CLOSE

നഗരമാതാവിനോട് വിനയപൂര്‍വ്വം: ഓട്ടോ തൊഴിലാളികള്‍ മുതല്‍ വഴിയോര കച്ചവടക്കാര്‍ക്കു വരെ ഏറെ പറയാനുണ്ട്

നേര്‍ക്കാഴ്ച്ചകള്‍

കാഞ്ഞങ്ങാട് നഗരസഭ വീണ്ടും ചുവന്നുകഴിഞ്ഞു. വികസനത്തിന്റെ ചെങ്കോല്‍ മുന്‍ അദ്ധ്യക്ഷന്‍ വി.വി.രമേശനില്‍ നിന്നും സുജാത ടീച്ചറിലേക്കെത്തുകയാണ്. നിയുക്ത നഗരമാതാവിനോട് ജനങ്ങള്‍ക്കുണ്ട് ഏറെ ആവലാതികള്‍. കൂട്ടത്തില്‍ വികസന കാഴ്ച്ചപ്പാടുകളും. സൂക്ഷ്മതയോടെ ചെവിയോര്‍ക്കുകയാണ് സൂജാതടീച്ചറുടെ നിലപാടുകളെ, നീക്കങ്ങളെ ജനം.

ഇനിയും വിയര്‍പ്പൊഴുക്കേണ്ടതുണ്ട്, സമഗ്രവികസനത്തിന്റെ പാത വെട്ടിപ്പിടിക്കാന്‍ ടീച്ചര്‍ക്ക്. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ കെട്ടിടമുറികള്‍ ലേലം ചെയ്യാനായിട്ടില്ല. സ്റ്റാന്റിലേക്ക് മുഴുവന്‍ ബസുകളേയും കടത്തിവിടാനുമായിട്ടില്ല. വാഴുന്നോറൊടി കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലും ഇടപെടേണ്ടതുണ്ട്. ഒരു ഭരണഘടനാ – ധനകാര്യ സ്ഥാപനം എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന കാര്യത്തില്‍ ടീച്ചറില്‍ അഞ്ജത നിഴലിക്കുമെങ്കിലും, നഗരസഭയിലേക്ക് വന്നു ചേരാവുന്ന നികുതികള്‍ വസൂലാക്കുന്നതില്‍ അലംഭാവമുണ്ടായാല്‍ അതു തനതു വികസനത്തിന്റെ കടക്കല്‍ കത്തിവെക്കലാകും. ഹെഡ്മിസ്റ്റ്ട്രസിന്റെ മഹത്വമായിരിക്കുമല്ലോ, ജീവനക്കാരുടേയും, അദ്ധ്യാപകരുടേയും ശക്തി.

എം.എം. യുസഫ് അലി അനുവദിച്ചു തന്ന 10 ലക്ഷമെന്ന നിധി വളര്‍ത്തി വലുതാക്കി പാലിയേറ്റീവ് പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. കഷ്ടപ്പെടുന്ന ഒരു പിടി രോഗികളുണ്ട് ഇവിടെ.

2010ലെ ഭരണ സമിതിയുടെ സ്വപ്നപദ്ധതിയായിരുന്നു സയന്‍സ് പാര്‍ക്ക്. അതുപോലെ ചില്‍ഡ്രന്‍സ് പാര്‍ക്കും. രണ്ടും ഒരടി പോലും മുമ്പോട്ടു പോയിട്ടില്ല. കാടുമൂടപ്പെട്ട പദ്ധതി വെട്ടിത്തെളിച്ച് പ്രകാശം പരത്തേണ്ടതുണ്ട്. മുന്‍ ചെയര്‍മാന്‍ നേരിട്ടിറങ്ങി നാട്ടാരേയും കൂട്ടി വൃത്തിയാക്കിയ മല്‍സ്യ മാര്‍ക്കറ്റില്‍ ഇനിയുമുണ്ട് ന്യൂനതകള്‍. മലിനജലം കെട്ടിക്കിടിക്കുന്ന പ്രശ്നങ്ങളുണ്ട്. ഒന്നു മുന്നില്‍ നിന്നാല്‍ മാത്രം മതി, കൂടെവരാന്‍ നാട്ടാരുടെ പട്ടാളമുണ്ടാകും. ഇതിനുമുമ്പും ഇതു കണ്ടതാണല്ലോ. ടീച്ചറുടെ മുന്‍കൈ മാത്രം മതിയാകും.

മറ്റൊരു ഗുരുതര വിഷയമാണ് കാഞ്ഞങ്ങാട്ടെ ഗതാഗതപ്രശ്നം. എത്ര പരിശ്രമിച്ചിട്ടും പരിഹരിക്കപ്പെടാത്ത ബാലികേറാമല. ശ്രീരാമ സ്പര്‍ശനമേല്‍ക്കാന്‍ കാത്തു നില്‍ക്കുന്ന അഹല്യയെ പോലെ. ഇനിയെങ്കിലും തീര്‍ക്കാന്‍ കഴിഞ്ഞേക്കുമോ പാര്‍ക്കിങ്ങ് പ്രശ്നം? അലക്ഷ്യമായി നിര്‍ത്തിയിട്ട് മാര്‍ഗ തടസം സൃഷ്ടിക്കുന്ന നിലവിലെ അവസ്ഥ മാറിയേ മതിയാകു. പട്ടണ പരിസരത്തുള്ള സ്വകാര്യ ഭൂമി പാട്ടത്തിനെടുത്തെങ്കിലും സൗകര്യം സാധ്യമാക്കേണ്ട ചുമതല ടീച്ചറില്‍ നിക്ഷിപ്തമായിരിക്കുന്നു. വാഹന അച്ചടക്ക നടപടികള്‍ തീരേ ഇല്ല. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറക്കുന്നു. വികലമാണ് സംവിധാനങ്ങള്‍.

ഒരു ചെറു അപടകമെങ്കിലും ഇല്ലാദിനങ്ങളുണ്ടാകാറില്ല. കണ്ടെയ്നര്‍ ലോറികള്‍, പെട്രോള്‍-ഡീസല്‍ ടാങ്കറുകള്‍, പത്തും പന്ത്രണ്ടും വീലുകളുള്ള വന്‍ഭാരവാഹികള്‍… ഇങ്ങനെ അളവറ്റ വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്ന റോഡാണ് കെ.എസ്.ടി.പി. വന്‍ ഭാരവാഹനങ്ങളെ നഗരത്തിനകത്ത് പ്രവേശിപ്പാതിരിക്കാന്‍ ആര്‍.ടി.ഒയുമായി ബന്ധപ്പെട്ട് യാത്രാ സൗഹൃദവലയം സൃഷ്ടിക്കാന്‍ ടീച്ചര്‍ ഇടപെട്ടേ തീരു. യാത്രാ സൗകര്യത്തിനും, പാര്‍ക്കിങ്ങില്‍ സവിശേഷത കൈവരിക്കുന്നതിനും മറ്റുമായി കുടുംബശ്രീയുടെ സേവനം നടപ്പിലാക്കാന്‍ മുന്‍ ചെയര്‍മാന്‍ ശ്രമിച്ചതാണ്. വിമര്‍ശനം വന്നു. അതവിടെ നിന്നു. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ച് ആ ജോലി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കുടുംബശ്രീയിലെ സാധാരക്കാര്‍ക്ക് ഒരു തൊഴില്‍ ബാങ്കു കൂടിയായി തീര്‍ക്കാനാകും ഈ പദ്ധതി. കംഫര്‍ട്ട് സ്റ്റേഷനും മറ്റും ആരംഭിക്കുകയുമാവാം.

നഗരത്തിന്റെ ടൂറിസം വികസനത്തിനായി കാഞ്ഞങ്ങാടിനെ പൈതൃക നഗരമാക്കാന്‍ മന്ത്രി ചന്ദ്രശേഖരന്‍ ഇടപെട്ടു നടത്തിയ മുന്നേറ്റങ്ങള്‍ ഏറ്റുപിടിക്കാനുള്ള ബാധ്യത ഇനിമുതല്‍ ടീച്ചറിലാണ്. അതിന്റെ ആര്‍ട്ടിടെക്റ്റ് ജോലികള്‍ പൂര്‍ത്തിയായി. ഇനി ലക്ഷ്യം കൈവരിക്കാനുള്ള ചവിട്ടു പടിയിലാണ് നഗരം.

ടിബി റോഡ്, നിത്യാനന്ദ കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, നെഹ്റു പ്രതിമ, സ്മൃതി മണ്ഡപം, ഗാന്ധിപാര്‍ക്ക്, ആര്‍ട്ട് ഗ്യാലറി, അലാമിക്കുളം….. എല്ലാം ഒരു കുടക്കീഴിലാക്കേണ്ടതുണ്ട്. പൈതൃക നഗരത്തിന്റെ ശില്‍പ വൈദ്യഗ്ധ്യത്തിനു നാന്ദി കുറിച്ചു കൊണ്ട് നഗര ചത്വരം നിര്‍മ്മിക്കേണ്ടതുണ്ട്. 25 കോടിയില്‍പ്പരം രൂപാ ചിലവഴിക്കപ്പെടുമ്പോള്‍ നഗരമാതാവിന് അമിതഭാരമേല്‍ക്കേണ്ടതായി വരും.

കൂട്ടത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലും വേലയുണ്ടാകും. പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ പരിസരം കൂറേക്കുടി വൃത്തിയാക്കിയും, മരമാത്ത് പണി ചെയ്തും ഇടേണ്ടി വരും. എസി കണ്ണന്‍ നായര്‍ പാര്‍ക്ക് സ്വപ്ന സൗധമായി മാറ്റേണ്ടി വരും. ചരിത്രാദ്ധ്യാപിക കൂടിയായ ടീച്ചര്‍ക്ക് അവിടുത്തെ ലൈബ്രറികളിലെ പോരായ്മകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. പട്ടണത്തിലെ സ്മൃതിമണ്ഡപം മുതല്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് വരെയുള്ള ഒഴിഞ്ഞ ഇടങ്ങളെല്ലാം ചേര്‍ന്ന് രാപകല്‍ വ്യത്യാമില്ലാത്ത വിധം ജനങ്ങള്‍ക്ക് വിഹരിക്കാന്‍ സാധിക്കും വിധം സ്വപ്ന സുന്ദരമായ വിയറ്റ്നാം മാതൃക പിന്‍തുടരുന്ന ആര്‍ക്കിടെക്റ്റ് മോഡലുകള്‍ സംസ്ഥാനിനു തന്നെ മാതൃകയാകാനുള്ള യജ്ഞത്തില്‍ പങ്കാളിയാകേണ്ടി വരും.

ഇവിടെ ഫുഡ്കോര്‍ട്ട്, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കുട്ടികളുടെയും വയോജനങ്ങളുടെയും പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പ്രഭാത,സായാഹ്ന സവാരിക്കുള്ള ഇടം, ആര്‍ട്ട്ഗ്യാലറി വിപുലീകരണം, ചിത്ര പ്രദര്‍ശന സംവിധാനം എന്നിങ്ങനെ വിവിധപദ്ധതികള്‍ വേറെയും നടപ്പാക്കാനുണ്ട്. ലോകോത്തര നിലവാരമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കായിരുന്നു സ്ഥാനം ഒഴിഞ്ഞ ചെയര്‍മാന്റെ സ്വപ്നം. മറ്റൊരു ‘ആക്കുളം’ (സംസ്ഥാനത്തെ എറ്റവും മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആക്കുളം) പദ്ധതിയാകണം നമ്മുടെ പാര്‍ക്കെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കേണ്ടതുണ്ട്.

ചുമതല ഏറ്റെടുത്ത ഉടന്‍ ആരംഭിക്കേണ്ട ചിലവയിലൊന്നാണ് ഹൈമാസ് ലൈറ്റ്. പട്ടണത്തില്‍ ഇനിയും അവ പൂര്‍ത്തീകരിച്ചിട്ടില്ല. ബസ്റ്റാന്റിലെ മുറികളെല്ലാം ഇഴജീവികളുടെ വിഹാര കേന്ദ്രങ്ങളായിരിക്കുന്നു. പട്ടണത്തിലെ സമ്പന്നരൂടെ തിട്ടുരത്തില്‍ വീണുപോകാതെ ധൈര്യം സംഭരിച്ച് കടമുറി ലേലത്തിനു തയ്യാറാക്കേണ്ടതുണ്ട്. പാര്‍ക്കിങ്ങ് രംഗത്ത് അലംഭാവമരുത്. പട്ടണത്തിന്റെ ഹൃദയമാണ് ഓട്ടോ തൊഴിലാളികള്‍. നഗരസഭാ വീഥികളിലെ തങ്കപ്പതക്കങ്ങളാണ് തെരുവോര കച്ചവടക്കാര്‍. ഇവരൊക്കെ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇങ്ങനെ പലതും, പലതും കണ്ടില്ല എന്നു നടിക്കില്ലെന്ന പ്രതീക്ഷയിലാണ് വോട്ടെടുപ്പില്‍ പങ്കു ചേര്‍ന്ന ജനം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *