെടിക്കെട്ടോടെയും, ആഘോഷതിമിര്‍പ്പോടെയുമായിരുന്നു തുടക്കം. പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. എങ്കില്‍ പോലും മധ്യ ഇന്ത്യയിലും, കേരളത്തിലുമടക്കം മഴയുടെ വരവ് കുറഞ്ഞു വരുന്നുവെന്നാണ് കണക്ക്. 1950നു ശേഷമുള്ള സിഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സമുദ്ര താപനില അനുദിനം വര്‍ദ്ധിക്കുന്നതാണ് മഴയുടെ വരവ് കുറയാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട് കടലില്‍ കായം കലക്കുകയാണല്ലോ നാം. ശീലങ്ങളൊക്കെ മാറിമറിയുകയാണ്. ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മേഘാലയില്‍ പോലും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയെ കീറിമുറിച്ചാണ് മണ്‍സൂണ്‍ വരുന്നതെങ്കിലും എതാനും സംസ്ഥാനങ്ങളെ മണ്‍സൂണ്‍ കനിയാറുമില്ല. രാജസ്ഥാന്‍ അതിനുദാഹരണമാണ് . ഡെക്കാണ്‍ പീഠഭുമി, ലഡാക്ക് എന്നിവിടങ്ങളിലും മണ്‍സൂണെത്താറില്ല.

Leave a Reply

Your email address will not be published.