കെഎസ്ആര്‍ടിസി ബസിനടിയില്‍ ബൈക്ക് പെട്ട് വിദ്യാര്‍ഥി മരിച്ചു

കെഎസ്ആര്‍ടിസി ബസിനടിയില്‍ ബൈക്ക് പെട്ട് വിദ്യാര്‍ഥി മരിച്ചു

ചങ്ങനാശേരി : കെഎസ്ആര്‍ടിസി ബസിനടിയില്‍പെട്ട് ബൈക്കില്‍ യാത്രചെയ്തിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി പടിഞ്ഞാറേ പഴയ മഠത്തില്‍ പ്രദീപിന്റെ മകന്‍ അഖില്‍ പ്രദീപ് (24) ആണ് മരിച്ചത്. പകല്‍ മൂന്ന് മണിയോടെ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പൂവ്വംകടത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസ് മുന്നില്‍ പോയ കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.

ചങ്ങനാശ്ശേരി പെരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പിഎസ്സി കോച്ചിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു അഖില്‍. ആലപ്പുഴ ഭാഗത്തു നിന്നും വന്ന ബസ് മുന്നിലായി സഞ്ചരിച്ചിരുന്ന കാര്‍ വേഗത കുറച്ചതോടെ കാറിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് എതിരെ ബൈക്കില്‍ പോവുകയായിരുന്ന അഖില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടത്. ബസിന്റെ മുന്‍വശത്തെ ടയര്‍ അഖിലിന്റെ ദേഹത്തുകൂടി കയറി ഇറങ്ങി.

അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ അതു വഴിയെത്തിയ ഒരു വാഹനത്തില്‍ ഉടന്‍ തന്നെ അഖിലിനെ ചങ്ങനാശ്ശേരി താലൂക്ക് ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അഖിലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച പകല്‍ മൂന്നിന് പുളിങ്കുന്നിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മാതാവ്: സുജ. സഹോദരന്‍: അഭിജിത്ത്

Leave a Reply

Your email address will not be published.