രോഗം പരത്തുന്ന മല്‍സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍: നോക്കുകുത്തിയായി അധികൃതര്‍

രോഗം പരത്തുന്ന മല്‍സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍: നോക്കുകുത്തിയായി അധികൃതര്‍

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

മഴ കനത്തതോടെ മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ കൂടുതല്‍ മലിനമാവുകയാണ്. ഉപഭോക്താക്കളുടെ ആരോഗ്യം കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മുതിരുന്നില്ല. പരിസരം ശുചിയായി സൂക്ഷിക്കാന്‍ പഞ്ചായത്ത് മുനിസിപ്പല്‍ അധികൃതരോ, മല്‍സ്യവും മാംസവും രോഗാണു ബാധയേല്‍ക്കാതെ സൂക്ഷിക്കാന്‍ വില്‍പ്പനക്കാരോ ശ്രദ്ധിക്കുന്നില്ല. പകര്‍ച്ചവ്യാധി പകര്‍ന്നു കയറുന്ന പഞ്ഞമാസത്തില്‍ ഇറച്ചിയിലുടേയും മീനിലൂടേയും കടന്നെത്തുന്ന ബാക്റ്റീരിയകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല. ഗത്യന്തരമില്ലാതെ ജനം വിധിയെ പഴിക്കുകയാണ്.

സുരക്ഷാ ക്രമീകരണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മല്‍സ്യ- മാംസക്കച്ചവടം പൊടിപടിക്കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പലതും പാലിക്കപ്പെടുന്നില്ല. കാഞ്ഞങ്ങാട്ടെ മാര്‍ക്കറ്റില്‍ തൂക്കിയിട്ട ഇറച്ചിക്കു ചുറ്റും എലികള്‍ വിഹരിക്കുന്നത് കാണാം. പരിസരം നിറയെ നാറ്റവും, മലിനവുമാണ്. ഇറച്ചി തൂക്കിയിട്ടിരിക്കുന്ന ഹൂക്കുകളില്‍ വരെ എലികള്‍ സ്വതന്ത്ര വിഹാരം നടത്തുന്നു. തറയില്‍ കൂടൊരുക്കിയും മാളമുണ്ടാക്കിയും ഉരഗങ്ങളും, പെരുച്ചാഴികള്‍ അടക്കം വ്യാപരിക്കുന്നു. രാത്രി കാലങ്ങളില്‍ മാത്രമല്ല, പകല്‍ നേരങ്ങളില്‍ പോലും ഇവ മാര്‍ക്കറ്റുകളിലെ നിത്യ കാഴ്ച്ചകളാണ്. കച്ചവടക്കാര്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വേറെ വഴിയില്ലാതെ വരുന്നു. ലഭിക്കുന്ന പരാതികള്‍ അധികൃതര്‍ ചവറിലേക്ക് വലിച്ചെറിയുന്നു.

കശാപ്പു കഴിഞ്ഞതിനു ശേഷം ഫ്രഷായുള്ള മാംസം ആറു മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ത്തിരിക്കണമെന്നാണ് ആരോഗ്യ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്. അതു കഴിഞ്ഞാല്‍ അവയില്‍ ബാക്റ്റീരിയകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പിന്നീട് അവ അഴുകാന്‍ തുടങ്ങും. 12 മണിക്കൂര്‍ പിന്നിട്ടാല്‍ പിന്നെ അവ ഉപയോഗിക്കുന്നത് ഹാനികരമാണെന്നും, നിര്‍ബന്ധമായും ശീതീകണപ്പെട്ടികളിലേക്ക് മാറ്റണമെന്നുമുണ് നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഇവിടെ കാറ്റില്‍ പറക്കുകയാണ്. രാവിലെ അറവു നടന്ന മാംസം രാത്രി ഏറെ വൈകും വരെ ഹുക്കില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുന്നത് കാണാം. ഭക്ഷ്യവസ്തുക്കളെ മുന്നില്‍ നിര്‍ത്തി കുറ്റം ചെയ്യുന്നത് പാപമല്ലാതായിരിക്കുന്നു. നടപടിയെടുക്കേണ്ടുന്ന ആരോഗ്യവകുപ്പും, ഫുഡ് സേഫ്റ്റിയും കണ്ടില്ലെന്നു നടിക്കുന്നു. ആടുമാടുകളെ കശാപ്പു ചെയ്യുമ്പോള്‍ ഒഴുകിപ്പോകുന്ന രക്തം ശേഖരിച്ച് അഴുകിയ മാംസത്തില്‍ പുരട്ടി ഫ്രഷ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി പരാതിയുണ്ട്. വേഗത്തില്‍ ബാക്റ്റീരിയ പെരുകുക ചത്ത രക്തത്തിലൂടെയാണെന്ന കാര്യം ഉപഭോക്താക്കളും, വ്യാപാരികളും മനപ്പൂര്‍വ്വം മറന്നു വെക്കുകയാണ്.

കശാപ്പിനു കൊണ്ടു വരുന്ന പോത്തിന്റെ ഇറച്ചിക്കു തൂക്കം കൂട്ടാന്‍ ഒരാഴ്ച്ചക്കു മുമ്പേ തന്നെ പ്രത്യേക വിഷമരുന്ന് കുത്തിവെച്ച് മാടുകളുടെ വൃക്ക തകരാറിലാക്കുന്നതായും പരാതി ഉയരുന്നു. വൃക്ക തകര്‍ന്ന മാടുകള്‍ കുടിക്കുന്ന പാനിയം മുത്രം വഴി പുറത്തു പോകാതെ മാംസത്തില്‍ അലിയുകയും മാംസത്തിന്റെ തുക്കം വര്‍ദ്ധിക്കുന്നതും അതു വഴി ലാഭം കൊയ്യുകയുമാണ് ലക്ഷ്യം. നാട്ടില്‍ ക്രമാതീതമായ തോതില്‍ കിഡ്നി രോഗം കണ്ടെത്തുന്നതില്‍ ഒരു കാരണം ഇതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇറച്ചി വേവിക്കുമ്പോള്‍ ക്രമാതീതമായ തോതില്‍ വെള്ളം ഇറച്ചിയില്‍ നിന്നും കനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ അതിനു കാരണം വിഷമയ ഇന്‍ജക്ഷനാണെന്ന ഭയപ്പാടിലാണ് ജനം.

ആധുനിക സൗകര്യത്തോടു കൂടിയ അറവു ശാലകളോ, കൃത്യമായ നിരീക്ഷണ സംവിധാനങ്ങളോ നമുക്കില്ല. മിക്ക അറവു കേന്ദ്രങ്ങളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ജനഹിതവും, മാംസത്തിന്റെ അനിവാര്യതയും മാനിച്ച് അധികൃതര്‍ നടപടി സ്വീകരിക്കാറില്ലെന്നു മാത്രം. ഈ ആനുകുല്യം പിന്‍പറ്റിയാണ് വൃത്തിഹീനമായ അന്തരീക്ഷത്തിലും, അഴുകിയതുമായ മാംസ വില്‍പ്പന തകൃതിയായി നടക്കുന്നത്. മീനില്‍ വ്യാപകമായി വിഷം കലര്‍ന്നിട്ടുണ്ടെന്ന പ്രചരണവും, ട്രോളിങ്ങ് നിരോധനവും കാരണം മാസക്കച്ചവട മേഘലയില്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന ഈ തുലാവര്‍ഷ കാലത്ത് എടുക്കേണ്ടുന്ന മുന്‍കരുതലുകള്‍ പൂര്‍ണമായും താറുമാറായിരിക്കുകയാണ്. മുനിസിപ്പാലിറ്റിയും ഫുഡ് സ്ഫ്റ്റി ഉദ്യോഗസ്ഥരും ഈ മേഘലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കണമെന്ന് ജനം ആവശ്യപ്പെടുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published.