പ്രകൃതിസംരക്ഷണവും മതസൗഹാര്‍ദവും ലക്ഷ്യമിട്ട് പാട്ടുയാത്ര

പ്രകൃതിസംരക്ഷണവും മതസൗഹാര്‍ദവും ലക്ഷ്യമിട്ട് പാട്ടുയാത്ര

കാഞ്ഞങ്ങാട്: സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കാനും കുട്ടികള്‍ പാട്ടുപാടിയെത്തുന്നു. വെള്ളിക്കോത്ത് പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ കുട്ടികളാണ് അധ്യാപകനും സംഗീതജ്ഞനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിനൊപ്പം പാട്ടുയാത്ര നടത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഉച്ചക്കുശേഷം ഓരോ സ്‌കൂളിലുമെത്തി ആലാപനമാധുരിതീര്‍ക്കും.

വിഷ്ണുഭട്ട് ഹാര്‍മോണിയം വായിക്കും. കാഞ്ഞങ്ങാട് ടി.കെ.വാസുദേവ മൃദംഗവും കൃഷ്ണന്‍ കൊല്ലംപാറ ഓടക്കുഴലും വായിക്കും. 20 പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പാട്ടു പാടുക. സ്വാതന്ത്ര്യസമര സേനാനി വിദ്വാന്‍ പി.കേളുനായരുടെ പ്രശസ്തമായ ‘സ്മരിപ്പിന്‍ ഭാരതീയരേ…’ തുടങ്ങുന്ന ഗാനമുള്‍പ്പെടെ ആലപിക്കും. മതസൗഹാര്‍ദത്തിന്റെ ആഴത്തെ കാട്ടിത്തരുന്ന പാട്ടുകളും ആലാപനത്തില്‍ നിറയും.

സ്‌കൂളിലെ മലയാളം അധ്യാപിക എം.കെ.പ്രിയ എഴുതിയ പാട്ടുകളും ഗായകസംഘത്തിന്റെ ശേഖരത്തിലുണ്ട്. 21-ന് 2.30-ന് ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഗായകസംഘം ആദ്യമെത്തുക. ഇതിനു മുന്നോടിയായി രാവിലെ 11 മണിക്ക് വെള്ളിക്കോത്ത് സ്‌കൂളില്‍ സംഗീതയാത്രയുടെ ഉദ്ഘാടനം നടക്കും. ഒടയഞ്ചാലിലെ പാട്ടുകാരന്‍ രതീഷ് കുണ്ടടുക്കം ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ഈ സ്‌കൂളിലെ 1111 കുട്ടികള്‍ അണിനിരന്ന് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ദേശഗീതിക പരിപാടി നടത്തിയിരുന്നു. ഈവരുന്ന സ്വാതന്ത്ര്യദിനത്തില്‍ 50 കുട്ടികളുടെ സപ്തതാള അവതരണം നടത്തും.

Leave a Reply

Your email address will not be published.