CLOSE

തെരെഞ്ഞെടുപ്പു സൂചികയിലെ ചാണക്യ സൂക്തങ്ങള്‍

നേര്‍ക്കാഴ്ച്ചകള്‍….

തെരെഞ്ഞെടുപ്പു സൂചികയിലെ ചാണക്യ സൂക്തങ്ങള്‍
നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

തെരെഞ്ഞെടുപ്പുല്‍സവത്തിന്റെ കൊടി താഴുകയായി. ഇനി ആകാംക്ഷ.

കനത്ത തോല്‍വി നേരിട്ടനുഭവിച്ചതിനാല്‍ പിണറായി സര്‍ക്കാര്‍ തല്‍ക്ഷണം രാജിവെക്കുമോ?

ഇടതു തരംഗത്തില്‍ മുങ്ങി നിലകിട്ടാതെ മുങ്ങിത്താഴുമോ യു.ഡി.എഫ്?
ബി.ജെ.പിയുടെ ത്രിപുര മോഡല്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് ബോധ്യപ്പെടുമോ കേന്ദ്രത്തിന്?

നാലു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കുള്ള വിജയക്കുറിപ്പിന്റെ ക്ഷണപത്രമായിരിക്കും ഈ തെരെഞ്ഞെടുപ്പെന്ന് ഇടതുകാര്‍ കട്ടായം പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സരിതവിഷയം ചതിയില്‍പ്പെടുത്തിയതുപോലെ സ്വപ്നാസുരേഷ് വിഷയം പിണറായി സര്‍ക്കാരിന്റെ കുഴി തോണ്ടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബി.ജ.പിയുടെ ത്രിപുരാ മോഡല്‍ കേരളത്തില്‍ ഫലം കാത്തിരിക്കുകയാണ് ബി.ജെ.പി.

കനത്ത പോളിങ്ങായിരുന്നു ഇത്തവണ. ജനം അണമുറിയാതെ ഒഴുകിയടുകിയെത്തി. അവര്‍ എന്തോ കരുതി വെച്ചതു പോലെ. പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് ആവര്‍ത്തിക്കാനാണ് ഇങ്ങനെ ജനം ആര്‍ത്തിരമ്പി വരുന്നതെന്ന് തറപ്പിച്ച് പറയാന്‍ യു.ഡി.എഫിനാകുന്നില്ല.

ഗ്രാമപ്രദേശങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ജനമിളകി വരുന്നത്. നഗരസഭകളിലും, കോര്‍പ്പറേഷനുകളിലും അത്ര തിരയിളക്കമില്ലെങ്കിലും ജനതംരംഗങ്ങള്‍ രൂപപ്പെട്ടിരുന്നു.

ജനം ഇങ്ങനെ ഇരച്ചിറങ്ങിയതിനു കാരണങ്ങളുടെ വിലയിരുത്തപ്പെടലുകള്‍ നടക്കുന്നു. പാവങ്ങളും സാധാരാണക്കാരുമായ ബഹുഭൂരിപക്ഷ ജനത ജാതി മത രാഷ്ട്രീയ ഭേതത്തിനതീതമായി പിണറായി സര്‍ക്കാരിനുള്ള പിന്തുണ അറിയിക്കാനെത്തിയതാണ് ഈ തരംഗത്തിനു കാരണമെന്ന് ഇടതുകാര്‍. സര്‍ക്കാരിന്റെ പ്രഭ സ്വര്‍ണക്കടത്തോടെ മങ്ങിയെന്നും, അക്കാര്യം അറിയിക്കാനാണ് ജനമെത്തിയതെന്നും യു.ഡി.എഫ്. ഇടതിന്റെ പ്രഹരം താങ്ങാന്‍ ഒരേ ഗോള്‍പോസ്റ്റില്‍ തലങ്ങും വിലങ്ങുമായി രണ്ടു ഗോളികളെ നിര്‍ത്തി കളി നേരിടുകയാണ് ഇത്തവണ കോണ്‍ഗ്രസും, ബി.ജെ.പിയുമെന്ന് ഇടതുകാര്‍. മുഖ്യശത്രു ബി.ജെ.പി തന്നെയെന്ന് കോണ്‍ഗ്രസ്. സി.പി.എമ്മിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബി.ജെ.പിയോട് കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന ചോദ്യത്തിനു ത്രിപുരയില്‍ നിങ്ങളെ കൊക്കിലൊതുക്കിയില്ലെ എന്ന് ബി.ജെ.പിയുടെ മറു ചോദ്യം. ഇങ്ങനെ പോകുന്നു തെരെഞ്ഞെടുപ്പ് വാഗ്മല്‍സരങ്ങള്‍.

ഗ്രാമപഞ്ചായത്തുകളില്‍ മിക്കതും ഇടതുകാര്‍ തൂത്തുവാരുമെന്ന പ്രവചനത്തിനു പിന്നാലെ നഗരസഭകളും കോര്‍പ്പറേഷനുകളും വലതുമുന്നണിയെ തുണച്ചേക്കാനാണ് സാധ്യത. മേല്‍ത്തരം വോട്ടര്‍മാരിലും നിത്യ വായനക്കാരിലും, അമിതാനുരാഗ മാധ്യമ ശ്രോതാക്കളിലും പിണറായി സര്‍ക്കാരിലുള്ള മതിപ്പ് തുലോം കുറഞ്ഞതായി വിലയിരുത്തലുണ്ട്. അതു കൂടി കണക്കിലെടുത്താണ് കടുത്ത മല്‍സരമുണ്ടായതായി വിലയിരുത്തപ്പെടുന്നത്.

മൂക്കില്ലാ രാജ്യത്തെ മുറിമുക്കനെന്ന പോലെ ഉല്‍സവങ്ങളില്ലാത്ത കാലത്തെ മുറിമൂക്കന്‍ ഉല്‍സവമായി മാറിയിരിക്കുന്നു, ത്രിതല തെരെഞ്ഞെടുപ്പുല്‍സവം. കോവിഡ് പ്രതിസന്ധിയിലും ജനം ഇളകി മറിഞ്ഞു. പ്രാദേശിക സര്‍ക്കാരുകളെ തെരെഞ്ഞെടുക്കലായിരുന്നു തെരെഞ്ഞെടുപ്പു കമ്മീഷന്റെ ലക്ഷ്യമെങ്കിലും ഉയര്‍ന്നു പൊങ്ങിയത് സംസ്ഥാന വിഷയങ്ങളായിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രിക്ക് തന്നെ ഇങ്ങനെ പറയേണ്ടി വന്നു.

‘സ്വര്‍ണക്കടത്തും, അഴിമതി ആരോപണങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനിടയില്‍ വികസ കാര്യത്തില്‍ ഇന്നതൊക്കെ ചെയ്തില്ല എന്ന് എണ്ണിപ്പറയാന്‍ പ്രതിപക്ഷത്തിന്റെ കൈയ്യില്‍ എന്തെങ്കിലും ഉണ്ടോ .’

മുഖ്യമന്ത്രിക്ക് വേണ്ടത്ര സുഖം പോരെന്നും, ഇതിനിടെ അമേരിക്കയോളം പോയി ചികില്‍സ കഴിഞ്ഞു വരികയായിരുന്നുവെന്നും, വിശ്രമം അനിവാര്യമായിരുന്നുവെന്നും മറ്റുമുള്ള നഗ്‌ന സത്യം ഇടതുകാര്‍ വരെ മറച്ചു വെച്ചിരുന്നു. അന്തരീക്ഷ പൊടിപടലങ്ങളും, മലിനാവസ്ഥയും, പുതിയ കാലത്തെ ജനസമ്പര്‍ക്കവും ദോഷം ചെയ്യുമെന്നിരിക്കെ, ജനത്തിരക്കിനിടയിലേക്കു ഇറങ്ങാന്‍ പിണറായി തയ്യാറായിരുന്നില്ല. ഇതെല്ലാവര്‍ക്കുമറിയാം. എന്നിട്ടും ആളെക്കാണാനില്ലെന്നും, യവനികക്കു പിന്നിലാണ് പിണറായിയെന്നും ആക്ഷേപം വന്നു. അപ്പോഴും എതിരാളികള്‍ക്ക് നല്ല ബോധ്യമുണ്ട്. പിണറായിയുടെ പരിമിതകളേക്കുറിച്ച്. തോല്‍ക്കും മുമ്പേ തോല്‍വി സമ്മതിച്ചോ എന്നാണ് പ്രതിപക്ഷ ചോദിച്ചത്. പടക്കുറിപ്പില്ലാത്ത പട എന്ന് ആക്ഷേപിച്ചു.

മുമ്പൊക്കെ, അങ്കത്തട്ടുയരുമ്പോഴെല്ലാം ഇടതിനു വേണ്ടി അശ്വമേധം നടത്തിയിരുന്നത് വി.എസ് ആയിരുന്നു. ജനത്തെ ഇളക്കാന്‍ അദ്ദേഹത്തിന്റെ മിമിക്രിഭാഷ്യം ബഹു കേമമായിരുന്നു. ഇത്തവണ തട്ടകത്തില്‍ വി.എസില്ല. വി.എസ് ഇല്ലാത്ത സമീപ കാലത്തെ ആദ്യ അങ്കം. വി.എസ് പോട്ടെ, കോടിയേരിയും, കാനവും രംഗത്തില്ല. മറുഭാഗത്താകട്ടെ, യു.ഡി.എഫിന്ന് വേണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, സി.പി ജോണ്‍, പി.ജെ ജോസഫ്, ഹൈദരലി ശിഹാബ് തങ്ങള്‍ വേണ്ടതിലധികം നേതാക്കള്‍. സോണിയയുടെ ആരോഗ്യ പ്രശ്നം എല്ലാവരും കണക്കിലെടുത്തിരിക്കുന്നു. അതിനാല്‍ ആര്‍ക്കും അശേഷം പോലുമില്ല പരിഭവം. രാഹുല്‍ഗാന്ധി വരാത്തതിനു കാരണമായി ചൂട്ടിക്കാണിക്കുന്നത് പ്രളയ ബാധിതര്‍ക്ക് നല്‍കാന്‍ വെച്ച അരി പോലും പൂഴ്ത്തി വെച്ചവരോടുള്ള കലി മുലമെന്നാണ് കേള്‍വി.

എന്‍.ഡിഎയിലെ വല്യേട്ടനായ ബി.ജെ.പിയിലുമുണ്ട് തൊഴുത്തില്‍ക്കുത്ത്. മന്ത്രി വി.മുരളീധരനുമായി ഉടക്കി മുന്‍നിര നേതാക്കള്‍ മാറി നില്‍ക്കുന്നു. തീപ്പൊരി നേതാക്കളായ ശോഭാസുരേന്ദ്രനും, ശശികല ടീച്ചറും, തെരെഞ്ഞെടുപ്പിന്റെ ഏഴയലത്തു പോലുമില്ല. കെ.സുരേന്ദ്രന്‍ ഒറ്റക്കാണ് പട നയിക്കുന്നത്. വെക്കുന്നതും, വാങ്ങുന്നതും, ഊട്ടുന്നതും സുരേന്ദ്രന്‍ തന്നെ.

സുരേന്ദ്രന് ഇത് ജീവന്മരണ പോരാട്ടമാണ്. നാടുവിട്ടു പോയ ഗവര്‍ണര്‍ കെ. ശ്രീധരന്‍ പിള്ള തന്റെ പുസ്തകത്തിന്റെ പ്രകാശനമെന്നും പറഞ്ഞ് കേരളത്തിലേക്ക് വീണ്ടുമെത്തിയിട്ടുണ്ട്. കുട്ടിക്കളിയല്ല ഗവര്‍ണര്‍ സ്ഥാനമെന്നു പറഞ്ഞു വെച്ചിട്ടുമുണ്ട്. സുരേന്ദ്രന് ഒന്നില്‍ പിഴച്ചാല്‍ പാര്‍ട്ടിക്ക് പതിനെട്ടിലും പിഴക്കും. തെരെഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ചില മുന്നേറ്റങ്ങളുണ്ടായില്ലെങ്കില്‍ സുരേന്ദ്രന്റെ ചീട്ടുകീറാന്‍ വരെ സാധ്യതയേറുന്ന തെരെഞ്ഞെടുപ്പാണിത്.

സി.പി.എമ്മിന് മാത്രമല്ല, ഇതര പാര്‍ട്ടികള്‍ക്കും ത്രിതല പഞ്ചായത്തിലെ വിജയം ജീവന്‍മരണ പോരാട്ടമാണ്.

സി.പി.എം നട്ടു വളര്‍ത്തിയ വന്‍ മരത്തിന്റെ ശിഖരങ്ങള്‍ക്കു വാട്ടം തട്ടിയാല്‍ ലോകം തിരസ്‌കരിച്ചു കൊണ്ടിരിക്കുന്ന ഇടതു കാഴ്ച്ചപ്പാടുകളുടെ കടയ്ക്കല്‍ കേരള ജനതയും കത്തിവെച്ചു തുടങ്ങിയിരിക്കുന്നുവെന്ന പ്രചരണത്തിനു ശക്തി കൂടും. ബംഗാള്‍, ത്രിപുര കേരളത്തേക്കാള്‍ പ്രായവും പാരമ്പര്യമുള്ള വന്‍ മരങ്ങളുടെ കാതലുണങ്ങിയതു പോലെ ഇവിടെയും സംഭവിച്ചു കളയുമോ എന്ന ആധിയിലാണ് ശുദ്ധ കമ്മ്യൂണിസ്റ്റുകാര്‍.

മറ്റൊരു പ്രത്യേകത ദൃശ്യമാധ്യമങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇടപ്പെടലുകളാണ്. നവമാധ്യമങ്ങള്‍ ഇത്രത്തോളം ഇടപെട്ട മറ്റൊരു തെരെഞ്ഞെടുപ്പ് ഇതേവരെ ഉണ്ടായിട്ടില്ലെന്നു വേണം കരുതാന്‍. സംഗതി എന്തുമാകട്ടെ, ഇക്കുറി പണി കിട്ടുന്നത് ആര്‍ക്കൊക്കെയാണെന്ന സത്യം സത്യമായറിയാന്‍ 16വരെ കത്തിരുന്നേ മതിയാകു.

യു.ഡി.എഫ് തിരിച്ചു വന്നാല്‍ ഇടതിന്റെ പദ്ധതികളെല്ലാം ഇരുട്ടിലാകും. ലൈഫ് പദ്ധതിയുടെ ലൈഫ് ഇതോടെ തീരും. കെ.ഫോണും അധോഗതിയിലാകും. എന്നാല്‍ സി.പി.എം വിജയക്കൊടി പറത്തിയാല്‍ നേരിട്ട ആരോപണങ്ങളെല്ലാം ജലരേഖ പോലെ മാഞ്ഞു പോകും. ആളോഹരി കടം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചെന്നിരിക്കും. ബി.ജെ.പി വന്നാല്‍ നവോദ്ധാന കേരളം പടുത്തുയര്‍ത്തിയവയെല്ലാം തച്ചുടക്കപ്പെട്ട് മതാത്മക കേരളം തിരിച്ചു വന്നെന്നിരിക്കും. യു.ഡി.എഫിനാണ് മേല്‍ക്കൈയെങ്കില്‍ ബഹുദൂരം പിന്നോട്ടായിരിക്കും സഞ്ചാരം.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വന്‍ ചുഴിയും, ഗര്‍ത്തവും, കനല്‍ക്കട്ടകളുമാണ്. അതോര്‍ത്ത് ജനം വേവലാദിപ്പെട്ടു തുടങ്ങി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *