ലഹരിയില്ലെങ്കില്‍ പിന്നെ ഈ പോലീസും ജയിലുമൊക്കെ ഏന്തിന് കൊള്ളും?

ലഹരിയില്ലെങ്കില്‍ പിന്നെ ഈ പോലീസും ജയിലുമൊക്കെ ഏന്തിന് കൊള്ളും?

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

ജൂണ്‍ 26നായിരുന്നു ലോക ലഹരി വിരുദ്ധ ദിനം. രാജ്യം അതിന്റെ പ്രചരണത്തിലേര്‍പ്പെടുന്നതിനിടയില്‍ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് പാലക്കുന്നിലെ ഫയാസ് എന്ന ചെറുപ്പക്കാരന് വെടിയേറ്റത്. ഉദുമ-പാലക്കുന്നിലായിരുന്നു സംഭവം. ലഹരിയാണ് ഇതിനു പിന്നില്‍. ചൊവ്വാഴ്ച്ച സംസ്ഥാനം ഡ്രൈ ഡേ ആചരിക്കുമ്പോള്‍ പത്രങ്ങള്‍ ചര്‍ച്ച ചെയ്തത് പാലക്കുന്ന് സിറ്റി സെന്ററില്‍ നടന്ന ഈ വെടിവെപ്പിനേക്കുറിച്ചായിരുന്നു.

19ലല്ല, യു.പി.മുതല്‍ പിടികൂടിയിരിക്കുകയാണ് ലഹരി. ഇത് സമൂഹത്തെ ആകമാനം കാര്‍ന്നു തീര്‍ക്കുന്നു. ഇതിനെതിരാണ് ജുണ്‍ 19ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ഐക്യരാഷ്ട്ര സമിതിയാണ് ഇതിനെ നയിക്കുന്നത്. മദ്യത്തിനു പുറമെ ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവയ കഴിച്ച് മരിച്ചു വീണവര്‍ക്കും, ജീവിക്കുന്ന രക്തസാക്ഷികള്‍ക്കും സമര്‍പ്പിക്കുകയാണ് ഈ ദിനം. നിശബ്ദ കൊലയാളിക്കെതിരെ പടയൊരുക്കാനുള്ള ദിനം.

ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നതും തെറ്റും ശിക്ഷാര്‍ഹവുമാണ്. പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാവുന്ന കുറ്റം അതിനകത്തുണ്ട്. വിതരണക്കാരനും, ഉപഭോക്താവിനും ഇതറിയാം. കാര്യമാക്കുന്നില്ല. ഇത് കഴിക്കുന്നവനും കൊടുക്കുന്നവനും ഒരു ജീവിതമില്ലെന്ന് തിരിച്ചറിയുന്നില്ല. ഇത് മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന കാര്യം അറിഞ്ഞാലും അറിയുന്നില്ല. അത്രക്കു സ്വാധീനമുണ്ട് അതിന്റെ കരങ്ങള്‍ക്ക്. ഒരിക്കല്‍ തൊട്ടാല്‍ പിന്നെ ഒരിക്കലും പിടിവിടാത്ത നീരാളി. ലഹരി അവരെ അടിമയായാക്കി മാറ്റിയിരിക്കും. ഉപയോഗിക്കുന്നവന്‍ നിത്യ ദുഖിതനായി മാറന്നു. ദുഖം മറക്കാന്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. മരണം വരെ. വൈദ്യശാസ്ത്രം പോലും മുട്ടുമടക്കിയ ദൗര്‍ബല്യം. ദൈവപുത്രന്മാരേ, നിങ്ങള്‍ക്കു സ്വതന്ത്രരാകാം. നിങ്ങള്‍ക്കു തോന്നുന്ന നിമിഷം മുതല്‍. ഈ കൊച്ചു ഗോളത്തിന് ഇത്രമാത്രം ദുരന്തം വിധിച്ചത് ഭുകമ്പവും, കാറ്റും സുനാമിയുമൊന്നുമല്ല, ലഹരിയാണ്.

ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ജന്മം നാം പുകച്ചു തീര്‍ക്കുകയാണ്. ആദിമകാലത്ത് കഞ്ചാവ് അടക്കം ഔഷധങ്ങളായിരുന്നു. പിന്നീട് അത് വേദനസംഹാരിയും വൈകാതെ ലഹരി പദാര്‍ത്ഥങ്ങളുമായി മാറി. മതങ്ങള്‍ വരെ ഇതിനെ പൊക്കി നടക്കുന്നു. ലഹരിയുടെ കാര്യം വരുമ്പോള്‍ മിക്ക മതങ്ങളും ഒറ്റക്കെട്ടാണ്. വീഞ്ഞും, കഞ്ചാവും, തെങ്ങിന്‍ കള്ളും, വാറ്റും ന്യായികരിക്കപ്പെടുന്നു. അവയെ തലയില്‍ കൊണ്ടു നടക്കുന്നു. പ്രകൃതി തന്ന ഇല, തണ്ട്, പൂവ്, കായ്, കറ, ആവി, പഴസത്ത് ഇവയെല്ലാം ലഹരി വസ്തുക്കളായി പരിണമിച്ചതിനു പിന്നിലെ മുഖ്യ പ്രതി മതമാണ്.

പുരാണം പരിശോധിച്ചാല്‍ ഇത് കാണാം. ഭക്തരെ നിര്‍മ്മിക്കാന്‍ വരെ മദ്യത്തെ കൂട്ടു പിടിക്കുന്നു. മതം പോലെത്തന്നെ ആദ്യം ആകര്‍ഷിക്കുകയും പിന്നീട് അടിമയാക്കുകയും ചെയ്യുന്ന മാദകത്വമാണ് ലഹരി. സ്വന്തം ഭാര്യയേക്കാള്‍ ഇവളെ കാമിക്കുന്നുണ്ട് ഞെരമ്പു രോഗികള്‍. കാമം നാശത്തിലേക്കുള്ള കുഴി തോണ്ടലാണെന്ന് അറിഞ്ഞിട്ടും വിട്ടു പോരാന്‍ കഴിയുന്നില്ല. തന്റെ കരളായ ലഹരി ആദ്യം പിടികൂടുന്നത് കരളിനേയാണ്. പിന്നെ കിഡ്നി, പാന്‍ക്രിയാസ്, ഒന്നൊന്നായി തുടച്ചു നീക്കും. ഇതൊന്നുമില്ലെങ്കിലും കുഴപ്പിമില്ല, എന്നു കരുതുന്നവരുണ്ട്. തല്‍ക്കാലത്തേക്ക് അവരെ വെറുതെ വിടാം. കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തിയേ തീരു. നാളത്തെ വാഗ്ദ്ധാനമാണവര്‍. തെറ്റു തിരിച്ചറിയുകയും ശരിയെ പുണരുകയും ചെയ്യേണ്ടവരാണ് അവര്‍. ലോകത്തെ മാറ്റിമറിക്കേണ്ടഒക്ത അവരാണ്. അവര്‍ക്കെങ്കിലും ഉപകരിക്കട്ടെ ജുണ്‍ 26. ഇതു വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ മനസില്ലാ മനസ്സോടെ ആ ദിവസം മദ്യഷോപ്പുകള്‍ അടച്ചിട്ടു. ഡ്രൈഡേ ആചരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അതു വഴി ചെയ്തിരിക്കുന്നതെന്ന് അവര്‍ അഭിമാനംം കൊള്ളുന്നു. മദ്യ വര്‍ജ്ജന സമിതി ഒരു മണിക്കൂര്‍ സത്യാഗ്രഹമിരുന്ന് അവരും തിരിച്ചു പോയി. ഷാപ്പ് വീണ്ടും തുറന്നു. പിന്നീട് എല്ലാം പതിവു പോലെ.

Leave a Reply

Your email address will not be published.