വെള്ളത്തില്‍: അച്ചാംതുരുത്തി നടപ്പാലം അപകടത്തിലായി

വെള്ളത്തില്‍: അച്ചാംതുരുത്തി നടപ്പാലം അപകടത്തിലായി

ചീമേനി:  മഴ കനത്തതോടെ തീരപ്രദേശങ്ങള്‍ വെള്ളത്തിലായി. കാര്യങ്കോട് പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള അച്ചാംതുരുത്തി നടപ്പാലത്തിന്റെ തൂണുകളില്‍ കിഴക്കന്‍ വെള്ളത്തില്‍ ഒഴുകിയെത്തിയ മരക്കൊമ്പിടിച്ച് പാലം അപകടാവസ്ഥയിലായി. മലയോര മേഖലകളില്‍ മഴ കനത്തതോടെയാണു ജില്ലയിലെ പ്രധാന പുഴയായ കാര്യങ്കോട് പുഴ നിറഞ്ഞുകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. പുഴയുടെ തീരപ്രദേശങ്ങളായ പലയിടങ്ങളിലും ഇന്നലെ വൈകിട്ടോടെ വെള്ളപ്പൊക്ക ഭീഷണിയിലായി. കുത്തിയൊഴുകി വന്ന മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരക്കൊമ്പുകളിടിച്ച് അച്ചാംതുരുത്തി നടപ്പാലത്തിന്റെ മധ്യഭാഗത്തെ തൂണുകള്‍ അപകടാവസ്ഥയിലായി.

പാലം തകര്‍ന്നുവീഴുന്ന അവസ്ഥയിലാണുള്ളത്. പുതിയ റോഡ് പാലം വന്നെങ്കിലും ദ്വീപ് നിവാസികള്‍ അധികവും പുഴ കടക്കാന്‍ ഈ പാലമാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം കൂടിയാണിത്. കാര്യങ്കോട് പുഴയുടെ കൈവഴികളായ കയ്യൂര്‍ചീമേനി പഞ്ചായത്തിലെ ചെറിയ പുഴകളെല്ലാം കരകവിഞ്ഞതോടെ തീര മേഖലയിലെ ഗ്രാമങ്ങളില്‍ ദുരിതാവസ്ഥയാണ്. മഴവെള്ളം ഒഴുകിപ്പോയിരുന്ന പരമ്പരാഗതമായി നിലനിന്നിരുന്ന തോടുകളും മറ്റും റോഡുകള്‍ക്കും മറ്റും വേണ്ടി നികത്തിയതോടെ ഗ്രാമങ്ങളില്‍ പലയിടത്തും വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയില്‍ കെട്ടിനില്‍ക്കുന്നതും ദുരിതമാവുകയാണ്.

Leave a Reply

Your email address will not be published.