ഭരണ നേട്ടങ്ങള്‍ നിരത്തി ബിജെപി: മോദിയുടെ വിദേശനയത്തിന് പിന്തുണയുമായി സായിറാംഭട്ട്

ഭരണ നേട്ടങ്ങള്‍ നിരത്തി ബിജെപി: മോദിയുടെ വിദേശനയത്തിന് പിന്തുണയുമായി സായിറാംഭട്ട്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിച്ച് ബിജെപി നേതാക്കളെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന വിദേശനയങ്ങള്‍ക്ക് പിന്തുണയുമായി കാരുണ്യത്തിന്റെ നിറകുടമായ സായിറാം ഭട്ട് അതിഥികള്‍ക്ക് സ്വാഗതമേകി. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്പര്‍ക് ഫോര്‍ സമര്‍ധന്‍ പരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കള്‍ ബദിയടുക്കയിലെ സായിറാം ഭട്ടിന്റെ വീട് സന്ദര്‍ശിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും മറ്റും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ദേഹത്തിന് കൈമാറി.

പാക്കിസ്ഥാന്‍ ഒഴികെയുള്ള ലോകരാജ്യങ്ങളെയെല്ലാം ഭാരതത്തിന്റെ കൂടെ നിര്‍ത്താന്‍ നരേന്ദ്രമോദിക്ക് സാധിച്ചതായി സായിറാം ഭട്ട് പറഞ്ഞു. തീവ്രവാദത്തെ നിലയ്ക്ക് നിര്‍ത്തി സൈന്യത്തിനാവശ്യമായ പിന്തുണ നല്‍കി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. തീവ്രവാദ അക്രമണങ്ങള്‍ കുറയ്ക്കാനും സൈനികര്‍ കൊല്ലപ്പെടുന്ന വാര്‍ത്ത പണ്ട് കേട്ടുകൊണ്ടിരുന്നതിനേക്കാളും കുറയ്ക്കാനും ഇഛാശക്തിയുള്ള ഭരണത്തിലൂടെ കഴിഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂമി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാമ്പത്തിക മേഖലയെ അത് ചെറുതായി ബാധിക്കുകയും താല്‍ക്കാലികമായ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ അത് ശോഭനമായ ഭാരത നിര്‍മ്മാണഘട്ടത്തിലുള്ള ചെറിയ പ്രയാസങ്ങളാടെ കാണേണ്ടതുള്ളു. സമീപഭാവിയില്‍ തന്നെ അത് പരിഹരിക്കപ്പെടുന്നതോടെ സുശക്തവും സുന്ദരവുമായ ഭാരതം സൃഷ്ടിക്കപ്പെടും. അഖണ്ഡ ഭരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോവുകയാണെന്ന് സായിറാം ഭട്ട് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാറിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ രാജ്യത്തെ പ്രമുഖരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. ചടങ്ങില്‍ ബിജെപി സംസ്ഥാന സമിതിയംഗം വി.ബാലകൃഷ്ണഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദറൈ, മണ്ഡലം പ്രസിഡണ്ടുമാരായ സുധാമ ഗോസാഡ, സതീഷ്ചന്ദ്ര ഭണ്ടാരി, ജനറല്‍ സെക്രട്ടറി ഹരീഷ്നാരംപാടി, സെക്രട്ടറി ബി.ശങ്കര, യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അവിനാശ് റൈ, ബിജെപി ബദിയടുക്ക ഈസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ട് വിശ്വനാഥ പ്രഭു, സെക്രട്ടറി ബാലകൃഷ്ണഷെട്ടി, പഞ്ചായത്തംഗങ്ങളായ രാജേശ്വരി, ജയന്തി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.