നിയമസഭാ വജ്ര ജൂബിലിക്കു തിളക്കമേകാന്‍ ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

നിയമസഭാ വജ്ര ജൂബിലിക്കു തിളക്കമേകാന്‍ ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി : കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തിന്റെ ഉത്സവം എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്റേയും പാര്‍ലമെന്ററി കാര്യ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ജൂലായ് രണ്ടാം വാരം സംഘടിപ്പിക്കുന്ന പരിപാടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ മാറ്റങ്ങള്‍, വ്യതിയാനങ്ങള്‍, സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലെ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണു ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ ലക്ഷ്യമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു ഇതിന്റെ ഭാഗമായി ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദളിത് ലെജിസ്ലേറ്റിവ് കോണ്‍ഫറന്‍സ്, നാഷണല്‍ വിമന്‍ ലജിസ്ലേറ്റിവ് കോണ്‍ഫറന്‍സ്, നാഷണല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.

കേരളത്തിനു പുറത്തുനിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഈ പരിപാടികളില്‍ പങ്കെടുപ്പിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നാഷണല്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് എന്ന പരിപാടിയും നിയമസഭകളുട പ്രവര്‍ത്തനവും നിയമസഭാ സമിതികളുടെ പ്രവര്‍ത്തന രീതികളും വിശദമാക്കുന്ന കോണ്‍ഫറന്‍സും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാകും. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നും പ്രധാന കാമ്പസുകളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, യുവജന കമ്മിഷന്‍,സര്‍വകലാശാലാ യൂണിയനുകള്‍, എന്‍എസ്എസ്, എന്‍സിസി കാമ്പസ് ക്ലബുകള്‍ തുടങ്ങിയവയില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് സ്റ്റുഡന്റ്സ് പാര്‍ലമെന്റ് പരിപാടിയില്‍ പങ്കെടുപ്പിക്കുക.

കേരളത്തിന്റെ വികസനം സംബന്ധിച്ചു ദേശീയ സംവാദ പരിപാടിയും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നു സ്പീക്കര്‍ പറഞ്ഞു. നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായാകും ഇത്തരമൊരു പരിപാടി. കേരള വികസനം സംബന്ധിച്ചു യോജിപ്പിന്റേതായ മേഖലകള്‍ ഈ സംവാദ പരിപാടിയിലൂടെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ വൈവിധ്യമായ സാധ്യതകള്‍ ആരായുന്നതാകും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയെന്നും സ്പീക്കര്‍ പറഞ്ഞു.

ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയാകും ഈ പരിപാടികള്‍ സംഘടിപ്പിക്കുക. നവംബറില്‍ വജ്രജൂബിലി ആഘോഷം സമാപിക്കും. ഒരു വര്‍ഷത്തെ പരിപാടികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഗവേണന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതു പരിഗണനയിലുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പരിപാടിയിലേക്കു ക്ഷണിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയേയും സ്പീക്കര്‍ കണ്ടു.

Leave a Reply

Your email address will not be published.