നേര്‍ക്കാഴ്ച്ചകള്‍….
പള്ളിക്കര കൂടുതല്‍ ചുവന്നിരിക്കുകയാണ്.
സി.പി.എം പള്ളിക്കരയുടെ അഭിവക്ത ലോക്കല്‍ സെക്രട്ടറി, പതിറ്റാണ്ടു പിന്നിട്ടുകഴിഞ്ഞ ഉദുമാ ഏരിയാ കമ്മറ്റി അംഗം, പുകാസ അടക്കമുള്ള സാസംകാരിക രംഗത്തെ സേവനം, ട്രേഡ് യൂണീയന്-കര്‍ഷ രംഗത്തെ തിളക്കം, ഇങ്ങനെ പലതാണ് പള്ളിക്കരയിലെ എം കുമാരന്. അദ്ദേഹമാണ് പള്ളിക്കരയുടെ പുതിയ പ്രസിഡണ്ട്. കഴിഞ്ഞ ഊഴം വനിതക്കായിരുന്നു. ഇന്ദിര പ്രസിണ്ടായി. നല്ല നിലയില്‍ നയിക്കാനായെന്ന് പാര്‍ട്ടി മാത്രമല്ല, പ്രതിപക്ഷവും തലകുലുക്കി സമ്മതിച്ചു. ഇന്ദിര തുടങ്ങി വെച്ചവ കൂടുതല്‍ കരുത്തോടെ പിന്തുടരാന് കുമാരന് കഴിയുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍.
പള്ളിക്കരയുടെ ശൂചീകരണ പ്രവൃത്തികള്‍ മാതൃകാപരമാണ്. അവയെ പൂര്‍വ്വാധികം ശക്തിപ്പെടുത്തേണ്ടതുണ്ട്. അമാന്തിച്ചാല്‍ എല്ലാം തകിടം മറിയും. ചീട്ടുകൊട്ടാരം പോലെ തലകീഴ്മറിയും. ഒരു പതിറ്റാണ്ടു പിന്നിട്ട പ്രവത്തന മികവിന്റെ താളം തെറ്റും. വലിയ പ്രതീക്ഷയോടെയാണ് ഹരിതകര്‍മ്മ സേന രൂപീകരിച്ചത്. അവ നന്നായി പ്രവര്‍ത്തിച്ചു. വീടുകള്‍ തോറും കയറി ഇറങ്ങി. തരംതിരിച്ച മാലിന്യങ്ങള്‍ ശേഖരിച്ചു. വെളുത്തോളിയിലെ മാലിന്യ പ്ലാന്റില്‍ കൊണ്ടു വന്നു ദിവസേന ഇവ സംസ്ക്കരിക്കുന്നുണ്ട്. ഒരു വിപ്ലവം നടക്കുകയാണ് ഇവിടെ, ഈ മേഖലയില്‍. പുതിയ ഭരണസമിതിയുടെ മോന്തായം വളഞ്ഞാല്‍, പ്ലാന്റ് നിലം പൊത്തും. സകലതും നശിക്കും.
മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തന മികവു കണ്ട് ടൂറിസം വകുപ്പ് ഒരു കോടി അറിഞ്ഞു നല്‍കിയിരുന്നു. അതും ചേര്‍ത്ത് ജൈവവള നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനായിരുന്നു ഇന്ദിരയുടെ പരിപാടി. ആലോചന മുറുകുന്നതിനിടയില്‍ വഴി തടയാന്‍ കോവിടെത്തി. പിന്നെ എല്ലാം മന്ദഗതിയിലായി. ഇപ്പോള്‍ ഒരു കോടി ചിലവഴിക്കുന്നതിന്റെ മേല്‍നോട്ടം കുമാരനിലെത്തിച്ചേര്ന്നിരിക്കുകയാണ്. ആലോചനയിലുള്ള സോളാര്‍ പ്ലാന്റ് വികസനവും, മാലിന്യ പ്ലാന്റിന്റെ സൗന്ദര്യ വല്ക്കരണവും ഉടന്‍ നടക്കണമെന്ന് വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലയില്‍ വെച്ച് ഏറ്റവും കൂടുതല്‍ നെല്ലുല്‍പ്പാദിപ്പിച്ച പഞ്ചായത്തായിരുന്നു പള്ളിക്കര. ഉദ്ദേശം 200ല്‍പ്പരം ഹെക്റ്ററുകളില്‍ കൃഷിയിറക്കി. അതില്‍ 58 ഹെക്റ്ററുകളും തരിശുഭൂമിയായിരുന്നു. കര്‍ഷകരോടൊപ്പം ചേര്‍ന്നു കൊണ്ട് കൃഷി പ്രോല്‍സാഹിപ്പിക്കേണ്ട ചുമതലയില്‍ നിന്നും ഭരണ സമിതി പിന്നോട്ടടിക്കരുത്.
കുടിവെള്ളമില്ലാതെ നരകിക്കുന്ന ഒട്ടുമിക്ക ഗ്രാമങ്ങളുണ്ട് പഞ്ചായത്തില്‍. പ്രത്യേകിച്ച് കിഴക്കന്‍ ഗ്രാമങ്ങളില്‍. അതില്‍ ചിലയിടത്തൊക്കെ കുടിവള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും പാക്കം, തോക്കാനം മൊട്ട തുടങ്ങി അനുബന്ധ ഗ്രാമങ്ങളിലൊക്കെ ഇന്നും ക്ഷാമമുണ്ട്. 40 ലക്ഷം രൂപക്കുള്ള പദ്ധതി സ്വന്തം വകയിലും പിന്നോക്ക വിഭാഗത്തിനുള്ള ആനുകുല്യങ്ങളായി കിട്ടിയ ഫണ്ടും മുതലാക്കി ആരംഭം കുറിച്ച പദ്ധതി പെട്ടെന്നു പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ജലജീവന്‍ എന്ന ഈ പദ്ധതി സമഗ്രമാക്കാന്‍ പുതിയ സഭ അരയും തലയും മുറുക്കി ഇറങ്ങേണ്ടിയിരിക്കുന്നു.
യുവജനങ്ങള്‍ക്കുള്ള ഉയര്‍ന്ന ജോലി കേന്ദ്രീകരിച്ച് പി.എസ്.സി കോച്ചിങ്ങ് സെന്റര്‍ പനയാലും, ആലക്കോടും സജീവമായിരുന്നെങ്കിലും കല്ലുകടിയുണ്ട്. പടിഞ്ഞാറന്‍ മേഖലയിലും ഇതു വേണം. കൂടുതല്‍ കരുത്തുറ്റതാക്കണം.
എവിടെയൊക്കെ മാര്‍ക്സിസം വിജയം കണ്ടിട്ടുണ്ടോ അവിടെയൊക്കെ അറിവും, വായനയും വളര്‍ന്നു വികസിച്ചിട്ടുണ്ട്. നിന്നിടത്തു തന്നെ നില്‍ക്കാതെ പുരോഗമിക്കാന്‍ അഥവാ മുന്നോട്ട് നടക്കാന്‍ ജനം തയ്യാറായത് വര്‍ദ്ധിച്ച വായനയീലൂടെയായിരുന്നു. പുസ്തകങ്ങളും പത്രവായനകളും ഈ മുന്നേറ്റത്തെ സഹായിച്ചു. ഇതു മനസിലാക്കിയ ഭരണസമിതികള്‍ സ്കൂളുകള്‍ക്കും, ഗ്രന്ഥശാലകള്‍ക്കും ക്രമമായി നല്കിപ്പോരുന്ന വര്‍ത്തമാന പത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ നിന്നു പോകരുത്. വൈതരണികള്‍ ഏറെ കയറി വരുന്ന ഇടമാണ് സാംസ്കാരിക രംഗം. വായന വികസിപ്പിക്കുന്നതിനേക്കുറിച്ച് പു.കാ.സയുടെ അമരത്തു നിന്നു പ്രവര്‍ത്തിച്ച കുമാരന് ആരുടേയും ഓര്‍മ്മപ്പെടുത്തല്‍ വേണ്ടി വന്നേക്കില്ല. ക്ലബ്ലുകളും, കായിക കേന്ദ്രങ്ങളും ആവശ്യപ്പെട്ടത്രത്തോളം നല്കാനായില്ലെങ്കിലും സ്പോര്‍ട്ട്സ് കിറ്റുകള്‍ അടക്കം പല സഹായവും കുഞ്ഞിരാമന്റേയും, തുടര്‍ന്ന് ഇന്ദിരയുടെയും ബോര്‍ഡിനു നല്കാനായിട്ടുണ്ട്. അവ പൂര്‍വ്വാധികം ശക്തിമത്താകേണ്ടിയിരിക്കുന്നു.
പഞ്ചായത്തിന്റെ സ്വന്തമെന്ന് പ്രസിഡണ്ടും, അല്ല ഇത് ഞങ്ങള്‍ക്ക് കൈവശാവകാശമുള്ളതാണെന്ന് ബേക്കലിലെ ക്ലബ്ബുകാരും അവകാശമവാദമുന്നയിച്ച വിഷയം പരിസമാപ്തിയിലെത്തിക്കാന്‍ ഇന്ദിരയുടെ ഭരണകൂടത്തിനു സാധിച്ചു. കളിക്കളത്തിനു വേണ്ടി കേസും കൂട്ടവും മാത്രമല്ല, അടിയും, പിടിയും ഹര്‍ത്താലും നടന്നു. എല്ലാ പ്രതിബന്ധങ്ങളേയും അകറ്റി ഗ്രൗണ്ട് ഇപ്പോള്‍ പഞ്ചായത്തിനു സ്വന്തമായിരിക്കുന്നു. അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. കൈവശം വാങ്ങിയിരിക്കുന്നു. വില്ലേജില്‍ വസ്തു നികുതി അടച്ച് പോക്കുവരവു നടത്തി എല്ലാം ഭദ്രമാക്കിയിരിക്കുന്നു. എന്നാല്‍ പ്രതീക്ഷിച്ച വികസനപ്രവൃത്തികള്‍ നടത്താന്‍ ഇന്ദിരയുടെ ഭരണകൂടത്തിനായില്ല. വികസനത്തിനായി നീക്കിവെച്ച ഫണ്ട് ലാപ്സാവുകയും ചെയ്തു. ഇവിടെ വികസനം സാധ്യമാവേണ്ടിയിരിക്കുന്നു. അതില്‍ പുതിയ ബോര്‍ഡിനു പിടിപ്പതു പണിയുണ്ട്. ഗ്രൗണ്ട് സൗന്ദര്യവല്ക്കരിക്കേണ്ടതുണ്ട് . മികവുറ്റ കളിക്കളവും, ചത്വരങ്ങളും നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്.
മറ്റൊരു പ്രധാന പദ്ധതിയാണ് കോട്ടപ്പാറയിലെ കാനം ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രം. ഇവിടെ ചിത്രശലഭോദ്യാനവും, ജൈവ വൈവിദ്യങ്ങളായ അത്യപൂര്‍വ്വ ഇനം ചെടികളെ സംരക്ഷിക്കേണ്ടുതുണ്ട്. വെള്ളച്ചാട്ടം കണ്ടാസ്വദിക്കാന്‍ അവസരങ്ങളുണ്ടാകണം. ഉദ്ദേശം എട്ടു എക്കറോളം വിസ്തീര്‍ണമുള്ള ഈ ഉദ്യാനഭൂമിക്കു ജൈവവേലി കെട്ടി ഭദ്രാമാക്കിയെങ്കിലും ബാക്കിയെല്ലാം അപൂര്‍ണമാണ്.പ്രസിഡണ്ടിന്റെ സ്വന്തം തട്ടകം കൂടിയാണിത്. ഒരു ശ്മശാന ഭൂമി കൂടി ശാപമോക്ഷത്തിനായി കേഴുന്ന അഹല്യയേപ്പോലെ ഇവിടെ അനാഥമായി കിടക്കുന്നുണ്ട്. വരുമോ ശ്രീരാമനായി പുതിയ പ്രസിഡണ്ട്.
20 രൂപക്ക് ഊണു വിളമ്പുന്ന അപൂര്‍വ്വം സര്‍ക്കാര്‍ തല ഹോട്ടലുകളില്‍ ഒന്നാണ് പള്ളിക്കര. കുടുംബശ്രീയുടെ രണ്ടു ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒന്നു പള്ളിക്കരയിലും അടുത്തത് പെരിയട്ടടുക്കത്തും. ഇതു മാത്രമല്ല, കുടുംബശ്രീയുടെ മറ്റ് ഒട്ടനവധി സംരംഭങ്ങള്‍ ഇവിടെ തളിര്‍ത്തു പൂത്തു നില്‍ക്കുന്നുണ്ട്. പഞ്ചായത്തിന്റെ മോല്നോട്ടക്കുറവുണ്ടായാല് തകര്‍ന്നടിയാന്‍ ഏറെ സമയം വേണ്ട. ഈ കോവിഡു കാലത്തും പിടിച്ചു നില്ക്കുന്ന പല പദ്ധതികളേയും കൈയ്യ്മെയ്യ് മറന്നു സഹായിക്കേണ്ടതുണ്ട്.
പുതിയ പ്രസിഡണ്ട്കിരീടത്തിലെ ആദ്യത്തെ പൊന്‍തൂവ്വല്‍ ചിലപ്പോള്‍ ആരോഗ്യ വകുപ്പ് ചികില്‍സക്കായി പണിത പി.എച്ച്.സി കെട്ടിടത്തിന്റെ ഉല്ഘാടനമായിരിക്കാം. അവ ഈ മാസം തന്നെ തുറന്നു കൊടുക്കാന്‍ പാകത്തില്‍ സജ്ജമായിരിക്കുകയാണ്. അല്‍പ്പം ശ്രദ്ധിച്ചാല്‍ ജനുവരിയില്‍ തന്നെ അതിന്റെ ഉല്‍ഘാടനം നടത്താം.
സാമ്പത്തിക കെട്ടുറപ്പുള്ള പഞ്ചായത്താണ് പള്ളിക്കര. സാര്‍വ്വദേശീയ പ്രാധാന്യമുള്ള ടൂറീസം ഭൂമിക കൂടിയാണിത്. ധാരാളം കെട്ടിട സമുഛയങ്ങള്‍, മണിമാളികള്‍, കോണ്ഗ്രീററു സൗധങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് പള്ളിക്കര. അതിനു ആനുപാതികമായി നികുതി പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നുണ്ടോ എന്ന സംശയം വോട്ടര്‍മാര്‍ക്കിടയിലുണ്ട്. പലതരം പ്രലോഭനങ്ങളില്‍ ജനപ്രതിനിധികള്‍ വീണു പോകാറുണ്ടോ എന്ന സംശയം ഉയരാറുണ്ട്. അഴിമതിയുടേയും, സ്വജനപക്ഷപാതാത്മകതയും മുളയില്‍ നിന്നേ നുള്ളിക്കളയാന്‍ പ്രാപ്തമായ പ്രസിഡണ്ട് ഒരു പ്രലോഭനങ്ങളിലും വീണു പോകാതെ, ജനം അര്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കപ്പെടും എന്നു നമുക്ക് ആശ്വസിക്കാം.
-പ്രതിഭാരാജന്‍