ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കും

ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കും

ഒടുവില്‍ തീരുമാനമായി. ഇന്ത്യയില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കും. രാജ്യത്തു ഫോക്സ്വാഗണ്‍ ഗ്രൂപ്പ് തുടങ്ങിവെച്ച ‘ഇന്ത്യ 2.0 പ്രൊജക്ട്’ ചുമതല ഇനി സ്‌കോഡയ്ക്കാണ്. ഇക്കാര്യം ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുങ്ങുന്ന പുതിയ MQB A0-IN സബ് കോമ്പാക്ട് അടിത്തറയ്ക്ക് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ നേതൃത്വം നല്‍കും.

വരും ഭാവിയില്‍ MQB അടിത്തറയില്‍ നിന്നുമാകും ഇന്ത്യന്‍ നിര്‍മ്മിത ഫോക്സ്വാഗണ്‍ മോഡലുകള്‍ വില്‍പനയ്ക്കെത്തുക. 2020 -ല്‍ പുതിയ അടിത്തറയില്‍ നിന്നും ആദ്യ സ്‌കോഡ മോഡല്‍ വിപണിയില്‍ അവതരിക്കും. ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ മത്സരിക്കുന്ന പുതിയ എസ്യുവിയെയാണ് സ്‌കോഡ വിപണിയില്‍ കൊണ്ടുവരിക.

ചെക്ക് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച വിഷന്‍ എക്സ് എസ്യുവി കോണ്‍സെപ്റ്റ് മോഡലിന് പ്രചോദനമേകും. 2018 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് വിഷന്‍ എക്സ് കോണ്‍സെപ്റ്റിനെ സ്‌കോഡ കാഴ്ചവെച്ചത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ മോഡലില്‍ ചെക്ക് നിര്‍മ്മാതാക്കള്‍ സ്വീകരിക്കും. അകത്തളം വിശാലമായിരിക്കും, മോഡലില്‍ കൂടുതല്‍ റിയര്‍ സ്‌പേസും പ്രതീക്ഷിക്കാം. നീളമേറിയ വീല്‍ബേസാകും വിഷന്‍ എക്‌സ് കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെന്ന് നിര്‍മ്മാതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.

സ്‌കോഡയ്ക്ക് പുറമെ ഫോക്സ്വാഗണും വിഷന്‍ എക്സ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി പുതിയ എസ്യുവിയെ അവതരിപ്പിക്കുമെന്നാണ് വിവരം. ടി-റോക്കായിരിക്കും പുതിയ അടിത്തറയില്‍ ഇങ്ങോട്ടെത്തുക. ഇരു കമ്പനികളുടെയും എസ്യുവികള്‍ ഒരേ ബോഡി പാനലുകളും ഘടകങ്ങളും പങ്കിടും. ഇനി മുതല്‍ സ്‌കോഡയ്ക്കാണ് ഫോക്സ്വാഗണിന്റെ ചകാന്‍ നിര്‍മ്മാണശാലയുടെ ചുമതല. ഇവിടെ വെച്ചു പുതിയ ഉത്പാദന നിരയ്ക്ക് സ്‌കോഡ രൂപംനല്‍കും.

നിലവിലുള്ള ഉത്പാദന നിരയ്ക്ക് സമാന്തരമായി പുതിയ MQB A0-IN എസ്യുവി പ്ലാറ്റ്ഫോമും സജീവമാവും. നിലവില്‍ സ്‌കോഡ റാപിഡ്, ഫോക്സ്വാഗണ്‍ അമിയോ, പോളോ, വെന്റോ മോഡലുകള്‍ ചകാന്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് പുറത്തുവരുന്നത്. ജനീവ മോട്ടോര്‍ ഷോ കണ്ട പുതുതലമുറ ഫാബിയയെും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കം സ്‌കോഡ നടത്തുന്നുണ്ട്. ഇന്ത്യന്‍ വരവില്‍ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ ഫാബിയയില്‍ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published.