നായനാര്‍ വധശ്രമത്തിനും അഭിമന്യുവിന്റെ കൊലക്കുമിടയില്‍

നായനാര്‍ വധശ്രമത്തിനും അഭിമന്യുവിന്റെ കൊലക്കുമിടയില്‍

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

അഭിമന്യു വധത്തിനു ശേഷം മതങ്ങള്‍ക്കുമപ്പുറത്തെ മനുഷ്യന്‍ മനുഷ്വത്വത്തെ അന്യേഷിക്കുകയാണ്. ആ അന്യേഷണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി പരിണമിക്കുകയാണ്. നാട് കൂടുതല്‍ ജാഗരുകരാവുകയാണ്. സംസ്ഥാന വ്യാപകമായി ഇന്നലെ ഇടതിന്റെ പ്രതിഷേധ കൂട്ടായ്മയുടെ വിജയം അതിനടി വരയിടുന്നു. കാഞ്ഞങ്ങാട് നഗരത്തിലടക്കമുള്ള കേന്ദ്രങ്ങളിലെല്ലാം ജനം ഓടിക്കൂടി. മഴ അവര്‍ക്കൊരു വിഷയമല്ലാതായി തീര്‍ന്നു. കൂട ചൂടാതെയും നനഞ്ഞും ജനം ഐക്യദാര്‍ഡ്യത്തില്‍ പങ്കു ചേര്‍ന്നു. ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിപ്ലവധ്വനി അണപൊട്ടിയൊഴുകിയ വേദിയായിരുന്നു കാഞ്ഞങ്ങാട്. ഒറ്റക്കുത്തിനു കൊന്ന അഭിമന്യുവും ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടിയ അര്‍ജുനനും മാത്രമല്ല. വര്‍ഗീയവാദവും, ഭീകരവാദവും പരീക്ഷണം നടത്തി വിജയം കണ്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് കേരളത്തില്‍ അവസാനത്തെതു മാത്രമാണ് അഭിമന്യു വധം. ഒറ്റക്കുത്തിനാണ് ആ ചെറുപ്പക്കാരനെ അവര്‍ വകവരുത്തിയത്. കാഞ്ഞങ്ങാട്ട് അടക്കം തെരുവു പട്ടിയെ വെട്ടി പരിശീലനം സിദ്ധീ നേടിയ, മനുഷ്യരെ തമ്മിലടിപ്പിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള താക്കീതായി മാറി പലയിടത്തും കൂട്ടായ്മകള്‍.

അഭിമന്യുവിന്റെ ജീവനെടുത്തവരുടെ ആദ്യത്തെ അറ്റാക്കല്ല ഇത്. ഇ.കെ.നായനാരെ വരെ വകവരുത്താന്‍ ഇതിനു മുമ്പും അവര്‍ ശ്രമിച്ചിട്ടുണ്ട്. എറണാകുളം കളക്ടറേറ്റില്‍ നടത്തിയ സ്പോടനം അടക്കം ഏത്രയെത്ര കലാപ പരമ്പരകള്‍. കോഴിക്കോട് ബസ് സ്റ്റേഷനെ ഇവര്‍ ഇരട്ട ബോംബ് വെച്ച് തകര്‍ത്തു. കോഴിക്കോട് എം സ്ട്രീറ്റില്‍ സ്ഫോടനം പരീക്ഷിച്ചു വിജയിച്ചു. ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തില്‍ ഒരു ഫൈബര്‍ ബോട്ട് ബോംബിട്ടു തകര്‍ത്തു. മലപ്പുറം കടലുണ്ടി പാലം പൈപ്പ് ്ബോബിട്ടു തകര്‍ക്കാന്‍ പദ്ധതിയിട്ടത് ഭാഗ്യം കൊണ്ട് മാത്രം കണ്ടെത്താനായി. അവിടുങ്ങളിലെല്ലാം കൂട്ടക്കൊലയായിരുന്നു ലക്ഷ്യം. മാറാടും അവര്‍ വാളെടുത്തപ്പോള്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. ഇങ്ങനെ എത്രയെത്ര ദിക്കുകളില്‍ നിന്നുമാണ് ചോരപുരണ്ട തുരുമ്പെടുത്ത ആയുധങ്ങളും ചോരക്കൊതിയുടെ ചരിത്രവും നാം അനുഭവിച്ചറിഞ്ഞത്.

കളമശ്ശേരിയില്‍ ബസ് കത്തിച്ച് നാട് കുട്ടിച്ചേറാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചു. മൂവാറ്റുപുഴ പ്രൊഫസറുടെ കൈവെട്ടി. നമ്മുടെ ജില്ലയിലും മറക്കാനാകാത്ത എന്തൊക്കെ പേക്കൂത്തുകളാണ് ഇവര്‍ അഴിച്ചു വിട്ടത്. എത്രയെത്ര സദാചാര കൊലപാതകങ്ങള്‍, അക്രമങ്ങള്‍… പറഞ്ഞാല്‍ തീരില്ല വര്‍ഗീയതയുടേയും ഭീകരതയുടേയും ചോരക്കളികള്‍. എന്തിനേറെ കേരളത്തിന്റെ മുഖ്യമന്ത്രി ഇ.കെ. നായനാരെ വരെ വകവരുത്താന്‍ ശ്രമിച്ചവരാണിവര്‍. അതടക്കം സഹിച്ചവരാണ് കേരളത്തിന്റെ മക്കള്‍.. അങ്ങനെ സഹിച്ചു നിന്നവരുടെ രോക്ഷം ആളിക്കത്തിയ യോഗമായിരുന്നു ഇന്നലെ. അവര്‍ തടിച്ചു കൂടി. മതേതരത്തിന്റെ ചൂടുതട്ടി ഓരോ തുള്ളി രക്തവും തിളച്ചു പൊങ്ങി. കാഞ്ഞങ്ങാട് പി.കരുണാകരന്‍ എം.എപി ഉദ്ഘാടനം ചെയ്ത യോഗം പെരുമഴയത്തും തിക്കനലുയര്‍ത്തി.

മതേതരത്വത്തിനു വേണ്ടി നിലകൊണ്ട ഒരു പ്രസ്ഥാനത്തിന്റെ വേരറുക്കാന്‍ ശ്രമിച്ചവര്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇ.കെ.നായനാരെ വരെ കൊന്നു തള്ളാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. ആ ചരിത്രം ഓര്‍മ്മപ്പെടുത്തുകയാണ് ഇവിടെ അഭിമന്യുവിന്റെ അരും കൊല.

തടിയന്റവിട നസീറായിരുന്നു നായനാര്‍ കേസിലെ ഒന്നാം പ്രതി. എട്ടു പ്രതികള്‍ വേറേയും. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നായനാര്‍ വധശ്രമ കേസിന്റെ ഗതിയെന്തായി? ആര്‍ക്കുമറിഞ്ഞു കൂട. പ്രതിഷേധ യോഗത്തില്‍ സംസാരിച്ചവര്‍ അടക്കം അതൊക്കെ മറന്നിരിക്കുന്നു.

നായനാരെ കൊല്ലാന്‍ ആസുത്രണം നടത്തിയെന്ന് വിവരം ലഭിച്ചത് 1999 സെപ്തംബര്‍ 12നാണ്. വളപട്ടണം പൊലീസാണ് ആദ്യം കേസന്യേഷിച്ചത്. പന്നീട് ഉന്നതങ്ങള്‍ ഏറ്റെടുത്തു. ആറു പേരെ അറസ്റ്റ് ചെയ്തു. തടിയന്റെവിട നസീര്‍, മട്ടാഞ്ചേരിയിലെ അമീറലി അടക്കം ജയിലിലായി.

കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത തീവ്രവാദക്കേസാണ് നായനാരുടേത്. ഇന്നും എങ്ങുമെത്താതെ അതു നിരങ്ങുന്നു. തലശ്ശേരി നാലാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയുടെ ഇരുണ്ട റെക്കാര്‍ഡ് മുറിയില്‍ കേസ് കെട്ട് സുഖ സുഷുപ്തിയിലാണ്. വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന ഈ കേസ് തേഞ്ഞു മായുകയാണ്. അഭിമന്യുവിന്റെ കൊലക്കേസും ആത്യന്തികമായി അതേ ഗതി തന്നെയായിരിക്കുമോ. നേര്‍ക്കാഴ്ച്ച ഭയപ്പെടുന്നത് അവിടെയാണ്.

മനുഷ്യനെ കൊന്നു തിന്നുന്ന മത ചിന്തകള്‍ കൂട്ടക്കുരുതിക്ക് വാളെടുക്കുകയാണ്. അത്തരം ഭീകര, വര്‍ഗീയ, വിധ്വംസക സംഘങ്ങളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ ഒന്നിക്കണം. പി.കരുണാകരന്‍ എം.പിയുടെ പ്രസംഗം അങ്ങനെ നീണ്ടു പോകുന്നു. പ്രസംഗം ചെവിക്കൊള്ളാന്‍ കുറേയധികം മുസ്ലീം സഹോദരങ്ങള്‍ പട്ടണത്തിനിരു വശവും തടിച്ചു കൂടിയിരുന്നു. ഇസ്ലാമിന്റെ സമാധാന സന്ദേശം നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കാനും, പ്രാവര്‍ത്തികമാക്കാനും ഓരോ വിശ്വാസിയും ദൃഢനിശ്ചയം ചെയ്യണമെന്ന മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഇക്കഴിഞ്ഞ ഈദുല്‍ഫിത്ര് സന്ദേശം നേര്‍ക്കാഴ്ച്ച അപ്പോള്‍ ഓര്‍ത്തു. ശ്രോതാക്കളുടെ മുഖത്തു നിന്നും അത് വായിച്ചെടുക്കാനായി.

Leave a Reply

Your email address will not be published.