CLOSE

മാറിമറിയുന്ന കാഞ്ഞങ്ങാട്ടു രാഷ്ട്രീയം; ശക്തിയേറിയ പ്രഹരശേഷിയുമായി റിബലുകള്‍ കണക്കു കൂട്ടലുകള്‍ മാറിമറിമോ?

നേര്‍ക്കഴ്ച്ചകള്‍

അടിയൊഴുക്കുകള്‍ ചലപ്പോഴൊക്കെ രാഷ്ട്രീയത്തിന്റെ കുളം കലക്കാറുണ്ട്. പ്രത്യേകിച്ചും കാഞ്ഞങ്ങാട് നഗരസഭയില്‍. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും ഗതി മാറി വീശുന്ന നിരവധി ബുവ്വറി കൊടുങ്കാറ്റുകള്‍ വട്ടമിട്ടു പറന്ന, നാശം വിതച്ച മണ്ണാണ് കാഞ്ഞങ്ങാട്. ഇത്തവണയും അതു തുടരുന്നു. രാഷ്ട്രീയത്തെ തിരിച്ചും, മറിച്ചും അട്ടിമറിച്ചിടുന്ന രാഷ്ട്രീയ ചുഴലിയേക്കുറിച്ചാണ് ഇത്തവണ നേര്‍ക്കാഴ്ച്ച.

സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സുജാത ടീച്ചര്‍. നാലാം വാര്‍ഡായ അതിയാമ്പൂരാണ് തട്ടകം. വി.വി. രമേശന്‍ പയറ്റിത്തെളിഞ്ഞ മണ്ണ്. വെറും നത്തോലിയല്ല, ഇവിടെത്തെ റിബല്‍ സ്ഥാനാര്‍ത്ഥി. എന്തിനും പോന്ന രാഷ്ട്രീയക്കരുത്ത്. ബാലികേറാമലയാണ് ആ ആഗ്രഹമെങ്കിലും സുജാത ടീച്ചറെ മലര്‍ത്തിയടിച്ചേ അടങ്ങു എന്ന വാശിയിലാണവര്‍. ലീല വെറുമൊരു റിബല്‍ മാത്രമല്ലെന്നോര്‍ക്കണം. ഇതിനു മുമ്പ് അതിയാമ്പൂരില്‍ വെച്ച് എതിരില്ലാതെ തെരെഞ്ഞെടുത്ത് ചരിത്രത്തില്‍ ഇടം പിടിച്ച നേതാവ്. പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ കമ്മറ്റി അംഗം. ഭര്‍ത്താവാണെങ്കില്‍് ഒരുപാട് കാലം ബല്ല ലോക്കലിനെ നയിച്ച ആള്‍. ഭര്‍ത്താവില്‍ നിന്നും ലഭിച്ച മുല്ലപൂമ്പൊടിയേറ്റ് ലീലയും സഖാവായി. ഉയരത്തില്‍ പറന്നു കളിച്ചിരുന്ന മഹിളാ അസോസിയേഷന്റെ കൊടി കൂടുതല്‍ ഉയരത്തില്‍ പറത്തി.

സഖാവിന് പിന്നീടാണ് മനസിലായത് ഈ കൊടി കൊള്ളില്ലെന്ന്. അതിനുമുണ്ടായി നിരവധി നിമിത്തങ്ങള്‍. അതിലേക്ക് പിന്നീട് വരാം. ചുരുക്കിപ്പറഞ്ഞാല്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിയില്ലാതെയെന്ന പോലെയായി ലീലയുടെ കാര്യം. പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്നു വച്ചവരിപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. അവര്‍ക്ക് ലോക്കല്‍ കമ്മറ്റി പഠിപ്പിച്ചു കൊടുത്ത അടവു നയം കുറുക്കു വഴി തേടുകയായിരുന്നു.

അതിയാമ്പൂരില്‍ വേറേയുമുണ്ട് വിഷയം. എന്‍.എഫ്.പി.ടിയുടെ മുന്‍ നേതാവും മഹിളാ അസോയേഷന്റെ സംഘാടകയുമായ വി.വി. പ്രസന്നകുമാരിക്കും മല്‍സരിക്കണമെന്നുണ്ടായിരുന്നു. തര്‍ക്കം വലിഞ്ഞു മുറുകിയതു കാരണം സീറ്റ് സുജാത ടീച്ചറുടെ ഗോള്‍ മുഖത്തെത്തി. കളികാണാന്‍ ഗ്യാലറിയില്‍ ആളുകള്‍ കാത്തിരിപ്പുണ്ട്. ഗോളടിച്ചു കയറ്റേണ്ട പണി സുജാത ടീച്ചര്‍ക്ക്. യു.ഡി.എഫിന്റെ പിന്തുണ കിട്ടിയതോടെ ലീലയുടെ ക്യാമ്പുകളില്‍ നിന്നും ശുദ്ധ കമ്മ്യുണിസ്റ്റുകളെല്ലാം ഒഴിഞ്ഞു പോകുന്ന നിലയിലേക്ക് തെരെഞ്ഞെടുപ്പു ചിത്രം മാറി മറിയുകയാണ്. ഒകാന്തശക്തിയുടെ വ്യത്യസ്ഥ ധ്രൂവങ്ങള്‍ ഒരിക്കലും യോചിക്കുകയില്ലല്ലോ.

കഴിഞ്ഞ തവണ നഗരപിതാവിനെ തെരെഞ്ഞെടുത്തത് അതിയാമ്പുരായിരുന്നു. നഗരസഭാ അദ്ധ്യക്ഷന്മാരുടെ സംസ്ഥാന പ്രസിഡണ്ടു പദത്തിലേക്ക് വരെയെത്തി വി.വി. രമേശന്‍. ചെളിക്കുണ്ടിലാണ്ടു കിടക്കുകയായിരുന്ന നഗരസഭയെ തുടച്ചു വൃത്തിയാക്കി. സ്‌കുള്‍ സംസ്ഥാന കലോല്‍സവം വൃത്തിയായി നടത്തിക്കൊടുത്തു. നാഥനില്ലാതിരുന്ന ബസ് കോറിഡോറുകളിലേക്ക് ജനപാതയൊരിക്കി. പാര്‍ട്ടിയില്‍ കേണലായി. തന്റെ അഞ്ചു വര്‍ഷം നഗരത്തിനു വേണ്ടി നീക്കിവെച്ചുവെങ്കിലും അതിയാമ്പൂരിന്റെ പ്രശ്നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിഞ്ഞില്ലെന്ന ആക്ഷേപമുണ്ടായി. അവരൊക്കെ ഇപ്പോള്‍ ലീലയുടെ പാളയത്തിലാണ്.

ദുര്‍ഗാ ഹൈസ്‌കൂള്‍ റോഡ് 5- ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കുസുമം. അവര്‍ക്കുമുണ്ട് റിബല്‍ ശല്യം. ഇത് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ വജ്റേശ്വരി സ്വതന്ത്രയായി മല്‍സരിക്കുന്നതിനു പിന്നിലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഏറെയുണ്ട് ചര്‍ച്ച ചെയ്യാന്‍. അതൊക്കെ ഇനി ജനവിധിക്കു ശേഷമാവാം.

നിലാങ്കര 18- ാം വാര്‍ഡിലെ ലീഗ് നേതൃത്വവും റിബല്‍ച്ചൂടിലാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ടി. അസീസാണ് ലീഗിന്റെ ഒദ്യോഗിക സ്ഥാനാര്‍ത്ഥി. കറ കളഞ്ഞ വ്യക്തിത്വം. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് അദ്ദേഹം. ജനസമ്മതന്‍. അദ്ദേഹത്തിനു ഭീഷണിയായി കെ.കെ. ഇസ്മായിലാണ് റിബല്‍. അസീസ് ചില്ലറക്കാരനല്ല . ജനപ്രീതിയില്‍ മുമ്പന്‍. മുനിസിപ്പല്‍ മുസ്ലീം ലീഗിന്റെ സെക്രട്ടറി. നിലാങ്കര വാര്‍ഡ് പ്രസിഡണ്ട്. സഹകരണ ബാങ്കിന്റെ ഡയരക്റ്റര്‍. ഇസ്മായിലിനു മാനസാന്തരമുണ്ടായതാണ്. പക്ഷെ വൈകിപ്പോയി. ഇസ്മായിലിനു ഒരു പക്ഷമേയുള്ളു. പാര്‍ട്ടിക്കകത്തെ അപ്രമാതിത്വം അവസാനിക്കണം. അതിനാണിത്. കൂടെ നില്‍ക്കുന്നവര്‍ അതിനായി യത്നിക്കുന്നു. കഴിഞ്ഞ തവണ നീലാങ്കര തുണച്ചത് എല്‍.ഡി.എഫിനേയായിരുന്നു. പിടിച്ചെടുക്കാന്‍ എളുപ്പുമുള്ള വാര്‍ഡാണിത്. പടലപിണക്കങ്ങളാല്‍ നിറം മങ്ങുന്ന ലീഗ് രാഷ്ട്രിയമാണിവിടം. ഏതായാലും കാഞ്ഞങ്ങാട്ടെ പ്രശ്നങ്ങള്‍ അത്ര ചെറുതായല്ല സംസ്ഥാന നേതൃത്വം കാണുന്നത്. സംസ്ഥാന നേതൃത്വം വിഷയം ഏറ്റെടുത്തിട്ടുണ്ട്. പന്തു കുഞ്ഞാലിക്കുട്ടിയുടെ കാല്‍ക്കല്‍.

12ാം വാര്‍ഡ് ആറങ്ങാടിയിലുമുണ്ട് പ്രശ്നങ്ങള്‍. ലീഗിനു നീക്കി വെച്ച വാര്‍ഡില്‍ പഴയ ലീഗുകാരന്‍ മുത്തലിബ് മല്‍സരിക്കുന്നു. ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയാണ് മുത്തലീബ്. ലീഗിലെ മണ്ഡലം ജോ.സെക്രട്ടറിയായിരുന്നു. വളരെ നേരിയ ഭുരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ലീഗിന് ഈ സീറ്റ് നഷ്ടപ്പെട്ടതെന്നും ഓര്‍ത്തെടുക്കേണ്ടതുണ്ട്.

കളിക്കളത്തിലെ മറഡോണയായിരിക്കുകയാണ് എം. ഇബ്രാഹിം. 37- ാം വാര്‍ഡ് ബാവനഗറിലെ കളത്തിലാണ് പോരാട്ടം. ദൈവം തന്നെ പിന്തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇബ്രാഹിം. അദ്ദേഹം കളം നിറഞ്ഞു കളിക്കുന്നുണ്ട്. മറഡോണയെപ്പോലെ.
ലീഗ് സ്ഥാനാര്‍ത്ഥി സി. കെ. അഷറഫ് എന്നാല്‍ ലീഗിന്റെ നാവാണ്. ജനപ്രീതി നിറഞ്ഞ നേതാവ്. എന്നാല്‍ ഇബ്രാഹിമിനും ജനപ്രീതിക്ക് ഒട്ടും കുറവില്ല. വാര്‍ഡില്‍ നല്ല ബന്ധങ്ങള്‍.

സാധാരണക്കാരന്റെ കൂടെ എന്നും ഇബ്രാഹിമുണ്ടായിരുന്നു. സാധാരണക്കാരന്റെ വിശപ്പു കണ്ടു വളര്‍ന്ന്, ജനസമ്മിതിയാല്‍ നേതാവായി. ബീഡി തെറുപ്പായിരുന്നു തൊഴില്‍. അവിടെ നിന്നും രക്ഷപ്പെടില്ലെന്ന് കണ്ടപ്പോള്‍ പ്രവാസിയായി. അവിടേയും ഭാഗ്യം തുണച്ചില്ല. എല്ലാം നഷ്ടപ്പെട്ട് വീണ്ടും ജനങ്ങളിലേക്ക്. മാനമായി ചെയ്യാന്‍ സാധിക്കുന്ന പല ജോലികളിലും ഏര്‍പ്പെട്ടു. രക്ഷ കിട്ടിയില്ല. ഒടുവില്‍ തീരുമാനിച്ചു. മരണംവരെയും ലീഗിന്റെ സേവകനായി കാല കഴിക്കുക. അതിനുള്ള മുതല്‍ കൈയ്യിലുണ്ട്. അടങ്ങാത്ത ലീഗ് പ്രണയം. സത്യത്തോടുള്ള അടുപ്പം. ഇതെല്ലാം ഒപ്പമുണ്ട്.

തന്റെ സംഘടനയോടുള്ള വിരോധമല്ല, പറഞ്ഞു പറ്റിച്ച പ്രാദേശിക നേതൃത്വത്തെ ഒരു പാഠം പഠിപ്പിക്കണം. അത്രതന്നെ. ഇബ്രാഹിമിനെ ഒന്നു കരപിടിപ്പിച്ചാല്‍ കൊള്ളാമെന്ന് ഇടതിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. 200 വോട്ടുകള്‍ മാത്രമേ ഇടതിനുള്ളു. വേണമെങ്കില്‍ സ്ഥാനാര്‍ത്ഥി(ചന്ദ്രന്‍)യെ മരവിപ്പിക്കാനും ഒരു പക്ഷെ ഇടതുകാര്‍ തയ്യാറായേക്കും. പക്ഷെ ഇബ്രാഹിമിനൊരു നിലപാടുണ്ട്. പിന്തുണ വേണ്ടെന്നു പറയില്ല. അതെഴുതിത്തരില്ല. രഹസ്യമായിട്ടു പോലും. നഗരസഭയില്‍ ലീഗിന് ഏതിരെ വോട്ടു ചെയ്യേണ്ടി വന്നാലോ എന്ന ഭയമാണത്രെ ഇതിനു കാരണം.

ലീഗിന്റെ ഉറച്ച സീറ്റാണ് 40-ാം വാര്‍ഡ്. രാഷ്ട്രീയ തഴക്കവും പഴക്കവുമുള്ള നേതാവാണ് ഇവിടെ ലീഗിനു വേണ്ടി കളത്തില്‍. ലീഗുകാരിയായി രാഷ്ട്രീയത്തില്‍ വന്നു. സ്വന്തം അഭിപ്രായത്തെ മാനിക്കാതായപ്പോള്‍ അവിടം വിട്ടു. പിന്നീട് ഡി.ഐ.സിയും, കോണ്‍ഗ്രസുമായി ഒക്കെ ചേര്‍ന്നു പ്രവര്‍ത്തിച്ചു നോക്കിയെങ്കിലും ലീഗിനോളം പോരില്ല അവരാരുമെന്നു ബോധ്യപ്പെട്ടപ്പോള്‍ വീണ്ടും ലീഗിലെത്തി. ഇപ്പോള്‍ ലീഗിന്റെ സജീവ പ്രവര്‍ത്തക. ജയസാധ്യത നൂറു ശതമാനമെന്ന് തറപ്പിച്ചു പറയുന്നു സ്ഥാനാര്‍ത്ഥി പി.സി. സുബൈദ. വിമതയുടെ വേഷം ആസിയ ഉബൈദാണ്. വനിതാലീഗിന്റെ ശാഖാപ്രസിഡണ്ടാണ് ആസിയ.
പ്രത്യേകിച്ച് അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ലീഗിന് ജയിച്ചു കയറാന്‍ പ്രയാസമില്ലാത്ത ഇടമാണ് 40ാം വാര്‍ഡ്.

നിലവിലെ ചെയര്‍മാന്‍ വി.വി. രമേശന്റെ വാര്‍ഡിലും അടിയൊഴുക്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
കപ്പലില്‍ തന്നെയുള്ള കള്ളന്മാരെ കണ്ടെത്തുക പ്രയാസമാണല്ലോ. കഴിഞ്ഞ ടേമിലെ രമേശിന്റെ പ്രകടനത്തില്‍ അസൂയ്യ പുണ്ടതിനാലായിരിക്കണം. പരാജയത്തിന്റെ കയ്പ്പു നീരു കുപ്പിയിലാക്കി പാര്‍ട്ടി നേതൃത്വത്തിലെ ഒരു ചെറുവിഭാഗം പിന്നണിയിലുണ്ടെന്നാണ് സംസാരം. അടുത്ത തവണ ഉദുമയില്‍ മല്‍സരിക്കേണ്ടിയിരുന്ന സി.പി.എം ഉദുമാഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ടാവാന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഉദുമയിലെ എം.എല്‍.എയാവാന്‍ രമേശന് ക്ഷണം ലഭിച്ചെന്നിരിക്കും. അത് തടയുകയെന്ന കുബുദ്ധി എവിടെയോ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം ദൈവത്തിന്റ , അല്ല സി.ബി.ഐയുടെ കൈയ്യിലാണിരിക്കുന്നത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *