പെരുമണ്‍ ദുരന്തത്തിന്റെ ബാക്കിപത്രം.

പെരുമണ്‍ ദുരന്തത്തിന്റെ ബാക്കിപത്രം.

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

പെരുമണ്‍ദുരന്തത്തിന് മുപ്പത് തികയുന്നു. പ്രഖ്യാപിച്ച നഷ്ടപരിഹാരം തികച്ചും നല്‍കാതെ റെയില്‍വ്വേ ഇപ്പോഴും കൊഞ്ഞനം കുത്തുകയാണ്. 1988 ജൂലൈ എട്ടാം തീയതി കൊല്ലത്തിനടുത്തുള്ള അഷ്ടമുടി കായലിലായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. നൂറ്റിയഞ്ചു മരണം. കോരിച്ചൊരിയുന്ന മഴ. നാട്ടുകാര്‍ ഇടപെട്ട് ഒരാഴ്ച്ച നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനം. മരിച്ചവരെ വീര്‍ത്ത് ചീഞ്ഞ് അഴുകിയ രൂപത്തിലാണ് തിരിച്ചു കിട്ടയത്. പലരേയും തിരിച്ചറിയാന്‍ പോലും കഴിയാതെ വന്നു. അക്കാരണം പറഞ്ഞാണ് ഇപ്പോഴും സഹായം വച്ചു നീട്ടുന്നത്. മനുഷത്വമില്ലായ്മയുടെ പര്യായ രൂപം.

ക്ഷയം പിടിച്ച് കിടപ്പിലായവര്‍ അടക്കം കായലില്‍ ചാടിയ ദുരന്തം. മന്ത്രി പങ്കെടുത്ത അനുശോന യോഗത്തില്‍ അവര്‍ക്കെല്ലാം നന്ദി പറഞ്ഞു. മാധവറാവു സിന്ധ്യ പൂച്ചെണ്ടു നല്‍കി. പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. അവ പോലും നേരെ ചൊവ്വേ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുദാഹരണമാണ് കൊടുവിള സ്വദേശി വിജയന്‍. വ്യത്യസ്ഥ ബോഗികളില്‍ നിന്നുമായി നുറ്റിയഞ്ചു മൃതദേഹങ്ങളാണ് വിജയനേപ്പോലുള്ളവര്‍ മുങ്ങിയെടുത്തിരുന്നത്.

പലതും അഴുകിയും മീന്‍ തിന്ന നിലയിലുമായിരുന്നു. 17 പേരെ തിരിച്ചറിയാന്‍ പോലും സാധിച്ചില്ല. അവരില്‍ പലരുടേയും അവകാശികള്‍ക്കുള്ള ധനസഹായം ഇന്നും ചുവപ്പു നാടയിലെന്നറിയുമ്പോള്‍ പ്രതിഷേധം നുരഞ്ഞു പൊന്തി തലച്ചോറിനെ അക്രമിക്കുകയാണ്. ചുമരിന് കൈകൊണ്ടിടിച്ച് ദ്വേഷ്യം ശമിപ്പിക്കുകയാണ് പലരും. മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് 50,000 രൂപയുമായിരുന്നു പ്രഖ്യാപനം 2018ലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഈ സഹായം ഒന്നുമല്ലാതായി തീര്‍ന്നിരിക്കുന്നു.

എന്തായിരുന്നു അപകട കാരണം? പാലത്തിന്റ പണി നടക്കുന്നുണ്ടായിരുന്നു. പാളം അല്‍പ്പം ഉയര്‍ത്തി വെച്ച നിലയിലായിരുന്നു. വണ്ടിക്ക് അമിത വേഗതയായിരുന്നു. ജീവനക്കാര്‍ അടുത്ത കടയില്‍ ചായ കുടിക്കാനിരിക്കുകയായിരുന്നു. റെയിവേ പണിക്കാര്‍ രക്ഷപ്പെട്ടതങ്ങിനെയാണ്. കാരണം അന്യേഷിക്കാന്‍ ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍ വന്നു. തെളിവെടുപ്പു നടന്നു. റിപ്പോര്‍ട്ടില്‍ എഴുതിയിട്ടത്.’ നിര്‍മ്മാണത്തിനിടയിലും അമിതവേഗതയുമാണ്, കൂടാതെ കടുത്ത അശ്രദ്ധയുമാണ് കാരണമെന്നാണ്. എന്‍ജിന്‍ പാളം തെറ്റി എന്ന് ബോധ്യപ്പെട്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടു. ബോഗികള്‍ കൂട്ടിയിടിച്ച് കായലിലേക്ക് പതിച്ചു. ഈ റിപ്പോര്‍ട്ട് മുങ്ങി. പിന്നീട് എന്തൊക്കെയോ മറിമായങ്ങല്‍ നടന്നു. ചുഴലിക്കാറ്റില്‍ പെട്ടാണ് അപകടമെന്നതായി അവസാനവാക്ക്. ടൊര്‍ണാടോ എന്ന കൃത്രിമ ചുഴലിക്കാറ്റിനെ ഒന്നാം പ്രതിയാക്കി കേസ് അവസാനിപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ പോലും വെളിച്ചം കണ്ടില്ല. ജുഡീഷ്യല്‍ അന്യേഷണം വേണമെന്ന മുറവിളിയും എങ്ങുമെത്തിയില്ല. മന്ത്രി മാധവറാവു സിന്ധ്യ രാജിവെക്കണമെന്ന മുറവിളിയും മറ്റൊരു ചുഴലിയെടുത്തു. ധനസഹായം കിട്ടിയവര്‍ക്ക് കിട്ടി. ഇല്ലാത്തവര്‍ക്കില്ല.

105 മരണം മാത്രമല്ല, 200ല്‍പ്പരം പേര്‍ക്ക് പരിക്കേറ്റു. അതില്‍ പലരും മരിച്ചു പോയെങ്കിലും ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നുമുണ്ട് പലരും. ദുരന്തം നടന്ന സമയത്തും, തുടര്‍ന്നും ഈ കുറിപ്പുകാരന്‍ പെരുമണ്‍ സന്ദര്‍ശിച്ചിരുന്നു. നാട്ടുകാര്‍ ഇടപെട്ട് അന്ന് അവിടെ ഒരു സ്മതിമണ്ഡപം സ്ഥാപിച്ചിരുന്നു. ഇന്ന് അതവിടെ കാണാനില്ല. പൊളിച്ചു മാറ്റി മറ്റൊരു ഇടത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവിടെ ഇപ്പോള്‍ ആരു ശ്രദ്ധിക്കാറില്ല. കാടു മൂടി കിടക്കുന്നു. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.

Leave a Reply

Your email address will not be published.