വൈറസ് രോഗ നിര്‍വ്യാപന ഗവേഷണത്തിനു കേന്ദ്രസഹായം ലഭിക്കും: മന്ത്രി കെ. കെ. ശൈലജ

വൈറസ് രോഗ നിര്‍വ്യാപന ഗവേഷണത്തിനു കേന്ദ്രസഹായം ലഭിക്കും: മന്ത്രി കെ. കെ. ശൈലജ

ന്യൂഡല്‍ഹി: കേരളത്തില്‍ സമീപകാലത്തുണ്ടായ നിപ വൈറസ് ബാധ മൂലമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നു ഗവേഷണ സംവിധാനത്തിനു കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ഇതു സംബന്ധിച്ചു കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നഡ്ഡയ്ക്ക് നിവേദനം നല്‍കിയ ശേഷം നിര്‍മാണ്‍ ഭവനില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിപ വൈറസ് ബാധ തടയുന്നതിനു കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി അറിയിച്ചതായി മന്ത്രി പറഞ്ഞു. മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനത്തിനു കേരളത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായിട്ടാണ് മന്ത്രി ഇന്നലെ ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപെടല്‍ മൂലം വളരെ പെട്ടന്ന് രോഗ വ്യാപനം തടയാനായി. ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ വ്യാപിക്കുന്നതു തടയുന്നതിനായി സംസ്ഥാനം പ്രത്യേക ആശയം തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി വളരെ അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ഐസിഎംആറും ലോകാരോഗ്യസംഘനാ പ്രതിനിധികളെയുമൊക്കെ പങ്കെടുപ്പിച്ച് താമസിയാതെ ഒരു യോഗം വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ശാസ്ത്രജ്ഞരെയും പങ്കെടുപ്പിക്കും. കേരളത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യവും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ശൈലജ ടീച്ചര്‍ പറഞ്ഞു. ഘട്ടംഘട്ടമായിട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ തീരുമാനമായിട്ടില്ലായിരുന്നു. അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് ഇപ്പോള്‍ മന്ത്രി സമ്മതിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഈ സര്‍ക്കാര്‍ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി നേരത്തെ കണ്ടെത്തിയിരുന്നത്. കോഴിക്കോടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 200 ഏക്കര്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച മന്ത്രി പിന്നീട് ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുദനെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published.