തൊട്ടു കൂട്ടാന്‍ പോലും മീനില്ല. തീരദേശം വറുതിയുടെ പിടിയില്‍

തൊട്ടു കൂട്ടാന്‍ പോലും മീനില്ല. തീരദേശം വറുതിയുടെ പിടിയില്‍

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

മീനിനു തീവില. സാധാരണക്കാരന് അടുക്കാന്‍ പറ്റുന്നില്ല. അമ്പതു രൂപയ്ക്ക് മതി, മത്തിയെങ്കില്‍ മത്തി വാങ്ങി കറി വെച്ചിരുന്ന കാലം അവസാനിക്കുന്നു. നത്തോലി പോലും കിട്ടാനില്ല. ശക്തമായ കാലവര്‍ഷത്തിനോടൊപ്പം കൂനില്‍ കുരുവെന്ന പോലെ ട്രോളിങ്ങും. ഉള്ള സാമ്പാറു വെള്ളം കൊണ്ട് തൃപ്തിപ്പെടുകയാണ് സാധാരണക്കാര്‍. മീന്‍ അപൂര്‍വ്വമായതോടെ കോഴി മാംസത്തിനു ഡിമാന്റ് കൂടിയിട്ടുണ്ട്. നിപ വരുത്തി വെച്ച വൈതരണികള്‍ മാംസ വിപണി തരണം ചെയ്തിരിക്കുകയാണ്.

ജനകീയ മല്‍സ്യമായ മത്തിക്ക് കിലോക്ക് രൂപാ നുറു കവിഞ്ഞ് നൂറ്റി എഴുപതിലെത്തി. അയലക്ക് 180 മുതല്‍ 240 രൂപാവരെ വില. ചെറുമീനുകളായ മുള്ളനും, ചരുവിനു പോലും 250നു മേലാണ് വില. അയക്കൂറക്ക് ആയിരം കൊടുക്കണം. ആവോലി കിട്ടാനില്ല. മോഹ വിലയാണ് മീനിന്.

ട്രോളിങ്ങ് നിലവില്‍ വന്നതോടെയാണ് വറുതി കയര്‍ പൊട്ടിച്ചത്. ഇനി അമ്പത്തി രണ്ടു നാളുകള്‍ തള്ളിനീക്കണം പുറം കടലില്‍ പോകാന്‍. തീരക്കടലില്‍ പോകാമെന്ന് വെച്ചാല്‍ കടല്‍ ക്ഷോഭിച്ചിരിക്കുന്നു. തോണിറിയക്കാന്‍ സാധിക്കുന്നില്ല. തുള്ളിമുറിയാത്ത മഴ കാരണം ചെറു തോണികളും, ഓടവും, ചെറു ബോട്ടുകളിലധികവും കടപ്പുറത്ത് നിരത്തിയിട്ടിരിക്കുകയാണ്. തീരത്തെ ചോര്‍ന്നോലിക്കുന്ന കുരകളില്‍ ബാല്യം തളര്‍ന്നു കിടക്കുകയാണ്. കൊച്ചു കട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും വിശപ്പകറ്റാം, പക്ഷെ മുതിര്‍ന്നവരെന്തു ചെയ്യും.
പ്രതീക്ഷയുമായി ചാകര തിമിര്‍ക്കുന്ന സമയമാണിത്. കടലില്‍ പലേടത്തും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. കരയിലിരുന്നു നെടുവീര്‍പ്പിടുകയല്ലാതെ കടല്‍മക്കള്‍ വേറെന്തു ചെയ്യാന്‍. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്.

ഒരു തുണയുമില്ല. ഓടത്തിനു ചുറ്റുമിരുന്ന് മഴച്ചാറ്റലിന്റെ മറവില്‍ അവര്‍ സ്വയം തപിക്കുകയാണ്. നാട്ടില്‍ മീനില്ല. അന്യദേശത്തു നിന്നും വരുന്നതിന് തീ വിലയും. മാര്‍ക്കറ്റില്‍ മീനുണ്ട്. സൈക്കിള്‍ വണ്ടിയിലും വില്‍പ്പനയുണ്ട്. പുറം ദേശത്തു നിന്നും വരുന്നവയാണ് അവയില്‍ മിക്കതും. അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. മിക്കതിലും ഫോര്‍മലിന്‍, അമോണിയ, സോഡിയം ബെന്‍സോയറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോര്‍മലീന്‍ എന്നാല്‍ മൃതദേഹം അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന കഠിന വിഷമുള്ള രാസ ലായനിയാണ്. ജനത്തിന് ഇതറിയാത്തതിനാലല്ല, വേറെന്തു വഴി.

മീന്‍ചാറില്ലാതെ ചോറിറങ്ങാത്ത ജില്ലയാണ് കാസര്‍കോട്. തമിഴ്നാടില്‍ നിന്നും വാളയാര്‍ വഴിയും, കര്‍ണാടകത്തില്‍ നിന്നും മഞ്ചേശ്വരം വഴിയുമാണ് ഇവിടെ മീനെത്തുന്നത്. ദിവസം 150 ലോഡ് മത്സ്യമെങ്കിലും ഇതുവഴി കടന്നു പോകുന്നതായി കണക്കുകളുണ്ട്. ഭൂരിഭാഗവും രാസ, വിഷ വസ്തുക്കളാല്‍ സുഭിക്ഷം.

ഇന്‍സുലേറ്റഡ് സംവിധാനത്തില്‍ ശരിയായ രീതിയില്‍ ഐസിട്ട് മീനെത്തിച്ചാല്‍ തന്നെ പരമാവധി മൂന്നുദിവസമാണ് മീന്‍ കേടു വരാതെ കിടക്കുക. അവയില്‍ രാസവസ്തുക്കള്‍ ചേര്‍ത്താല്‍ ആഴ്ചയോളം നില്‍ക്കും. പക്ഷെ രോഗം സുനിശ്ചിതം. രാസ വസ്തുക്കളെ ക്ഷണിച്ചു വരുത്തുന്നത് വാണിജ്യ താല്‍പ്പര്യങ്ങളാണ്. നാട്ടിലെ ഐസ് ഫാക്റ്ററികളും ഇപ്പോള്‍ രാസവസ്തു ചേര്‍ത്ത ഐസ് കട്ടകള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഐസ് പെട്ടെന്ന് അലിയാതിരിക്കാനും മീന്‍ കേടുകൂടാതെയിരിക്കാനുമാണണിത്. അവയിട്ട കരിമ്പിന്‍ പാല് റോഡുവക്കില്‍ നിന്നും വാങ്ങിക്കുടിക്കുന്ന ജനമറിയുന്നില്ല, മധുരത്തോടൊപ്പം അതില്‍ വിഷം കൂടി അടങ്ങിയിട്ടുണ്ടെന്ന കാര്യം.

മീനിലെ രാസവസ്തുക്കള്‍ കണ്ടെത്താന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) പുതിയ ഒരുതരം പേപ്പര്‍കിറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ പേപ്പര്‍ കിറ്റ്ടെസ്റ്റ് വ്യാപകമാക്കിയാല്‍ രാസപ്രയോഗത്തിന്റെ അളവു കണ്ടെത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. സാധാരണക്കാര്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ കിറ്റ് വ്യാപകമായി ഉല്‍പ്പാദിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞിട്ടുണ്ട്. അവ പാലിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം

Leave a Reply

Your email address will not be published.