നിഷില്‍ അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പഠന വിനിമയ പരിപാടി നടത്തി

നിഷില്‍ അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പഠന വിനിമയ പരിപാടി നടത്തി

തിരുവനന്തപുരം: നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) അമേരിക്കയിലെ ഇന്‍ഡ്യാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പര്‍ഡ്യു സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരാഴ്ചത്തെ പഠന വിനിമയ പരിപാടി നടത്തി. കഴിഞ്ഞയാഴ്ച നടന്ന പരിപാടിക്കായി ഒന്‍പത് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പബ്ലിക് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയായ പര്‍ഡ്യുവില്‍ നിന്ന് കേരളത്തിലെത്തിയത്. ഇതില്‍ രണ്ടു പേര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഏഴു പേര്‍ ബിരുദ വിദ്യാര്‍ഥികളുമാണ്.

പഠന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരിശോധനാ വിഭാഗത്തെക്കുറിച്ച് കൂടുതലറിയാനും ഓരോ പര്‍ഡ്യു വിദ്യാര്‍ഥിക്കും ഒരു നിഷ് വിദ്യാര്‍ഥിയെ സുഹൃത്തായി കൊടുത്തിരുന്നു. കുട്ടികളെ പരിശോധിക്കുന്നതിലെ വ്യത്യാസങ്ങളും സാമ്യവുമെല്ലാം വളരെ താല്‍പര്യജനകമാണെന്ന് പര്‍ഡ്യു വിദ്യാര്‍ഥിനി മെഡലിന്‍ കെയ്‌സര്‍ പറഞ്ഞു. ഒരേ കാര്യവും പഠിക്കുന്ന സമപ്രായക്കാരായ കുട്ടികളുമായി ഇടപഴകുന്നത് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്ന് മെറിഡിത് ക്ലിന്‍കറും വീണ്ടും തിരിച്ചു വരാന്‍ തങ്ങളാഗ്രഹിക്കുന്നെന്ന് ജാനല്‍ ഡീനും വ്യകതമാക്കി.

അമേരിക്കയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇവിടെ എത്തിയതും അവരുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ സാധിച്ചതും വളരെ പ്രചോദനകരമാണെന്നും, ഇവരോടോപ്പമുള്ള പഠനാനുഭവങ്ങള്‍ വരും വര്‍ഷങ്ങളിലേക്ക് മുതല്‍ക്കൂട്ടാകുമെന്നും നിഷ് വിദ്യാര്‍ഥിനികളായ ശ്വേത പ്രേമന്‍, ജൂഹി പൈലി എന്നിവര്‍ പറഞ്ഞു.

പര്‍ഡ്യൂ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള പഠനവും പഠന സാമഗ്രികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും നിഷിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണെന്നും അതിനാല്‍ തന്നെ ഇത്തരം വിദേശ പഠന പരിപാടികള്‍ ധാരാളമായി പ്രയോജനപ്പെടുമെന്നും പര്‍ഡ്യു യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ അധ്യാപകയായ ഡോ. ലത എ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

നാട്ടുകാരില്‍ ശ്രവണ വൈകല്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും സംസാരത്തിലും ശ്രവണശേഷിയിലുമുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ക്യാമ്പുകളിലൂടെ കഴിയുമെന്ന് നിഷ് ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ സൗമ്യ സുന്ദരം പറഞ്ഞു.

ഇന്ത്യന്‍ ആംഗ്യഭാഷയും വിദേശ ആംഗ്യഭാഷയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഇതിന്റെ വ്യത്യാസം മനസിലാക്കാനും വിദേശത്തടക്കം നിഷിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി എത്തിക്കാനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്നും നിഷിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ജി സതീശ് കുമാര്‍ വ്യക്തമാക്കി.

പരിപാടിയുടെ അവസാന ദിവസമായ ജൂലൈ ഏഴ് ശനിയാഴ്ച വെഞ്ഞാറമ്മൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠന രീതികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും പൊതുജനങ്ങളുമായി ഇടപഴകാനുമുള്ള അവസരം നല്‍കിക്കൊണ്ട് ഔട്ട് റീച്ച് ക്യാമ്പ് നടത്തി.

Leave a Reply

Your email address will not be published.