ഇന്നിന്റെ ജീവീതവും, ജീവനുകളും തുടിച്ചുകൊണ്ടിരിക്കുകയാണ്

ഇന്നിന്റെ ജീവീതവും, ജീവനുകളും തുടിച്ചുകൊണ്ടിരിക്കുകയാണ്

നമ്മള്‍ മലയാളികള്‍ക്ക് മീനില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ല. അത് ഏത് മീനയാലും തരക്കേടില്ല. മീന്‍ കറിയുടെ മണം മൂക്കിലൂടെ തുളച്ചു കയറിയാല്‍ മാത്രമേ ഒരു പിടി ചോര്‍ വയറിനുള്ളിലേക്ക് എത്തുകയുള്ളൂ. മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിച്ച് വരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിട്ടും മീന്‍ കഴിക്കുന്നതിന് ഒരു കുറവുമില്ല. ഏറ്റവും താഴെക്കിടയിലുണ്ടായിരുന്ന, ആര്‍ക്കും വേണ്ടാത്ത മത്തി ഇന്ന് ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് വിറ്റഴിക്കുന്നത്. കിലോയ്ക്ക് നൂറ്റി എഴുപത് മുതല്‍ ഇരുന്നൂറ്റി ഇരുപത് രൂപ വരെയുണ്ട് മാര്‍ക്കറ്റില്‍.

എന്ത് രാസവസ്തുക്കള്‍ ചേര്‍ത്താലും മലയാളികളായ നമ്മള്‍ക്ക് ഒരു പ്രശ്‌നവുമില്ല. വയര്‍ നിറച്ചും കഴിച്ചു ഒരു ഏമ്പക്കം വിടണം, പിന്നെയൊന്ന് ഉറങ്ങണം അത്ര തന്നെ. നമ്മള്‍ കഴിക്കുന്ന ഭക്ഷ്യ സാധനങ്ങളില്‍ വിഷമുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല.

തീര്‍ച്ചയായും നാം കഴിക്കുന്ന ഏതെങ്കിലും ഭക്ഷ്യസാധാനങ്ങള്‍ രാസവസ്തുക്കള്‍ ചേര്‍ക്കാത്തത് നമ്മുടെ അടുക്കളയില്‍ എത്തുന്നുണ്ടോ? അരി ആയാലും, പച്ചക്കറികള്‍ ആയാലും, മത്സ്യങ്ങള്‍ ആയാലും, മറ്റു ഭക്ഷ്യവസ്തുക്കളയാല്‍ പോലും.

ഇന്നത്തെ ഏതൊരു ഭക്ഷണവും മായങ്ങള്‍ കളര്‍ന്നതാണ്. എന്തിനധികം ചിന്തിക്കണം ഫ്രൂട്ട്‌സ് പോലും രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ചു നമ്മുടെ കൈകളില്‍ എത്തിക്കുന്നു. പുറം രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളിലും മായങ്ങള്‍ കലര്‍ത്തിയിട്ടുള്ളതാണ്. അത് നാം നോക്കുന്നില്ല, അതിനെ പറ്റി ചിന്തിക്കുന്നില്ല എന്നതാണ് സത്യം.

മത്സ്യങ്ങള്‍ നമുക്ക് ഒരു ഒഴിച്ചു കൂടാന്‍ പറ്റാത്ത വിഭവമാണ്. അതില്ലാതെ ഊണ് കഴിക്കാന്‍ പറ്റുകയില്ല. പൊരിച്ചതും, കറിവെച്ചതുമില്ലാതെ എന്ത് ഊണ് അല്ലെ? കാശ് കൊടുത്ത് രോഗങ്ങള്‍ വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നതെന്ന് നമ്മള്‍ ഓര്‍ക്കുന്നുണ്ടോ? ഇല്ല, ഓര്‍ത്തിട്ടും വല്ല കാര്യവുമില്ല. വിശ്വസിചിട്ടു മാര്‍ക്കറ്റില്‍ നിന്നും വല്ലതും വാങ്ങാന്‍ കഴിയുമോ, അതും കഴിയില്ല.

കോഴിയില്‍ പോലും ഹോര്‍മോണ്‍ കുത്തിവെച്ച് കയറ്റുമതി ചെയ്യുന്നു. അത് പോലെ ഇറക്കുമതിയും, അന്യസംസ്ഥാനത്തു നിന്ന് വരുന്ന എല്ലാ ഉപയോഗ വസ്തുക്കളിലും രാസവസ്തുക്കള്‍ ഉണ്ട്. എല്ലാ പാചകത്തിനും ഉപയോഗിക്കുന്ന എണ്ണയില്‍ പോലും മായം ഉള്ളതായി സ്ഥിതീകരിച്ചിരിക്കുന്നു. കുട്ടികള്‍ തിന്നുന്ന മിട്ടായികളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്.

ഇന്നിന്റെ ജീവീതവും, ജീവനുകളും തുടിച്ചുകൊണ്ടിരിക്കുകയാണ്. നാം ശ്വസിച്ച് കൊണ്ടിരിക്കുന്ന വായുവില്‍ പോലും വിഷാംശം കളര്‍ന്നിട്ടുണ്ട്. വലിയ ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന പുകകളും, വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പുകകളും അന്തരീക്ഷത്തില്‍ കൂടികലര്‍ന്നുള്ള വായുവാണ് നാം ശ്വസിക്കുന്നത്. ഇതിലൂടെയും രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ഭക്ഷണങ്ങളിലും, വായുവിലും വിഷാംശങ്ങള്‍ കലരുമ്പോള്‍, അത് നമ്മുടെ ശരീരത്തിനകത്ത് ചെല്ലുമ്പോള്‍ പലതരത്തിലുള്ള രോഗങ്ങള്‍ പിടിപെടുന്നു.

കാശ് കൊടുത്ത് നമ്മള്‍ രോഗങ്ങളെ വിലയ്ക്ക് വാങ്ങുന്നു. പിന്നെ ആ രോഗങ്ങള്‍ക്ക് ഒരു വന്‍ തുക ചെലവഴിക്കേണ്ടി വരുന്നു. അവസാനം നരകയാതന സഹിച്ചു മരണത്തിന് കീഴടങ്ങേണ്ടി വരുന്നു.

മുഹമ്മദലി. നെല്ലിക്കുന്ന്

Leave a Reply

Your email address will not be published.