റോഡില്‍ പൊലീയും ജീവനുകള്‍…

റോഡില്‍ പൊലീയും ജീവനുകള്‍…

നമ്മുടെ നാട് മരണവാര്‍ത്തകള്‍ കേട്ട് കേട്ട് മരവിച്ചു പോയിരിക്കുന്നു; നടു റോഡില്‍ പൊലിഞ്ഞു പോകുന്നത് യുവത്വങ്ങളാണ്. പതിനെട്ടിനും, ഇരുപത്തിയഞ്ചിനും ഇടയിലുള്ള പ്രായക്കാരാണ് അപകടങ്ങളില്‍ പെട്ട് മരിച്ചു പോകുന്നത്. വാഹനങ്ങള്‍ കൂടി വരികയും, അതോടൊപ്പം തന്നെ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഓട്ടവും ആണ് അപകടത്തിലേക്ക് നയിക്കുന്നത്.

ഞാനോ,നീയോ എന്ന വീറും,വാശിയും കൂടി കലര്‍ത്തി കൊണ്ടുള്ള ഓട്ടത്തില്‍ മുന്നിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കാണാതെ പോവുകയും അവിടെ അപകടം സംഭവിക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം.മരണത്തിനെ മാടി വിളിച്ചുകൊണ്ടുള്ള യാത്രയില്‍ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിലെ അത്താണിയെ ആയിരിക്കാം അല്ലെങ്കില്‍ കുടുംബ നാഥനായിരിക്കാം.

പാതകളിലൂടെ നടന്നു പോകാനോ,വാഹനത്തില്‍ കയറിയിരിക്കാനോ ഇന്നത്തെ ഈ അവസ്ഥയില്‍ പേടി തന്നെയാണ്.എങ്ങനെയാണ്,ഏത് വഴിയാണ് മരണം വന്നു ചേരുകയെന്നു ഒരു നിശ്ചയം ഇല്ലാത്ത അവസ്ഥ.വാഹനങ്ങളുടെ മരണ പാച്ചിലില്‍ പൊലിഞ്ഞു പോകുന്നത് വിലമതിക്കാനാവാത്ത ജീവനുകളാണ്.

ഇരു ചക്ര വാഹനം മുതല്‍ നാല്‍ ചക്ര വാഹനങ്ങള്‍ വരെ മരണത്തിന് ഹേതുവാകുന്നുവിന്ന്.വീട്ടില്‍ നിന്നും ചന്തയിലേക്ക് സാധനങ്ങള്‍ വാങ്ങാനോ,അതുമല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ മരണം കാത്തു നില്‍ക്കുന്നുണ്ടാവും.ആ മരണത്തെ സ്വയം ഏറ്റെടുക്കുകയാണ്.

രക്തത്തില്‍ മുങ്ങിക്കുളിച്ച നിശ്ചല ശരീരം സ്വന്തം വീട്ടിലേക്ക് പൊക്കിയെടുത്ത് കൊണ്ടു പോകുമ്പോള്‍ മാതാപിതാക്കള്‍,ഭാര്യ,മക്കള്‍ അന്താളിച്ചു നിന്ന് കാണും.വേണ്ടപ്പെട്ടവനാണെന്നു അറിഞ്ഞാല്‍ ആ വീട്ടില്‍ ഒരു പൊട്ടികരച്ചില്‍ ഉയര്‍ന്നു വരും.എന്തോ വാങ്ങാന്‍ ചന്തയില്‍ പോയ പ്രിയ ഭര്‍ത്താവ് അല്ലെങ്കില്‍ മകന്റെ മൃതശരീരം വീട്ടില്‍ എത്തുമ്പോള്‍ ആര്‍ക്കാണ് അത് സഹിക്കാന്‍ പറ്റുക? ഈ സമയത്ത് അപകടങ്ങള്‍ കൂടുതലാണ്.തിമര്‍ത്ത് പെയ്യുന്ന മഴയു

കൂടിയായപ്പോള്‍ മരണത്തിനൊരു കാരണവുമായേക്കാം.ഇന്നത്തെ ചെറുപ്പക്കാരുടെ വാഹനങ്ങള്‍ ഓടിക്കുന്ന രീതി അതൊരു ഒന്നൊന്നര സ്‌റ്റൈലാണ്.

അസുഖം പിടിപെട്ട് മരിക്കുന്നതിനെക്കാളും,മനസിന് നൊമ്പരങ്ങള്‍ സമ്മാനിക്കുന്നത് അപകട മരണങ്ങള്‍ സംഭവിക്കുമ്പോളാണ്.ആ ദുഃഖങ്ങള്‍ ഹൃദയങ്ങളുടെ അടിത്തട്ടില്‍ എന്നും നിലനില്‍ക്കും.മറക്കാന്‍ ശ്രമിച്ചാലും അത് എന്നും മനസ്സില്‍ തങ്ങി നില്‍ക്കും.അഞ്ചു പേരുടെ മരണവര്‍ത്തയാണ് ഉറക്കമുണര്‍ന്നപ്പോള്‍ കേള്‍ക്കാന്‍ പറ്റിയത്.ഉപ്പള നയാബസാരില്‍ നടന്ന വാഹനാപകടത്തില്‍ പൊലിഞ്ഞു പോയത് വിലമതിക്കാനാവാത്ത ജീവനുകളാണ്.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഉറക്കം തൂങ്ങികൊണ്ടിരിക്കുന്നവരുണ്ടു,മറ്റുചിലര്‍ നിയന്ത്രണമില്ലാതെ വാഹനം ഓടിക്കുന്നവര്‍ ഇതെല്ലാമാണ് അപകടങ്ങള്‍ക്കും,മരണങ്ങള്‍ക്കും കാരണമാകുന്നത്.

യുദ്ധം നടന്ന മരുഭൂമി പോലെ റോഡുകള്‍ രക്തത്താല്‍ തളംകെട്ടിയിരിക്കും.ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ വന്നാല്‍ വാടകയ്ക്ക് എടുക്കുന്ന കാറില്‍ കൂട്ടുകാരോടൊപ്പം പിക്‌നിക് അതായത് ടൂര്‍ പോകുകയും ചെയ്യുന്നവരുടെ നിയന്ത്രണമില്ലാത്ത യാത്ര അവസാന യാത്രയായി മാറുന്നു.പത്ര താളുകളില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ഫോട്ടോയും,വാര്‍ത്തയും വരുമ്പോള്‍ വേണ്ടപ്പെട്ടവര്‍ അറിയുന്നു.

യൗവനത്തിന്റെ ചോര തിളപ്പില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല,കാരണം അവരുടെ വിചാരം ഞങ്ങള്‍ ചെയ്യുന്നതാണ് ശരി എന്നുള്ള തോന്നല്‍ കൊണ്ടാണ് ഇത്തരം അപകടങ്ങളും,മരണങ്ങളും സംഭവിക്കുന്നത്.വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവുകയാണെങ്കില്‍ ഒരുപരിധിവരെ അപകടങ്ങളും,അപകട മരണങ്ങളും ഇല്ലാതെയാക്കാം.

മുഹമ്മദലി.നെല്ലിക്കുന്ന്

Leave a Reply

Your email address will not be published.