ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും (കെ.എസ്.യു.എം) അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയും (എസ്.യു) സ്റ്റാര്‍ട്ടപ്പുകളിലൂടെ സാമുഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്റ്റ് ചലഞ്ചിന് തിങ്കളാഴ്ച ടെക്‌നോപാര്‍ക്കില്‍ തുടക്കമായി.

വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി എന്നീ മേഖലകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങള്‍ ഇന്ത്യ ഗ്ലോബല്‍ ഇംബാക്റ്റ് ചലഞ്ചില്‍ അവതരിപ്പിക്കുന്നുണ്ട്. ബൂട്ട് ക്യാമ്പോടെ തുടക്കമിട്ട ജിഐസിയില്‍ ജൂലൈ ആറിനാണ് ആശയാവതരണം നടക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും അവരുമായുള്ള സമ്പര്‍ക്കപരിപാടികളും ശില്‍പശാലകളും ഇതിന്റെ ഭാഗമായി നടക്കും.

സ്റ്റാര്‍ട്ടപ്പുകളുടെയും വിദ്യാര്‍ഥി സംരഭങ്ങളുടെയും ആത്മവിശ്വാസം അടുത്തകാലത്തായി ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സ്തുത്യര്‍ഹമാണെന്നും അവര്‍ കൂടുതല്‍ പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ ഉടനടി കൊണ്ടു വരാന്‍ തുടങ്ങിയെന്നും സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തുകാണ്ട് പറഞ്ഞു. നിപ്പാ വൈറസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ തക്കസമയത്തുതന്നെ അതിനെ മറികടക്കാന്‍ ഒരു സ്റ്റാര്‍ട്ടപ് മുന്നിട്ടിറങ്ങിയത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എസ്.യു.എം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫയ ഇന്നവേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ദീപുനാഥ് ഗ്ലോബല്‍ ഇംപാക്റ്റ് ചലഞ്ചിനെയും സിന്‍ഗുലാരിറ്റി യൂണിവേഴ്‌സിറ്റിയെയും കുറിച്ചുള്ള ആമുഖ പ്രസംഗം നടത്തി. പരിസ്ഥിതി വിദഗ്ദ്ധന്‍ നാഗരാഗ പ്രകാശം ചടങ്ങില്‍ സന്നിഹിതനായിരുന്നു.

വിദ്യാഭ്യാസത്തില്‍ സാങ്കേതികതയുടെ പ്രഭാവം എന്നാ വിഷയത്തില്‍ സാങ്കേതിക വിദഗ്ദ്ധനും സ്റ്റാര്‍ട്ടപ്പ് അഡൈ്വസറുമായ ദിബ്യ പ്രകാശ് മുഖ്യാവതരണം നടത്തി. ആരോഗ്യമേഖലയില്‍ നിന്ന് 11, പരിസ്ഥിതിയില്‍ എട്ട്, വിദ്യാഭ്യാസമേഖലയില്‍ ആറ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 25 വിജയികളെ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരാണ് ചാലഞ്ചില്‍ മൂന്നിലെത്താന്‍ മത്സരിക്കുക. അവസാന ദിനത്തില്‍ ഏറ്റവും നല്ല ആശയത്തെ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെ ഒന്‍പത് ആഴ്ച നീളുന്ന ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കുകയും ചെയ്യും.

സാങ്കേതികവിദ്യ ഉപയോഗിച്ച് ആഗോള വെല്ലുവിളികളെ നേരിടാനുള്ള കൂട്ടായ്മയാണ് സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി. പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിത രീതിയില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ നല്ല മാറ്റം കൊണ്ടുവരിക എന്നതാണ് ജിഐസിയുടെ ലക്ഷ്യം. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രൊഫഷനണലുകള്‍ക്കും മറ്റു സ്റ്റാര്‍ട്ടപ്പുകള്‍ക്കും http://bit.ly/2018gicindia എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published.