വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

തലശ്ശേരി: വെള്ളത്തില്‍ മുങ്ങിയ ഇടറോഡിലൂടെ സാഹസപ്പെട്ട് നീന്തുന്നതിനിടയില്‍ പ്രവേശനമില്ലാത്ത റോഡിലൂടെ വഴി മാറി വരുന്ന സ്വകാര്യ ബസ്സുകളും യാത്രാദുരിതം വിതക്കുന്നു. ദേശീയ പാതയില്‍ മട്ടാബ്രം പള്ളിക്കടുത്ത് നിന്ന് ഇന്നലെ രാവിലെ അനധികൃതമായി വഴിതിരിഞ്ഞ് ഇടുങ്ങിയ മുകുന്ദ് മല്ലര്‍ റോഡിലൂടെ വന്ന ചില സ്വകാര്യ ബസ്സുകള്‍ വാടിക്കലിലെത്തിയതോടെ എതിരെ എത്തിയ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കിനിടയാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടവിട്ട് ചെയ്യുന്ന കനത്ത മഴ ചൊവ്വാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്തതോടെ നഗരത്തിലെ ഒട്ടുമിക്ക റോഡുകളിലും വെള്ളം പൊങ്ങി. നാരങ്ങാ പുറം, കുയ്യാലി, മഞ്ഞോടി, മുകുന്ദ് മല്ലര്‍, ചിറക്കര അയ്യലത്ത് പള്ളി-സ്‌കൂള്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. സമീപത്തെ ഓവുചാലുകളിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെട്ടതാണ് മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കാനിടയാക്കുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളില്‍ ഉണ്ടായ അലംഭാവമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് ദേശവാസികള്‍ ആരോപിച്ചു. മഴക്ക് മുന്‍പേ വീശിയ ശക്തിയായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ പൊട്ടി വൈദ്യുതി ലൈനുകളില്‍ വീണതിനാല്‍ തലശ്ശേരിയുടെ ഒട്ടുമിക്ക സമീപ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published.