കഞ്ചിക്കോടിനായി വി.എസ്.എത്തി, ഉപേക്ഷിക്കില്ലെന്ന് ഉറപ്പ് നല്‍കി റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തി. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസ് ശനിയാഴ്ച വൈകിട്ടോടെയാണ് റെയില്‍ ഭവനിലെത്തി മന്ത്രിയെ കണ്ടത്. വി.എസിന്റെ സന്ദര്‍ശനത്തില്‍ അത്ഭുതവും സന്തോഷവും പങ്കുവച്ച ഗോയല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന ഉറപ്പും വി.എസിന് നല്‍കി.

താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഗോയലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് വി.എസ് നേരിട്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് പദ്ധതി വൈകാന്‍ കാരണമായതെന്ന് ഗോയല്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കില്ല. കോച്ച് ഫാക്ടറിക്ക് വേണ്ടി കേന്ദ്രം മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ വി.എസിന് വ്യക്തിപരമായിത്തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളിന്മേല്‍ കനത്ത വിമര്‍ശനമാണ് ഗോയല്‍ നടത്തിയത്. ‘കേരളത്തില്‍ റെയില്‍വേ വികസനത്തിനു തടസം സ്ഥലം ഏറ്റെടുത്ത് നല്‍കാതിരിക്കുന്നതാണ്. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല’- ഗോയല്‍ പറഞ്ഞു. കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.