കനത്ത മഴ: ഒഴുക്കില്‍പ്പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി, ഏഴ് വീടുകള്‍ തകര്‍ന്നു

കനത്ത മഴ: ഒഴുക്കില്‍പ്പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി, ഏഴ് വീടുകള്‍ തകര്‍ന്നു
  • മലയോര മേഖലയില്‍ റെഡ് അലര്‍ട്ട്
  • അടിയന്തരഘട്ടത്തില്‍ 1077-ല്‍ ബന്ധപ്പെടുക

കാസര്‍ഗോഡ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറായി ശക്തമായി പെയ്യുന്ന മഴയില്‍ കാസര്‍ഗോഡ് ആറും മഞ്ചേശ്വരത്ത് ഒന്നും വീടുകള്‍ ഭാഗമായി തകര്‍ന്നു, വ്യാപകമായ കൃഷിനാശവും സംഭവിച്ചു. അതിനിടെ കഴിഞ്ഞ പതിനൊന്നിന് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. പട്ട്ല വില്ലേജില്‍ ബടുവന്‍കുഞ്ഞി(60)യുടെ മൃതദേഹം ഷിരുബാഗിലുവില്‍വച്ചാണ് കണ്ടുകിട്ടിയത്. വീടിനു സമീപത്തിലെ തോട്ടില്‍ വീണ ഇയാള്‍ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചതായി അധികൃതര്‍ അറിയിച്ചു.

കനത്ത മഴയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഏകദേശം 17 ഹെക്ടറോലം സ്ഥലത്തെ വിളകള്‍ക്ക നാശം സംഭവിച്ചു. പ്രധാനമായും അടയ്ക്ക, വാഴ, തെങ്ങ് കൃഷിക്കാണ് നാശം സംഭവിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ 18 വരെ സംസ്ഥാനത്ത് ശക്തമായതോ (ഏഴ് മുതല്‍ 11 വരെ സെന്റിമീറ്റര്‍, 24 മണിക്കൂറില്‍) അതിശക്തമായതോ (12 മുതല്‍ 20 വരെ സെന്റിമീറ്റര്‍, 24 മണിക്കൂറില്‍) ആയ മഴയക്ക് സാധ്യതയെന്നും കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മലയോര മേഖലയില്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായും കേരള സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.
ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published.