സുപ്രധാന ടൂറിസം ഉല്പന്നമായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ മാറും: ടൂറിസം മന്ത്രി

സുപ്രധാന ടൂറിസം ഉല്പന്നമായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ മാറും: ടൂറിസം മന്ത്രി

തിരുവനന്തപുരം: ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ ഉല്പന്നമായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ മാറുമെന്ന് ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഐ പി എല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് മത്സരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കേരളത്തിന്റെ ടൂറിസം മേഖലയില്‍ ഈ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ലക്ഷ്യമിടുന്ന ഒരു വലിയ വളര്‍ച്ചയുണ്ട്. ആ വളര്‍ച്ച യാഥാര്‍ഥ്യമാക്കുന്നതിന് സഹായകരമായ ചടുലമായ നടപടികളുമായി സര്‍ക്കാരും ടൂറിസം വകുപ്പും മുന്നോട്ട് പോവുകയാണ്. അത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ടൂറിസം നയം പ്രഖ്യാപിച്ചത്. സമയ ബന്ധിതമായി ടൂറിസം നയത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കാനുമുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന്റെ ടൂറിസം രംഗത്ത് സമഗ്രമായ വളര്‍ച്ച യാഥാര്‍ഥ്യമാക്കണമെങ്കില്‍ പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകണം എന്നുള്ളതാണ് നയത്തിനകത്ത് പ്രത്യേകമായി ചൂണ്ടിക്കാണിച്ചിരുന്ന ഒരു കാര്യം.

അതിന്റെ ഭാഗമായി ശ്രദ്ധേയമായ പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തില്‍ വളരെ സജീവമായാണ് ഈ സര്‍ക്കാര്‍ ഇടപെടുന്നത്. മലബാര്‍ ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ള 325 കോടി രൂപയുടെ പ്രൊജക്റ്റ് യാഥാര്‍ഥ്യമാവുന്നു. കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ പരീക്ഷണമായ 100 കോടി രൂപയുടെ പി പി പി പദ്ധതിയായ ജടായു ടൂറിസം പദ്ധതിയും യാഥാര്‍ഥ്യമാവുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വിവിധ വള്ളംകളികള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു കൊണ്ട് ടൂറിസം സീസന്റെ വിവിധ സന്ദര്‍ഭങ്ങളിലായി എത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു ക്രമീകരണം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നമ്മുടെ രാജ്യത്തു മാത്രമല്ല ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വലിയൊരു ടൂറിസം ഉല്പന്നമായി ഈ വള്ളം കളി മത്സരങ്ങള്‍ മാറും എന്ന കാര്യത്തില്‍ സംശയമില്ല ‘മന്ത്രി പറഞ്ഞു.

ഐ പി എല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശം വര്‍ധിപ്പിക്കും. ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുക.

കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എക്‌സ്-ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം എല്‍ എ മാര്‍ സംസ്ഥാന തല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയില്‍ ജലോത്സവ സംഘാടന പരിചയമുള്ള വിദഗ്ദ്ധരുമുണ്ടാകും. വള്ളം കളി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പതിമൂന്നു കേന്ദ്രങ്ങളിലും സ്ഥലം എം എല്‍ എ ചെയര്‍മാനായി ബോട്ട് റേസ് ലീഗ് സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്യും. വള്ളംകളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിന് മുന്‍പായി പ്രാദേശികമായി പ്രദര്‍ശന വള്ളംകളിയും അതോടൊപ്പം സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഇതിന് പ്രാദേശിക സമിതികളുടെ സഹകരണം ഉറപ്പാക്കും. ലീഗ് മത്സരങ്ങള്‍ക്ക് പൊതുവായ ഒരു സ്പോണ്‍സറെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

തത്സമയ സംപ്രേഷണത്തിനായി ദൃശ്യമാധ്യമങ്ങളുടെ സഹകരണം തേടും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ അടക്കം ആകര്‍ഷിക്കുന്ന വിധത്തില്‍ വിപുലമായി അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ ടൂറിസം വകുപ്പ് പ്രചരണം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് വള്ളം കളി ആസ്വദിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം കലണ്ടറില്‍ ലീഗ് വള്ളം കളികള്‍ ഉള്‍പ്പെടുത്തും.

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലമേളകളെല്ലാം ഉള്‍പ്പെടുത്തിയ കേരള ബോട്ട് റേസ് ലീഗ് സംസ്ഥാനത്തെ കായിക രംഗത്തും, ടൂറിസം രംഗത്തും ഒരേപോലെ നാഴിക കല്ലായി മാറുമെന്നും മന്ത്രി വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല. പരമാവധി ശനിയാഴ്ചകളില്‍ ലീഗ് മത്സരം സംഘടിപ്പിക്കാവുന്ന തരത്തിലാണ് ക്രമീകരണം നടത്തുക.

2018 ആഗസ്റ്റ് 11 മുതല്‍ നവമ്പര്‍ 1 വരെ നീണ്ടു നില്‍ക്കുന്നതാണ് കേരള ബോട്ട് റേസ് ലീഗ്. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി കണക്കാക്കി 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 9 ചുണ്ടന്‍വള്ളങ്ങളെയാണ് തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക. ആലപ്പുഴയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളത്തെ പിറവം, പൂത്തോട്ട, തൃശൂരിലെ കോട്ടപ്പുറം, കോട്ടയത്തെ താഴത്തങ്ങാടി, കൊല്ലത്തെ കല്ലട, കൊല്ലം തുടങ്ങിയവയാണ് ലീഗ് മത്സര വേദികള്‍. മത്സരങ്ങളില്‍ യോഗ്യത നേടുന്ന വള്ളങ്ങളെല്ലാം ഹീറ്റ്‌സ് മുതല്‍ പങ്കെടുക്കേണ്ടതാണ്. തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്ന നിബന്ധന പാലിക്കാത്തവരെ അയോഗ്യരാക്കും. നവംബര്‍ 1 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയാണ് കേരള ബോട്ട് റേസ് ലീഗിന് കൊടിയിറങ്ങുക.

ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങള്‍ നാട്ടിലെ വള്ളം കളി ടീമുകള്‍ക്ക് വലിയ പ്രചോദനമാകും. ടീമുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യതയും തേടാനാകും. പ്രൊഫഷണല്‍ സ്വഭാവമുള്ള ടീമുകളുടെ രൂപീകരണത്തിന് വഴി തെളിക്കുന്ന ബോട്ട് റേസ് ലീഗ് വള്ളംകളി ടീമംഗങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരവും സാമ്പത്തിക പിന്‍ബലവും നല്‍കുന്നതിന് അവസരമൊരുക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.

ലീഗില്‍ യോഗ്യത നേടുന്ന മുഴുവന്‍ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസ്സായി നാല് ലക്ഷം രൂപ വീതമാണ് നല്‍കുക. ഓരോ ലീഗ് മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി നല്‍കും. എല്ലാ മത്സരങ്ങള്‍ക്കും 1, 2, 3 സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് പോയിന്റ് നല്‍കി അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 5 പോയിന്റും, രണ്ടാം സ്ഥാനത്തിന് 3 പോയിന്റും, മൂന്നാം സ്ഥാനത്തിന് 1 പോയിന്റും എന്ന രീതിയിലാണ് പോയിന്റ് നില കണക്കാക്കുക. കേരള ബോട്ട് റേസ് ലീഗ് കിരീടം നേടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നല്‍കുകയെന്ന് മന്ത്രി അറിയിച്ചു.

‘നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്‍ വള്ളങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 9 വള്ളങ്ങളാണ് ലീഗില്‍ പങ്കെടുക്കുന്നത്. ഈ പറയുന്ന ചുണ്ടന്‍ വള്ളങ്ങളൊന്നും ലീഗില്‍ ഉള്‍പ്പെടുന്ന 13 പ്രാദേശിക മത്സരങ്ങളിലും പങ്കെടുക്കുന്നവരല്ല . ചിലരൊക്കെ പങ്കെടുക്കുന്നുണ്ടാകും. എല്ലാവരുമില്ല. ഈ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളും പങ്കെടുക്കുന്ന ലീഗ് മത്സരങ്ങള്‍ ഒരു പ്രദേശത്ത് നടക്കുമ്പോള്‍ അതാ നാടിന്റെ വലിയ ഉത്സവമായി മാറും. മറ്റൊരു കാര്യം ഇതിനു നല്‍കുന്ന സമ്മാനത്തുകയാണ്. ഒരു മത്സരത്തിലെ സമയം കണക്കാക്കിയല്ല സമ്മാനം കൊടുക്കുന്നത്. ഓരോ മത്സരത്തിലും ഓരോരുത്തരാകാം ജയിക്കുന്നത്. ആലപ്പുഴ പുന്നമടക്കായലില്‍ ഒന്നാം സ്ഥാനം കിട്ടുന്നവര്‍ക്ക് കൊല്ലത്തെ പ്രെസിഡന്റ്‌സ് ട്രോഫിയില്‍ ഒന്നാം സമ്മാനം കിട്ടണമെന്നില്ല.

പിന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും ഉള്ള കാര്യമായ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതൊരു പുതിയ കാര്യമാണ്. നെഹ്റു ട്രോഫിയും കൊല്ലം പ്രെസിഡന്റ്‌സ് ട്രോഫിയും കഴിഞ്ഞാല്‍ ബാക്കിയെല്ലാം വലിയ മത്സരങ്ങളാണെന്ന് പറയാന്‍ പറ്റില്ല . ആ പ്രദേശങ്ങളെ സംബന്ധിച്ച് വലിയ ജലോത്സവങ്ങളായിരിക്കാം. പക്ഷേ ലീഗിലെത്തുന്നതോടെ ഇതെല്ലം തന്നെ ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേക്ക് മാറുന്ന ജലോത്സവങ്ങളായി മാറും. പതിമൂന്ന് ജലോത്സവങ്ങളും ഫലത്തില്‍ ഏതാണ്ട് നെഹ്റു ട്രോഫി ജലോത്സവത്തിന് സമാനമായ ജലോത്സവങ്ങളായിമാറും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത,’ നിലവില്‍ ഈ മത്സരങ്ങളെല്ലാം നടക്കുന്നതല്ലേ എന്നും ലീഗാക്കുമ്പോള്‍ എന്ത് പ്രത്യേകതയാണ് ഉണ്ടാവുകയെന്നുമുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഓഗസ്‌ററ് 11 ന് ആരംഭിച്ച് നവംബര്‍ 1 വരെയുള്ള ശനിയാഴ്ചകളിലാവും ഇത് നടക്കുക. ഏതെങ്കിലും പരമ്പരാഗത ജലോത്സവം ശനിയാഴ്ചകളില്‍ നടക്കുന്നുണ്ടെങ്കില്‍ ആ ജലോത്സവങ്ങളുടെ പ്രാധാന്യം നഷ്ടമാവാതിരിക്കാന്‍ ദിവസത്തില്‍ ചെറിയ വ്യത്യാസം വരുത്തും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ടൂറിസ്റ്റുകളില്‍ മഹാ ഭൂരിപക്ഷവും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്കെല്ലാം ഒരു കാഴ്ചവിരുന്നൊരുക്കുന്ന മഹാ ഉത്സവമായിരിക്കും ശനിയാഴ്ച്ചകളില്‍ നടക്കുന്ന കേരള ബോട്ട് റേസ് ലീഗെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രാദേശികമായ ജലോത്സവങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള കോട്ടവും വരുന്നില്ലെന്നും ഒരു ജലോത്സവത്തിന്റെയും പ്രാധാന്യം കുറയുന്നില്ലെന്നും അത് സംബന്ധിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ‘ലീഗിന്റെ ഭാഗമായി ആ ജലോത്സവങ്ങള്‍ മാറുന്നു എന്നേയുള്ളൂ. അവിടത്തെ സംഘാടനത്തില്‍ മാറ്റം വരുന്നില്ല. വലിയ ജലോത്സവം നടന്നിരുന്ന സ്ഥലമാണ് പൂത്തോട്ട. പക്ഷെ ചില കാരണങ്ങളാല്‍ അത് നിന്ന് പോയിരിക്കുന്നു. കായംകുളത്തും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജലോത്സവം നടക്കുന്നില്ല. പല കാരണങ്ങളാല്‍ അവര്‍ക്കതു നടത്താന്‍ കഴിയാതെ പോയതാണ്. ആ ജലോത്സവത്തിന്റെ ഭാഗമായി ഇത് മാറുന്നു എന്നേയുള്ളൂ,’ മന്ത്രി വിശദമാക്കി. 75 ശതമാനം തുഴച്ചില്‍കാരും കേരളീയരായിരിക്കണം എന്ന നിബന്ധന വച്ചത് മലയാളിത്തം പൂര്‍ണമായും നഷ്ടപ്പെടുന്ന തരത്തില്‍ ജലോത്സവം മാറാതിരിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരള ബോട്ട് റേസ് ലീഗ് എന്നത് താല്‍ക്കാലികമായി നല്‍കുന്ന പേരാണെന്നും വളരെ ആകര്‍ഷണീയമായ ഒരു പേരും ലോഗോയും പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനായി മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മത്സരം തന്നെ നടത്തുന്നതാണ്.
ഓണവും വള്ളംകളിയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഓണ സമയത്താണ് കൂടുതലായി വള്ളംകളികള്‍ ഉണ്ടാകുന്നത്. പക്ഷെ ഇതെല്ലം പ്രാദേശികമായ ക്ലബ്ബുകളാണ് സംഘടിപ്പിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ലീഗ് മാതൃകയില്‍ വരുമ്പോള്‍ ഓരോ വള്ളം കളിക്കുമുള്ള പ്രാധാന്യം വര്‍ധിക്കുകയാണ്.

മറ്റൊരു സുപ്രധാനമായ കാര്യം ഈ നാലു മാസങ്ങളില്‍ നമുക്ക് പുതിയൊരു ടൂറിസം പ്രൊഡക്ട് ലഭിക്കുന്നു എന്നുള്ളതാണ്. നമ്മുടെ സീസണ്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. അല്ലാത്തപ്പോള്‍ കേരളത്തില്‍ എത്തുന്നവര്‍ക്ക് ഒരു വള്ളം കളി കാണാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ല. കേരള ബോട്ട് റേസ് ലീഗ് ടൂറിസം കലണ്ടറില്‍ വന്നു കഴിയുമ്പോള്‍ ആ സമയത്ത് കേരളത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വള്ളം കളിയും കാണാന്‍ കഴിയും എന്ന് ഉറപ്പു വരികയാണ്. മറ്റൊരു പ്രധാന കാര്യം, ഓരോ പ്രദേശത്തും നടക്കുന്ന പ്രദര്‍ശന വള്ളം കളികളില്‍ ചുണ്ടന്‍ വള്ളങ്ങള്‍ അല്ലാത്ത മറ്റു വള്ളങ്ങള്‍ക്കും പങ്കെടുക്കാം എന്നുള്ളതാണ്. ആ ജനവിഭാഗങ്ങള്‍ കൂടി ഈ ജലോത്സവത്തിന്റെ ഭാഗമായി ഇത്തരത്തില്‍ മാറുന്നു, ‘ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് പറഞ്ഞു.

‘പുതിയ ഒരു ടൂറിസം പ്രോഡക്റ്റ് വരികയാണ്. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്കായി സ്ഥിരമായ ഒരു ടൂറിസം പ്രോഡക്റ്റ് നാം കൊണ്ടുവരികയാണ്. നമുക്ക് മാത്രമായുള്ള, തനതായ ഒരു ടൂറിസം ഉല്‍പ്പന്നമാണ് ചുണ്ടന്‍ വള്ളം. 13 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ഒരു വലിയ ടൂറിസ്റ്റ് ആകര്‍ഷണമായി അത് മാറും, ‘ ടൂറിസം ഡയറക്ടര്‍ ശ്രീ ബാലകിരണ്‍ ഐ എ എസ് പറഞ്ഞു.

Leave a Reply

Your email address will not be published.