പാലക്കാട് മെഡിക്കല്‍ കോളജ് : പ്രശ്ന പരിഹാരത്തിനു കേന്ദ്രം സഹായം ഉറപ്പു നല്‍കിയതായി മന്ത്രി എ.കെ. ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളജ് : പ്രശ്ന പരിഹാരത്തിനു കേന്ദ്രം സഹായം ഉറപ്പു നല്‍കിയതായി മന്ത്രി എ.കെ. ബാലന്‍

ന്യൂഡല്‍ഹി : പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നു പട്ടിക ജാതി – പട്ടിക വര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍. പ്രശ്ന പരിഹാരത്തിനുള്ള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.

പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നില്ല. മെഡിക്കല്‍ കോളജ് സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന വാദം തെറ്റെന്നു തെളിഞ്ഞിട്ടും നിലപാടില്‍നിന്നു പിന്നോട്ടു പോകാന്‍ എംസിഐ തയാറാകാത്തത് അടിസ്ഥാന വിഭാഗത്തോടുള്ള സാമൂഹ്യ നീതിയുടെ ലംഘനമാണെന്നു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായ ചര്‍ച്ചകളും വ്യക്തത വരുത്തുകയും ചെയ്തുവെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പ്രശ്നത്തില്‍ വളരെ പോസിറ്റീവായ സമീപനമാണു കേന്ദ്ര ആരോഗ്യ മന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു. എംസിഐയുടെ തീരുമാനത്തെ ഏകപക്ഷീയമായി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ അനുകൂലമായ നിലപാട് കോടതിയില്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതി•േല്‍ 22നു നിലപാടറിയിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമപരമായി അനുകൂല നിലപാടെടുക്കാമെന്ന കേന്ദ്ര മന്ത്രിയുടെ ഉറപ്പ് പാലക്കാട് മെഡിക്കല്‍ കോളജിന്റെ തുടര്‍ നടത്തിപ്പു സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ കോടതിയെ ബോധ്യപ്പെടുത്താനാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

100 എംബിബിഎസ് സീറ്റുകളാണു പാലക്കാട് മെഡിക്കല്‍ കോളജിലുള്ളത്. ഇതില്‍ 76 പേര്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കാണ്. പട്ടികജാതി – പട്ടികവര്‍ഗ വകുപ്പിനായി നീക്കിവച്ച പണം ഉപയോഗിച്ചാണ് ഈ കോളജ് നടത്തുന്നത്. ഇന്ത്യയില്‍ ഈ രൂപത്തിലുള്ള ഒരു മെഡിക്കല്‍ കോളജ് മറ്റെങ്ങുമില്ല. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പട്ടിക ജാതി – പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ താങ്ങും തണലുമാണ് ഈ സ്ഥാപനം. ഈ വര്‍ഷം പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ അടിസ്ഥാന വിഭാഗത്തോടുള്ള സാമൂഹ്യ നീതിയുടെ നിഷേധമായിരിക്കും അത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍വിധിയോടെയുള്ള ഈ തീരുമാനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുനഃപരിശോധിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രി മുന്‍കൈയെടുത്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനാ സംഘം നല്‍കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ തയാറാകണം. വരുന്ന ഓഗസ്റ്റില്‍ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കും മുന്‍പുതന്നെ ഈ പ്രക്രിയ പൂര്‍ത്തീകരിച്ചു നീതി ലഭ്യമാക്കണമെന്നും മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു. പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക സമുദായ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കേരള ഹൗസ് റെസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.