ബിരിക്കുളം സ്‌കൂളിലെ കുട്ടികള്‍ പറയും എന്റെ വീട്ടിലും ഒരു ലൈബ്രറിയുണ്ട്

ബിരിക്കുളം സ്‌കൂളിലെ കുട്ടികള്‍ പറയും എന്റെ വീട്ടിലും ഒരു ലൈബ്രറിയുണ്ട്

ബിരിക്കുളം: എ.യു.പി. സ്‌കൂളിലെ വായന ദിനാചരണത്തിന് ഇത്തവണ പുതുമകളേറെയാണ്. ഇ-വായനയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികളെ പഴയകാല വായനാ ശൈലിയിലേക്ക് തിരികെ നടത്താന്‍ ശ്രമിക്കുകയാണ് ബിരിക്കുളം സ്‌കൂളിലെ അധ്യാപകര്‍. സ്‌കൂളിലും നാട്ടിലും മാത്രമല്ല, എന്റെ വീട്ടിലും ഒരു ലൈബ്രറി; എന്ന സ്വപ്നം കുട്ടികളിലേക്ക് പകര്‍ന്നുകൊടുത്തപ്പോള്‍ 45-കുട്ടികളുടെ സ്വന്തം വീട്ടില്‍ വായനമുറിയുണ്ടായി.

സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി ആല്‍വിന്‍ ജോസഫും അനുജത്തി രണ്ടാംക്ലാസ് വിദ്യാര്‍ഥി അനീറ്റ റോസും വീട്ടിലൊരുക്കിയ പുസ്തക ശേഖരം സാക്ഷിയാക്കിയാണ് ബിരിക്കുളം എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും വായനദിന പ്രതിജ്ഞയെടുത്തത്. ബിരിക്കുളം കരിയാര്‍പ്പിലെ സാബുവിന്റെയും ആന്‍സിയുടെയും മക്കളായ ഇവര്‍ വീട്ടില്‍ പ്രത്യേക മുറിയില്‍ വായനമുറി എന്ന ബാനര്‍ സ്ഥാപിച്ച് 500-ലധികം പുസ്തകങ്ങളൊരുക്കിയിട്ടുണ്ട്.

സമീപത്തുള്ള വീടുകളിലെ കുട്ടികളും ഇവിടെയുള്ള പുസ്തകങ്ങള്‍ വായനക്ക് ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷവും പദ്ധതി തുടരാനാണ് സ്‌കൂള്‍ അധികൃതരുടെ തിരുമാനം. സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളും അതിനായി ഒരുങ്ങി. പുസ്തകപ്രദര്‍ശനം, വായന മത്സരം, സാഹിത്യ സൗഹൃദക്കൂട്ടായ്മ, എഴുത്തുകൂട്ടം, രചന ശില്പശാല, നല്ല മലയാളം, സാഹിത്യ ക്വിസ്, പുസ്തകാസ്വാദനം എന്നീ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടക്കും.

പ്രഥമാധ്യാപകന്‍ എ.ആര്‍.വിജയകുമാര്‍, പി.അനിത, വി.അനിതകുമാരി, ജിജോ പി.ജോസഫ്, വി.കെ.റീന, പി.ശ്രീവിദ്യ, വി.എന്‍.സൂര്യകല, എം.വി.ബിന്ദു, ഇ.വി.ശൈലജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.