CLOSE

ഉദുമയെ വരിച്ചാല്‍ ജില്ല ഭരിക്കാം; ഉദുമ ഡിവിഷന്‍ ഇടത്തോട്ടു ചായുന്നുവോ?

നേര്‍ക്കാഴ്ച്ചകള്‍

ജില്ലാപഞ്ചായത്തിന്റെ കീഹോളാണ് ഉദുമാ ഡിവിഷന്‍. ഉദുമ ഡിവിഷന്‍ വരിക്കുന്ന മുന്നണിക്കായിരിക്കും പഞ്ചായത്ത് ഭരണം. ചരിത്ര നിയോഗമാണത്. ഇത്തവണ ഉദുമ ഇടത്തോട് ചായുന്നതായി തെരെഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. അത് ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള നിമിത്തമായേക്കും. ഇടതുപക്ഷം ശക്തമായ പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കൂടെ ഓടിയെത്താന്‍ വലതു മുന്നണിക്ക് കിതക്കേണ്ടിയും വന്നു. സാധ്യതകളെ ഇഴകീറി പരിശോധിക്കുമ്പോള്‍ ചിത്രം കൂടുതല്‍ തെളിഞ്ഞു വരുന്നു.

ബി.ജെ.പിക്കു ജില്ലയില്‍ ആകെ ലഭിക്കാവുന്ന വോട്ടുകളുടെ കൃത്യമായ കണക്കെടുപ്പിനു വേണ്ടിയാണ് ഇത്തവണ തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അവര്‍ തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ലഭിക്കുന്ന വോട്ടു കണക്കാക്കിയാണ് വരും നിയമസഭയിലെ അടവു നയം അവര്‍ രൂപപ്പെടുത്തുക. അതു കൊണ്ടു തന്നെ സാധാരണ സംഭവിക്കാറുള്ളതു പോലെ ജയ സാധ്യതയില്ലാത്ത ബി.ജെ.പി കേന്ദ്രങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിക്കുന്ന സ്ഥിതി ഇത്തവണ കാണാനിടയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വോട്ടു പരിമിതപ്പെടാന്‍ ഇതു കാരണമാക്കും. മാത്രമല്ല, കോണ്‍ഗ്രസിനകത്തു തന്നെ പെരിയ രാജനും, രാജനെ അനുകൂലിക്കുന്നവരും സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ജീവന്മരണ പോരാട്ടം നടത്തിയതായി കണ്ടില്ല.

മറ്റൊരു വിഷയം സുധര്‍മ്മയാണ്. മുല്ലച്ചേരിക്കടുത്തുള്ള ഞെക്ലി എന്ന ഗ്രാമത്തിലെ കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് സുധര്‍മ്മ. സംഘടനാ രംഗത്ത് സംസ്ഥാന തലത്തില്‍ ഭാരവാഹിത്വം അലങ്കരിച്ച സുധര്‍മ്മക്ക് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കണമെന്നുണ്ടായിരുന്നു. ഡി.സി.സിയുടെ സമ്മതി നേടിയ സ്ഥാനാര്‍ത്ഥിയാണെങ്കില്‍പ്പോലും മഹിളാ കോണ്‍ഗ്രസിന്റെ അവസാന വാക്കായ ഗീതകൃഷ്ണന് സീറ്റ് നല്‍കാതെ വയ്യ, എന്ന നില വന്നു. സുധര്‍മ്മ തഴയപ്പെടുകയായിരുന്നു. തെരെഞ്ഞെടുപ്പു പ്രചരണങ്ങളില്‍ സുധര്‍മ്മ അഹോരാത്രം അദ്ധ്വാനിച്ച് തന്റെ രാഷ്ട്രീയ സത്യസന്ധത കാണിച്ചുവെങ്കിലും വന്ന അപമാനം സുധര്‍മ്മയുടെ നാട്ടുകാര്‍ സഹിക്കാനിടയില്ല. കോണ്‍ഗ്രസിനു സാമാന്യം നല്ല വോട്ടുസ്വാധീനമുള്ള ഇടങ്ങളാണ് മുല്ലച്ചേരിയും, ഞെക്ലിയും.

ഡി.സി.സി സെക്രട്ടറിയും മല്‍സ്യ മേഖലയിലെ സംസ്ഥാന സാരഥിയുമാണ് വിദ്യാസാഗര്‍. നീതിക്കായി രാജി എഴുതിക്കൊടുക്കേണ്ടി വരെ വന്നിട്ടുണ്ട് അദ്ദേഹത്തിന്. തന്റെ തട്ടകത്തില്‍ വിരിയുന്ന തീരദേശ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സ്വമേധയെല്ലെങ്കില്‍ പോലും കാരണമായേക്കും.

കൂടാതെ ഗീതാ കൃഷ്ണന്റെ തട്ടകമായ ഉദുമയിലെ ചില കേന്ദ്രങ്ങളില്‍ സംഘടനാ ദൗര്‍ബല്യം കാരണം ആവശ്യമായ വോട്ടുകള്‍ സമാഹരിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്. ഗീതാ കൃഷ്ണന്‍ ഇടപെട്ടു പരിഹരിച്ച ചില വിഷയങ്ങളില്‍ സ്ഥാനാര്‍ത്ഥിയോടുള്ള നീരസം പ്രകടമാക്കാനും, മധുരമായി പ്രതികാരം വീട്ടാനും ചില സമ്മതിദാനം നെഗറ്റീവ് വോട്ടുകളായി മാറിയിരിക്കണം. ഇതിനൊക്കെ പുറമെ, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ഒരു രാശിക്കു കീഴില്‍ നിര്‍ത്തി പ്രചരണം കടുപ്പിക്കാന്‍ സാധിക്കാതെ വന്നതും വിഷയമായിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ച് കൊപ്പലില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും ശുദ്ധ കോണ്‍ഗ്രസുകാരില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. തെരെഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസിനെ അപേക്ഷിച്ച് ലീഗായിരുന്നു എവിടേയും, എല്ലാറ്റിനും മുന്നിലുണ്ടായിരുന്നത്.

ഗീതാ കൃഷ്ണനെ പരാജയപ്പെടുത്താനായി ഗ്രൂപ്പിനകത്തു നിന്നു തന്നെ ഗ്രൂപ്പു യോഗം വരെ നടന്നു എന്നും സ്ഥിതീകരിക്കാത്ത വര്‍ത്തമാനങ്ങളുണ്ട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *