പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപെടുത്തി 10 പവന്‍ കവര്‍ന്നു

പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപെടുത്തി 10 പവന്‍ കവര്‍ന്നു

ബദിയടുക്ക: പോലീസ് പരിധിയിലെ പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. പത്തുപവന്‍ സ്വര്‍ണാഭരണം മോഷണം പോയി. പൈക്കയിലെ പരേതനായ ബീരാന്‍ ഹാജിയുടെ ഭാര്യ ആമിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീട്ടില്‍ ആമിനയും മരുമകള്‍ മറിയംബിയും രണ്ടുകുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അടുക്കളഭാഗത്തെ ജനല്‍ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് സ്ത്രീകളുടെയും കുട്ടികളുടെയും മുഖത്ത് മുളക് പൊടി വിതറുകയും കത്തികത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ബലപ്രയോഗത്തിനിടെ ആമിനയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. അവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്ത വീടുകളിലും കവര്‍ച്ചാശ്രമം നടന്നിരുന്നതായി പറയുന്നു. വീട്ടില്‍ സ്ത്രീകള്‍ തനിച്ചാണെന്ന് അറിയുന്നവര്‍ തന്നെയായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബദിയടുക്ക, കുമ്പള സ്റ്റേഷന്‍ പരിധികളില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പെരുകുകയാണ്. മോഷണക്കേസുകളില്‍ പോലീസ് അന്വേഷണം എവിടെയുമെത്താത്തതാണ് കവര്‍ച്ച പെരുകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ രാത്രികാല പോലീസ് പട്രോളിംഗ് ഉണ്ടാകുന്നില്ല. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി അവസാനിപ്പിക്കുകയാണെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published.