കാഞ്ഞങ്ങാട് – പാണത്തൂര്‍ ദേശീയപാത ഡി പി ആര്‍ സര്‍വ്വേ അന്തിമഘട്ടത്തില്‍

കാഞ്ഞങ്ങാട് – പാണത്തൂര്‍ ദേശീയപാത ഡി പി ആര്‍ സര്‍വ്വേ അന്തിമഘട്ടത്തില്‍

രാജപുരം: ദേശീയപാതയ്ക്ക് രൂപ രേഖയായി ഡിപിആര്‍ സര്‍വ്വേ അന്തിമഘട്ടത്തില്‍. പി കരുണാകരന്‍ എം പിയുടെ ശ്രമകരമായ പരിശ്രമത്തിന്റെ ഭാഗമായി മലയോര മേഖലയിലൂടെ കടന്ന് പോകുന്നതും കര്‍ണ്ണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ കാഞ്ഞങ്ങാട്-പാണത്തൂര്‍- വാഗമണ്ഡല-മടിക്കേരി ദേശീയ പാതയുടെ രൂപരേഖയായി സര്‍വ്വേ അവസാനഘട്ടത്തില്‍ എത്തി. വെള്ളിയാഴ്ച്ച നാഷണല്‍ ഹൈവേ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ രാജിവ്, ഓവര്‍സിയര്‍മാരായ സുരേന്ദ്രന്‍, ജില്‍സി എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടത്തി.

അവസാനഘട്ട സര്‍വ്വേയില്‍ പാത കടന്ന് പോകുന്ന സ്ഥലത്തെ അലയ്മെന്റില്‍ ചില മാറ്റങ്ങള്‍ വരുത്തി പാത കടന്ന് പോകുന്ന റൂട്ട് സംബന്ധിച്ച് വ്യക്തതവരുത്തി. മാവുങ്കാല്‍ മുതല്‍ പാണത്തൂര്‍ വരെ വരുന്ന 40.900 കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന ദേശീയ പാതയുടെ ഡിപിആര്‍ സര്‍വ്വേ കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിച്ചിരുന്നു. ഈ സര്‍വ്വേയുടെ അവസാനഘട്ട പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനി മണ്ണിന്റെ ഘടന സംബന്ധിച്ച് പരിശോധിച്ച് ശേഷം അടുത്ത മാസം പകുതിയേടെ പാത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ചിഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിക്കും.

നിലവില്‍ 30 മീറ്റര്‍ വീതിയിലായിരിക്കും ദേശീയ പാത കടന്ന് പോകുന്നത്. പത്ത് മീറ്റര്‍ വീതിയില്‍ ടാറിങ്ങ് ഉള്‍പ്പെടെ രണ്ട് വരി പാതയും, ഇതോടൊപ്പം ഒരു മീറ്റര്‍ വീതിയില്‍ രണ്ട് ഭാഗത്തും നടപ്പാതയും കൂടി നിര്‍മ്മിക്കുന്ന രീതിയുള്ള രൂപരേഖയാണ് തയ്യറാക്കിയിരിക്കുന്നത്. ഇതോടൊപ്പം ടൗണ്‍ ഏരിയകളില്‍ നാല് വരിപാതയായിരിക്കും നിര്‍മ്മിക്കുന്നത്. നിലവിലുള്ള ദേശീയ പാത വിഭാഗം തീരുമാനിച്ചത്. പാത കടന്ന് പോകുന്ന പ്രദേശത്തെ അഞ്ച് പാലങ്ങളുടെയും വീതി പത്ത് മീറ്ററില്‍ നിന്നും 16 മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കും.

മാവുങ്കാലില്‍ നിന്നും തുടങ്ങുന്ന പാതയില്‍ നിലവിലുള്ള സംസ്ഥാന പാതയെ ബന്ധിപ്പിച്ചാണ് ദേശിയ പാത കടന്ന് പോകുന്നതെങ്കിലും പല സ്ഥലങ്ങളിലും റോഡിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരും. വളവുകള്‍ പൂര്‍ണ്ണമായും നികത്തി കൊണ്ടുള്ള പാത നിര്‍മ്മാണമാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ സേലം മുകേഷ് ആന്റ് അസോസിയേറ്റ്‌സ് കമ്പനി ഡയറക്ടര്‍ എം മണികണ്ഠന്‍, ഡിസയിനര്‍ എം സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 4 മാസമായി തുടരുന്ന സര്‍വ്വേയുടെ റിപ്പോര്‍ട്ട് തിരുവന്തപുരം ദേശീയ പാത വിഭാഗത്തില്‍ സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.