വിഷമത്സ്യം തീവണ്ടി വഴിയും അധികൃതര്‍ക്കു മൗനം

വിഷമത്സ്യം തീവണ്ടി വഴിയും അധികൃതര്‍ക്കു മൗനം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

വിഷമീനിന്റെ ഒഴുക്ക് നിബാധം തുടരുന്നു. പരിശോധനയില്ല. റോഡുവഴിയുള്ള പരിശോധന താല്‍ക്കാലികമായെങ്കിലും കര്‍ശനമാക്കിയുണ്ടെങ്കിലും തീവണ്ടി മാഗര്‍ഗമുള്ള വരവിന് കുറവു വന്നിട്ടില്ല. കൊല്‍ക്കത്ത, ആന്ധ്ര, ഗുജറാത്ത് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വിഷമീന്‍ എത്തുന്നത്. രാത്രിയിലും പുലര്‍ച്ചെയുമായെത്തുന്ന വണ്ടികളിലാണ് ഇവയുടെ വിതരണം. ജില്ലയില്‍ വേണ്ടത്ര സമയം സ്റ്റോപ്പ് അനുവദിക്കാത്ത വണ്ടികളിലെത്തുന്ന മീന്‍ കണ്ണൂരില്‍ ഇറക്കും. അവിടെ നിന്നും പാസഞ്ചര്‍ വണ്ടികളില്‍ ഇവ ചെറു
സ്‌റ്റേഷനുകളിലെത്തുന്നു. പ്രത്യേകം ഏജന്റുമാരുടെ ചുമതലയിലാണ് മീനെത്തുന്നത്. അവര്‍ വാഹനവുമായി വന്ന് സ്റ്റേഷനുകളില്‍ കാത്തു നില്‍ക്കുന്നതു കാണാം. മീന്‍ ഇറക്കാന്‍ മാത്രമായി രാത്രി ഏറെ വൈകും വരേയും, പുലര്‍ച്ചെയിലും പ്രത്യേകം നിയോഗിക്കപ്പെട്ട തൊഴിലാളികളുണ്ട്. അധികൃതരുടെ പരിശോധനകള്‍ കേവലം പ്രഹസനം മാത്രം.

കാഞ്ഞങ്ങാടും കാസര്‍കോടുമായി ദിവസേന 300 ബോക്സ് മീനെങ്കിലും എത്തിച്ചേരുന്നുണ്ടെന്നാണ് നിഗമനം. ഒരു ബോക്സ് 80 കിലോ ഭാരമുണ്ടാകും. ഇവയില്‍ ഏറെയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. ഏറണാകുളത്തെത്തുന്ന ഹൗറ-ഏറണാകുളം, ഷാലിമാര്‍-ഏറണാകുളം, ഓഖ-എറണാകുളം എന്നീ എക്സപ്രസ് വണ്ടികളില്‍ ഇതിനായി വാഗണുകളില്‍ പ്രത്യേകം സ്ഥലം തന്നെ നീക്കിവെച്ചിരിക്കുന്നു. ഇങ്ങനെയുള്ള അറകള്‍ വേഗത്തില്‍ തുരുമ്പിക്കുന്നതായും അതുവഴി യഥാര്‍ത്ഥത്തില്‍ റെയില്‍വ്വേക്ക് കിട്ടുന്ന കടത്തു കൂലിയേക്കാള്‍ വന്‍ നഷ്ടമാണ് സംഭവിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. മീന്‍ ഇറക്കി വെക്കുന്ന തറയില്‍ ഒലിച്ചിറങ്ങുന്ന വെള്ളത്തിനും രൂക്ഷമായ ഗന്ധവും, പ്രത്യേക തരത്തിലുള്ള കറയും പ്രത്യക്ഷപ്പെടുന്നു. കയറ്റിയതിനു ശേഷം മുന്നാം ദിവസമാണ് മീ്ന്‍ കണ്ണൂരിലെത്തുക. അവിടെ നിന്നും ഒരു ദിവസം പിന്നിടും ഇവ കാഞ്ഞങ്ങാടും കാസര്‍കോടുമെത്താന്‍.

ഇങ്ങനെ നമ്മുടെ വയറ്റിലെത്തുന്ന ഫോര്‍മോലിനും, അമോണിയയും മൂലം കാന്‍സറും, ഉദരരോഗങ്ങള്‍ക്കും പുറമെ കിഡ്നി അടക്കം നശിച്ചു പോകുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് നാടിനു തന്നെ ആപത്തായി മാറിയിരിക്കുകയാണ്. വണ്ടിയില്‍ നിന്നും മീന്‍ സ്ഥിരമായി ഇറക്കുന്നവര്‍ക്കും ശാരീരികാസ്വസ്ഥതകളുണ്ടാകുന്നതായി തൊഴിലാളികള്‍ പറയുന്നു. മാര്‍ക്കറ്റുകളില്‍ എത്തുന്ന മീനിനു മുകളില്‍ പൂഴി വിതറി പുതിയ മല്‍സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടക്കാറുണ്ടെങ്കിലും ജനം പ്രതിരോധിച്ചതിനാല്‍ അതു നിലച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ കൈമടക്കിനു പുറമെ വീടുകളില്‍ നാട്ടില്‍ പിടിച്ച ഫ്രഷ് മീന്‍ എത്തുന്നതു കൊണ്ടു കൂടിയാണ് സാര്‍വത്രികമായ പരിശോധന ഇല്ലാത്തതെന്ന് ജനം ആരോപിക്കുന്നു.

Leave a Reply

Your email address will not be published.