രാമായണ മാസത്തിലെ വിപ്ലവ ചിന്തകള്‍

രാമായണ മാസത്തിലെ വിപ്ലവ ചിന്തകള്‍

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

ഇത് വിപ്ലവ രാമായണത്തിന്റെ കാലം. സി.പി.എമ്മിനു പണ്ടു മുതല്‍ക്കേ ഒരു തകരാറുണ്ട്. ബുദ്ധി ഉറക്കുമ്പോഴേക്കും ഏറെ വൈകും. ഗീതയും, രാമായണവുമൊക്കെ പണ്ട് ഈ പാര്‍ട്ടി ജനിക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നുവല്ലോ. അന്ന് പുറം കാലു കൊണ്ട് തട്ടി. അമ്പലത്തിന്റ ഏഴയലത്തു പോലും കണ്ടു പോകരുതെന്ന് വിരട്ടി. മതം മനുഷ്യനെ മയക്കുന്ന കറുപ്പോ കഞ്ചാവോ മറ്റോ ആണെന്ന് പറഞ്ഞ് നടന്ന് ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തിയും, തിടമ്പു നൃത്തവും ഒക്കെ ആചരിക്കാനൊരുങ്ങുന്നു. പാര്‍ട്ടി പ്ലീനം കണ്ണുരുട്ടിക്കാണിച്ച ഗണപതിഹോമവും കുടികൂടലിന്റെ കുറ്റിപറിക്കലും, അകന്നാളു കഴിപ്പിക്കലും ഇനി യഥേഷ്ടമാവാം. പാര്‍ട്ടിയില്‍ നിന്നും ആരും പുറത്താക്കന്‍ വരില്ല. ഇ.എം.എസ്.-എ.കെ.ജി-സുന്ദരയ്യ സിന്ദാബാദ് എന്ന മുദ്രാവാക്യമൊക്കെ മാറി ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ഉണ്ണിയേശു സിന്ദാബാദ് എന്നായിരിക്കുന്നു. അമൃതാന്ദ-സായിബാബ-റാംദേവ്സാമി സിന്ദാബാദ് എന്ന നിലയിലേക്ക് എപ്പോ വരുമെന്ന ആശങ്കയിലാണ് ശുദ്ധ കമ്മ്യൂണിസിറ്റുകള്‍.

മാര്‍ക്സിസ്റ്റുകാര്‍ രാമായണമാസം ആചരിക്കുന്നതില്‍ ആര്‍.എസ്.എസ് എന്തിന് ഇത്ര പുളിക്കണം. അവരുടെ രാമന്‍, അവരുടെ പാര്‍ട്ടിക്കാര്‍ (അവരുടെ തെയ്യം-അവരുടെ മഞ്ഞക്കുറി, ആടിക്കോട്ടെ) സന്ധ്യാ നേരത്തോ, അമ്പലത്തിലോ, പാര്‍ട്ടി ആഫീസിലോ എവിടെ വെച്ചായായും ആലപിക്കാന്‍ സ്വാതന്ത്യമുണ്ടല്ലോ. പിണറായിക്ക് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്യുന്നതിന് എന്താണ് തെറ്റ്. ഇത് കാള്‍ മാര്‍ക്സിന്റെ മാര്‍ക്സിസമല്ല, യച്ചൂരിയുടേതുമല്ല. മാസത്തില്‍ പുമൂടല്‍ പൂജ നടത്തിയും ശത്രു സംഹാര പുജ നടത്തി ആത്മനിര്‍വൃതി നേടുന്നവരുടെതുമായ മാര്‍ക്സിസമാണ്. അത്തരക്കാര്‍ക്കൊക്കെ ആത്മശാന്തിക്കായി ഒരു മൃത്യജ്ഞയ ഹോമം നടത്തിയാല്‍ തീരാവുന്നതേ ഉള്ളു ആര്‍.എസ്.എസിന്റെ ശാപം.

എങ്കിലും കഷ്ടമായിപ്പോയി. മാര്‍ക്സിസത്തിന്റെ ആവനാഴിയിലെ അമ്പുകളെല്ലാം എടുത്തു പ്രയോഗിച്ചിട്ടും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ കഴിയാഞ്ഞ് നിരീശ്വരവാദവും, യുക്തിചിന്തയും, മിശ്രവിവാഹവും നാട്ടില്‍ പുലരാന്‍ കഴിയാതെ വന്നപ്പോള്‍ ആര്‍.എസ്.എസിന്റെ പാത പിന്തുടരുകയാണ് സി.പി.എം. രാമായണ മാസം നമ്മുടെ പൈതൃകമാണ,് പാര്‍ട്ടിയുടെ സ്വത്താണ്, എന്നൊക്കെ പറയാന്‍ വരട്ടെ. രാമായണമാസം ആര്‍.എസ്.എസിന്റെ സ്വന്തമാണ്. അവരാണ് അത് കൊണ്ടു വന്നത്. അത് അവരുടെ രാഷ്ട്രീയ അജണ്ടയാണ്. അവര്‍ക്കു തന്നെയാണ് അതിന്റെ പിതൃത്വം. അതിലേക്ക് പിന്നീട് വരാം.

ഇതിഹാസ കാവ്യത്തില്‍ ലയിച്ച് ചേര്‍ന്ന് പ്രബഞ്ചത്തിലെ ഏവരുടേയും സ്വന്തമായിരുന്ന രാമായണത്തെ കക്ഷിരാഷ്ട്രീയത്തിലേക്ക് കൂട്ടി കൊണ്ടു വന്ന് നേട്ടം കൊയ്തത് ആര്.എസ്.എസും, അധികാരത്തിലെത്തിയത് ബി.ജെ.പിയുമാണ്.

എല്‍.കെ. അദ്ധ്വാനി ആഹ്വാനം ചെയ്ത മെതിയടിയും ചുമന്നു കൊണ്ടുള്ള നാടു ചുറ്റലും, രഥയാത്രയും, രാമജന്മഭുമിയിലെ ശിലാപൂജയും അതു വഴിയുണ്ടായ വാജ്പേയ് സര്‍ക്കാരിനേയും നമുക്കിവിടെ ഓര്‍ത്തു വെക്കാം. ബി.ജെ.പി അന്ന് മനസില്‍ കണ്ടത് സി.പി.എം മാനത്തു പോലും കണ്ടില്ല. ഇതാണ് പറഞ്ഞത് ഈ പാര്‍ട്ടിക്ക് വൈകിയേ ബുദ്ധി ഉറക്കു. അന്നു തുടങ്ങേണ്ടതായിരുന്നു ഇതൊക്കെ. ശബരിമലക്കു പോലും കെട്ടു നിറക്കുന്നതു പോലും അന്ന് കുറ്റകരമായിരുന്നു. പൊരിച്ച കോഴി വെച്ച് കല്യാണം കൂടാന്‍ വരെയുണ്ടായി വിലക്ക്. ഇപ്പോള്‍ കാലിലെ മണ്ണ് ഒലിച്ചു തീര്‍ന്നു കൊണ്ടിരിക്കുന്നു.

രാമായണ മാസാചരണം ഹൈന്ദവ പൈതൃകത്തിന്റെ ഭാഗമല്ലെന്ന് പറയാന്‍ കാരണമുണ്ട്. അതിലേക്ക് പിന്നീട് വരാം.

നാളെ…. 1982 മുതല്‍ക്കാണ് രാമായണ മാസാചരണത്തിന്റെ പിറവി. അതിന്റെ ചരിത്ര മുഹൂര്‍ത്തത്തിലേക്ക്

Leave a Reply

Your email address will not be published.