ആ രക്തനക്ഷത്രത്തിന് നൂറുവയസ്

ആ രക്തനക്ഷത്രത്തിന് നൂറുവയസ്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ചേര്‍ത്തലയിലെ പട്ടണക്കാട്ട് ഉദിച്ചുയര്‍ന്ന ഒരു പെണ്‍ നക്ഷത്രം. അത് കൊച്ചു നാളില്‍ തന്നെ ചുവന്നു തുടങ്ങി. ബിരുദവും, പിന്നീട് വക്കീല്‍ ഭാഗവും പഠിക്കാന്‍ പോയെങ്കിലും വക്കീല്‍പ്പണിക്കു പോയില്ല. എടുത്തു ചാടിയത് വിപ്ലവത്തിലേക്ക്. അങ്ങനെ കളത്തിപ്പറമ്പ രാമന്‍ ഗൗരി എന്ന വിദ്യാര്‍ത്ഥിനി കേരളം കണ്ട ധീര വനിതയായി. നാസ്തികയായ വിപ്ലവകാരിയായി. തൊഴിലാളി വര്‍ഗത്തിന്റെ പ്രത്യാശയായി കെ.ആര്‍.ഗൗരിയമ്മയായി മാറി.

ആ രക്തനക്ഷത്രത്തിന് നുറ് തികഞ്ഞിരിക്കുന്നു. ഒരു നൂറ്റാണണ്ടിന്റെ ഇതിഹാസം. 1200 പൂര്‍ണചന്ദ്രനെ കണാന്‍ ഭാഗ്യം കിട്ടിയ കമ്മ്യൂണിസ്റ്റുകാരി. പേരില്‍ മാത്രമയാരുന്നില്ല കമ്മ്യൂണിസ,ം ഭര്‍ത്താവ് ടി.വി. തോമസിനെ പ്രണയിച്ചതിനപ്പുറവും, ഇപ്പുറവും അവര്‍ മതേതര വിശ്വാസിയും അതിനേക്കാളുപരി യുക്തി ചിന്ത ജീവിതത്തില്‍ പകര്‍ത്തിയവരുമായിരുന്നു. താന്‍ കൂടി ചേര്‍ന്ന് നിര്‍മ്മിച്ച സ്വന്തം പാര്‍ട്ടിയില്‍ നിന്നും 1994ല്‍ അവര്‍ പുറത്താക്കപ്പെട്ടു. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ , മറുപക്ഷം ചേര്‍ന്ന ഭര്‍ത്താവ് ടി.വി. തോമസിനെ സ്വന്തം ജീവിതത്തില്‍ നിന്നും പുറത്താക്കി. അതിനുള്ള പ്രതിഫലം പാര്‍ട്ടി അവരെ പുറത്താക്കി. ഗൗരിയമ്മ പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ഇടതു നേതാക്കള്‍ സ്വന്തം പാളയത്തിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ് ആ വയോധികയെ. തന്റെ 99ാം വയസില്‍.

കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന് കേരളത്തിന്റെ മക്കള്‍ ഒരു വേള പാടി നടന്നിരുന്നു. തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ്വാധിപത്യം നാട്ടില്‍ പുലരും, ഗൗരിയമ്മ വന്നാല്‍ എന്ന് അണികള്‍ പ്രതീക്ഷിച്ചു. ഇ.എം.എസ്…എ.കെ.ജി…ഗൗരിയമ്മ സിന്ദാബാദ് എന്ന് ഉറക്കെ ഏറ്റു വിളിച്ചു. തൊഴിലാളി വര്‍ഗത്തിന്റെ മനസില്‍ ഇന്നും പ്രതിദ്ധ്വനിക്കുന്ന പേരുകകളായി അവ അവശേഷിക്കുന്നു.

ഗൗരിയമ്മ മുഖ്യമന്ത്രിയാകും. കട്ടായം. ജനം വിശ്വസിച്ചു. ഗൗരിയമ്മയെ ജനം പലവൂരു ജയിപ്പിച്ചു. മുഖ്യമന്ത്രിയാക്കാമെന്ന് പ്രചരിപ്പിച്ച് വോട്ടു നല്‍കി ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചു. പക്ഷെ ഗൗരിയമ്മ തഴയപ്പെട്ടു. അവര്‍ താഴ്ന്ന കുലത്തില്‍ ജനിച്ചവളായതു കൊണ്ടാണെന്നു വരെ പാര്‍ട്ടിക്കു പഴി കേള്‍ക്കേണ്ടി വന്നു. ഗൗരിക്കു പകരം ഇ.കെ. നയനാരാകട്ടെ മുഖ്യമന്ത്രിയെന്ന് ഇ.എം.എസ് വിധി കല്‍പ്പിച്ചതിനാല്‍ പാര്‍ട്ടി ആചാര്യനും കേട്ടു നിരവധി പഴി.

അന്ന് കേരളം തിളച്ചു മറിഞ്ഞ കാലം. ഇ.എം.എസ് ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയില്‍ എഴുതി.

സംസ്ഥാനത്ത് മന്ത്രിയായും, തുടര്‍ച്ചയായി എം.എല്‍.എയായും ഗൗരിയമ്മ തെരെഞ്ഞെടുത്തു വന്നിട്ടുണ്ട്. അല്ലാതേയും കരുത്തുറ്റതും അറിയപ്പെടുന്നതുമായ നേതാവാണ് അവര്‍. എങ്കില്‍ പോലും പാര്‍ട്ടിയില്‍ സമുന്നതമായ സ്ഥാനമുണ്ടായിരുന്നില്ല. അതിന്റെ കുറവ് അവരില്‍ പ്രകടമായിരുന്നു. കേരളത്തില്‍ നിന്നും ഒരു ഡസനോളം മെമ്പര്‍മാരുള്ള സെന്റട്രല്‍ കമ്മറ്റിയിലേക്ക് വരെ അവര്‍ക്ക് ചെന്നെത്താനായില്ല. സെക്രട്ടറിയേറ്റില്‍ എത്തിയതു പോലും 88ല്‍ മാത്രമാണ്. ആശയപരവും രാഷ്ട്രീയ, നയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ അവര്‍ വളരെ പുറകോട്ടായിരുന്നു. അത്തരമൊരാളെ നിയമസഭാ പ്രവര്‍ത്തനത്തിന്റേയും, മന്ത്രിസ്ഥാനത്തിന്റെയും മാത്രം മികവിന്റെ പേരില്‍ സമുന്നത നേതാവായി കണക്കാക്കുന്ന രീതി ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് നിരക്കുന്ന രീതിയാണ്.

ഈ ദൗര്‍ബല്യം ഒക്കെ ഉണ്ടായിരുന്നുവെങ്കിലും എം.എല്‍.എ എന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും അവര്‍ ചെയ്ത സേവനം പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷെ അടുത്ത കാലത്ത് അതിലും അധികരിച്ച ദൗര്‍ബല്യം അവരില്‍ പ്രകടമായിത്തുടങ്ങി. തനിക്ക് സാധാരണ മന്ത്രിയായാല്‍ മാത്രം പോരാ, മുഖ്യമന്ത്രി തന്നെയാവണം എന്ന അവരുടെ ആഗ്രഹവും അതു നടക്കാതെ വന്നപ്പോള്‍ മുളപൊട്ടിയ വൈരാഗ്യവും അവരെ പാര്‍ട്ടിക്കെതിരായി തിരിച്ചു. പോരെങ്കില്‍ തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച അഴിമതിയുടെ കഥ കൂടി പുറത്തുവന്നതോടെ മന്ത്രിയെന്ന നിലയ്ക്ക് അവരുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെടേണ്ടതായി വന്നു. ഇതോടെ അവര്‍ മുഖ്യമന്ത്രി കരുണാകരനും സഹകരണമന്ത്രി രാഘവനുമായി അടുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആലപ്പുഴ സ്വാശ്രയ സമിതിയുടെ അധ്യക്ഷയായി അവരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതായിരുന്നു ചിന്തയില്‍ പ്രസിദ്ധീകരിച്ചു വന്ന വിശദീകരണം.

ഇതിനെതിരെ ഗൗരിയമ്മ പ്രതികരിച്ചു. ഇ.എം.എസ് കൊള്ളാത്തവനും, കീഴ്ജാതിക്കാരോട് അവജ്ഞ കാണിക്കുന്ന നമ്പൂതിരിയുമാണെന്നു വരെ പറഞ്ഞു. പിന്നീട് കുറേക്കാലം അവര്‍ക്ക് പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ഇട വന്നില്ല. കേന്ദ്രകമ്മറ്റി പോട്ടെ, സിപിഎമ്മിന്റെ പരമോന്നത വേദിയായ പൊളിറ്റ് ബ്യൂറോയിലേക്കു വരെ എത്താന്‍ യോഗ്യതയുണ്ടായിരുന്ന അവര്‍ പുറത്താക്കപ്പെട്ടു. ബൃന്ദാ കാരാട്ടിനേക്കാള്‍ ഏത്രയോ പാരമ്പര്യമുണ്ടായിട്ടു കുടി ഒരിക്കലെങ്കിലും അവര്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. പോലീസിന്റെ കഠിനമായ പീഡനവും പ്രതിയോഗികളുടെ അവഹേളനവും പ്രഹരങ്ങളും സഹിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത അനുഭവമൊന്നും ബൃന്ദാ കാരാട്ടിനുണ്ടായിരുന്നില്ലെന്ന് നമുക്കറിവുള്ളതാണല്ലോ. ഇന്നു വാര്‍ദ്ധ്യക്യത്തില്‍ വരെ പാര്‍ട്ടിക്കു ഗൗരിയമ്മ വെറും ചാവേറു മാത്രമാണ്. പാര്‍ട്ടിക്കുവേണ്ടി ആദ്യം ഭര്‍ത്താവ് ടി.വി തോമസുമായി അകന്നു. പാര്‍ട്ടി പ്രവര്‍ത്തനം മൂലം രണ്ടുതവണ തന്റെ ഗര്‍ഭംപോലും അലസിയെന്ന് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായി കെ.അജിത രേഖപ്പെടുത്തിട്ടുണ്ട്.

ഇന്ന് നൂറാം വയസില്‍ തിരിഞ്ഞു നോക്കുമ്പോള്‍ തീയ്യില്‍ ചുട്ടെടുത്ത അനുഭവങ്ങളാണ് ഗൗരിമയമ്മക്കു ചുറ്റും. തന്റെ ഗൗരി എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടി

 കരയാത്ത ഗൗരി
തളരാത്ത ഗൗരി
കലി കൊണ്ടു നിന്നാല്‍
അവള്‍ ഭദ്രകാളി

ഗൗരിയമ്മയെ പുറത്താക്കിയ കാലത്ത് പുറത്തു വന്ന കവിതയാണിത്. ഇന്ന് 24 വര്‍ഷം പിന്നിടുന്നു. ഗൗരിയമ്മയെ ആദരിക്കാതിരിക്കാന്‍, ഒരു ജീവിതം മുഴുവന്‍ പാര്‍ട്ടിക്കായ് പണയപ്പെടുത്തിയ ആ ധീരവനിതയെ മറന്നു വെക്കാന്‍ സി.പി.എമ്മിനേക്കൊണ്ട് സാധിച്ചില്ല. തന്റെ വിയര്‍പ്പു കൂടി ചേര്‍ത്ത് ചാലിച്ചെടുത്ത എ.കെ.ജി സെന്ററിലേക്ക് പാര്‍ട്ടി അവരുടെ കൈ പിടിച്ചു കൂട്ടിക്കൊണ്ടു വന്നു. പിണറായി അടക്കം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. അമ്പലപ്പുഴ പാല്‍പ്പായസമുണ്ടു.

മന്ത്രിയായിരിക്കുമ്പോള്‍ ഗൗരിയമ്മ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിലുപരിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മറ്റൊരു മന്ത്രിയുമുണ്ടായിട്ടില്ലെന്ന് പറയാനാകും.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രി. സി.പി.എമ്മിന് കേരളത്തില്‍ വേരുണ്ടാക്കിയ ഭൂപരിഷ്‌കരണ നിയമം ഗൗരിയമ്മയുടെ സംഭാവനയാണ്. കേരള കാര്‍ഷിക പരിഷ്‌ക്കരണനിയമം, സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം, അഴിമതി നിരോധനനിയമം, വനിതാ കമ്മീഷന്‍ ആക്ട് അങ്ങനെ എണ്ണിയെണ്ണി പറയാന്‍ ആ ആവനാഴിയില്‍ നിന്നും തൊടുത്തു വിട്ട അമ്പുകള്‍ ഒട്ടനവധിയാണ്. നാം കണികണ്ടുണരുന്ന ‘മില്‍മ പോലും ഗൗരിയമ്മയുടെ സമ്മാനമാണ്. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അഴിമതി നിരോധനനിയമം പാസാക്കാന്‍ ഒരു പകലും രാത്രിയും ഇടവേളയില്ലാതെ നിയമസഭ പ്രവര്‍ത്തിച്ചത് സഭാ ചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായ സംഭവമാണ്. ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് രാവിലെ 8.30 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ നാലേമുക്കാല്‍വരെ നിയമസഭയില്‍ പ്രവര്‍ത്തിച്ച ഗൗരിയമ്മയെ കേരളത്തിനെങ്ങനെ മറക്കാനാകും.

നിയമസഭയില്‍ അരനൂറ്റാണ്ട് പിന്നിട്ട ഗൗരിയമ്മ ആറുതവണ മന്ത്രിയായി. 16345 ദിവസം നിയമസഭയിലിരുന്ന ഗൗരിയമ്മയുടെ സഭാപ്രവര്‍ത്തന ചരിത്രം ഒന്നാന്തരം പാഠപുസ്തകമാണ്. നിയമ ബിരുദം നേടി വക്കീല്‍പ്പണിക്കു പോകാതെ വിപ്ലവത്തീച്ചുളയില്‍ കിടന്നു വിപ്ലവം വിജയിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച ഗൗരിയമ്മ ഈ നീറ്റാണ്ടിലെ അനുഭവങ്ങളുടെ കനല്‍ വാരിയെഴുതിയ തീപ്പൊള്ളുന്ന പാഠങ്ങള്‍ നിറഞ്ഞതാണ്

Leave a Reply

Your email address will not be published.