ഇ-നിയമസഭ : ഏകീകൃത സോഫ്റ്റ്വെയര്‍ പ്രായോഗികമല്ലെന്നു കേരളം

ഇ-നിയമസഭ : ഏകീകൃത സോഫ്റ്റ്വെയര്‍ പ്രായോഗികമല്ലെന്നു കേരളം

ന്യൂഡല്‍ഹി : കേരള നിയമസഭയില്‍ നടപ്പാക്കാനിരിക്കുന്ന ഇ-നിയമസഭാ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ഇ-വിധാന്‍ സഭയെന്ന ഏകീകൃത സോഫ്റ്റ്വെയര്‍ പ്രായോഗികമല്ലെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാറിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ നിയമസഭകളിലേയും നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായാണു കേന്ദ്ര സര്‍ക്കാര്‍ ഇ-വിധാന്‍സഭ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ കേരള നിയമസഭയുടെ നടപടിക്രമങ്ങള്‍ മറ്റു നിയമസഭകളിലേതില്‍ നിന്നു വ്യത്യാസമുണ്ട്. കേരള നിയമസഭയില്‍ 36 സബ്ജക്ട് കമ്മിറ്റികളുണ്ട്. നിയമസഭ ചേരുന്ന ദിനങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഇതു മുന്‍നിര്‍ത്തി കേരളം തയാറാക്കിയ പദ്ധതി രേഖ പ്രകാരമുള്ള ഇ-നിയമസഭാ പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കണമെന്നു കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രി അംഗീകരിക്കുന്നതായും ഈ മാസം 17നു ചേരുന്ന ഐടി സെക്രട്ടറിമാരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഡിജിറ്റല്‍ നിയമസഭാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ കഴിഞ്ഞ മാര്‍ച്ചില്‍ സ്പീക്കര്‍ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. പദ്ധതിക്ക് ഉടന്‍ ധനകാര്യ അനുമതി നല്‍കുമെന്നു മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഒരു തുണ്ട് കടലാസ് പോലും ആവശ്യമില്ലാത്തവിധം നിയമസഭാ സാമാജികരുടേയും നിയമസഭയുടെ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങളേയും ഡിജിറ്റൈസ് ചെയ്ത് ഏകീകരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതു നടപ്പാക്കുന്നതുവഴി പ്രതിവര്‍ഷം 25 മുതല്‍ 40 കോടി രൂപ വരെ ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ.

Leave a Reply

Your email address will not be published.