നാടോടി സ്ത്രീയെ ശല്യംചെയ്യുന്നത് തടഞ്ഞ പോലീസുകാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

നാടോടി സ്ത്രീയെ ശല്യംചെയ്യുന്നത് തടഞ്ഞ പോലീസുകാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അന്യസംസ്ഥാന സ്ത്രീയെ ശല്യം ചെയ്യുന്നത് തടയാന്‍ ചെന്ന പോലീസുകാരനെ തലയില്‍ വടികൊണ്ടടിച്ചു പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 8.45ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയുടെ അക്രമത്തില്‍ കാസര്‍കോട് എആര്‍ ക്യാമ്പിലെ പോലീസുകാരനും മടിക്കൈ ചാളക്കടവ് പോത്തങ്കയിലെ റിട്ട. എസ്‌ഐ ബാലന്റെ മകനുമായ വിനീഷി(27)നെയാണ് അന്യസംസ്ഥാന തൊഴിലാളി മരവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒറീസ കന്തമാള്‍ ഉദയഗിരിയിലെ സഫേദ്കുമാര്‍ പ്രതാപ(30)നെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന നാടോടി സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്ന സഫേദ്കുമാറിനെ തടയാന്‍ ചെന്ന യാത്രക്കാര്‍ക്കു നേരെ ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ഇതുകണ്ട് റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനീഷ്‌കുമാര്‍ സ്ഥലത്തെത്തുകയും സഫേദ്കുമാറിനെ കസ്റ്റഡിയിലെടുത്ത് എയ്ഡ്‌പോസ്റ്റില്‍ കൊണ്ടുപോയപ്പോഴാണ് മരവടി കൊണ്ട് വിനീഷിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ തലക്ക് രണ്ട് തുന്നലിട്ടിട്ടുണ്ട്. ഔദ്യോഗികകൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, വധശ്രമം എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത സഫേദ്കുമാറിനെ ഉച്ചകഴിഞ്ഞ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published.