CLOSE

ഉദുമയുടെ പ്രഥമവനിതയോട് വോട്ടര്‍മാര്‍ക്കു പറയാനുള്ളത്…

നേര്‍ക്കാഴ്ച്ചകള്‍

അങ്കത്തട്ടില്‍ തളര്‍ന്നു വീഴാതെ ഇടതുപക്ഷം വിജയക്കൊടി പാറിച്ചപ്പോള്‍ ചെങ്കോല്‍ ലഭിച്ചത് പി. ലക്ഷമിക്ക്. ലക്ഷ്മിയാണ് ഉദുമയുടെ പുതിയ നാഥ. യു.ഡി.എഫിന്റെ കൈകളില്‍ നിന്നും വെടിക്കുന്നു പോലുള്ള കോട്ട പിടിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും വെടിക്കുന്നില്‍ ജയിച്ച ലക്ഷ്മി ഉദുമയുടെ പ്രഥമ വനിതയായിരിക്കുന്നു. ചെങ്കോലും കിരീടവും കൈവശപ്പെടുത്തിയിരിക്കുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞു.
കബന്ധങ്ങള്‍ ഒഴിഞ്ഞു. യുദ്ധക്കളം ശാന്തമായി. തീരണം ഇതോടെ ശത്രുതയും, രാഷ്ട്രീയ വൈര്യവും. ഇനിയങ്ങോട്ട് വികസന ചിന്തകള്‍ മാത്രം. രാഷ്ട്രീയത്തിനതീതമായി നാടിന്റെ പുരോഗതി കാത്തുസൂക്ഷിക്കാന്‍ ഒത്തൊരുമിക്കണം. മുഹമ്മദലി തെളിച്ച പാത കൂടുതല്‍ വെട്ടിത്തെളിക്കണം.

പി. ലക്ഷ്മിയുടെ മുന്‍ തലമുറക്കാരി – എം. ലക്ഷ്മിയുടെ കാലത്താണ് പാലക്കുന്നു മല്‍സ്യ മാര്‍ക്കറ്റിനു തുടക്കം കുറിച്ചത്. സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പേ, എഗ്രിമെന്റിന്റെ ബലത്തില്‍ 6 ലക്ഷം രൂപാ അഡ്വാന്‍സ് നല്‍കി താല്‍ക്കാലിക കെട്ടിടം പണിതു. ചിലപ്പോള്‍ സാങ്കേതിക കാരണങ്ങളായിരിക്കാം , ഇതേവരെ അത് ആധാരം ചെയ്തു വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. ശ്രദ്ധിക്കപ്പെടാതെ, നിയമോപദേശം തേടാതെ പണം നല്‍കി. എഗ്രിമെന്റ് തയ്യാറാക്കി. ഏഗ്രിമെന്റെ ഉള്ളടക്കം വികലമായിരുന്നുവെന്ന് പിന്നീട് ബോധ്യമായി. പൊന്നും വില കൊടുത്തു വാങ്ങേണ്ട ഒന്നല്ല മല്‍സ്യമാര്‍ക്കെറ്റെന്ന് സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചപ്പോള്‍ മല്‍സ്യമാര്‍ക്കറ്റ് ചുവപ്പു നാടക്കുള്ളിലായി. 2021 പിറന്നിട്ടും ആധാരം പിറന്നതേയില്ല. ചുവപ്പു നാടയില്‍ പതിറ്റാണ്ടുകളായി ഇരുട്ടില്‍ കഴിയുകയാണ് ഈ വിഷയം. ഇപ്പോള്‍ കെ.എ മുഹമ്മദലിയുടെ യു.ഡി.എഫ് ഭരണകൂടം ഇത് പൊടി തട്ടിയെടുത്തു. 60 ലക്ഷം രൂപാ ഉടമക്ക് നല്‍കി സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ 30 ലക്ഷം രൂപാ അഡ്വാന്‍സ് നല്‍കാന്‍ തീരുമാനമായിരിക്കുന്നു. കേസുകള്‍ അവസാനിപ്പിച്ച് ഉടന്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യാനൊരുമ്പെടുന്നതിനിടയിലാണ് കോവിഡും, തുടര്‍ന്നു ഭരണമാറ്റവും ഉണ്ടാകുന്നത്.

ഇപ്പോള്‍ പന്ത് പി. ലക്ഷ്മിയുടെ കളത്തിലാണ്. മാര്‍ക്കറ്റിലെ നിലവിലുള്ള ഷെഡ് പൊളിച്ചു മാറ്റി അറവുശാലയുടെ സൗകര്യങ്ങള്‍ അടക്കമുള്ള അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയം പണിയണമെന്ന് വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നു. പഞ്ചായത്തിന്റെ പ്രഥമ വനിത, ശ്രീമതി പി. ലക്ഷ്മി വിജയിച്ചു വന്ന ആറാം വാര്‍ഡില്‍ പുതുതായി അമ്പതു സെന്റ് സ്ഥലമെടുത്തു വെച്ചിട്ടുണ്ട്. 10 സെന്റ് വേറേയും. വടക്കന്‍ തൊട്ടി എന്ന കൊച്ചു ഗ്രാമത്തില്‍ ഭിന്നശേഷയുള്ളവര്‍ക്കായി ബഡ്സ് കം റിഹാബിലേഷന്‍ സെന്റര്‍ പണിയേണ്ട ചുമതല ഇനി ലക്ഷ്മിയുടെ ബോര്‍ഡില്‍. നിലവില്‍ ഇതു വാടക കെട്ടിടത്തിലാണ്. കൂടാതെ പത്തു സെന്റില്‍ മാലിന്യ സംസ്‌കരണ പ്ലാന്റു നിര്‍മ്മിക്കാനുള്ള ആലോചനയിലും മെല്ലേപ്പോക്കുണ്ടാവരുത്.

നാലു ആശ്രയ കുടുംബങ്ങള്‍ക്കുള്ള ക്ലസ്റ്ററുകളുടെ പിന്നില്‍ അത്ര പന്തിയല്ലാത്ത ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്. അവ ഇനിയും പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിട്ടില്ല. ഖരമാലിന്യങ്ങള്‍ വേര്‍ തിരിച്ച് ശേഖരിച്ച് കയറ്റി അയക്കുന്ന പദ്ധതി നടന്നു വരുന്നുണ്ട്. കുടുംബശ്രീക്കാണ് ചുക്കാന്‍. ജോലിഭാരം കാരണം മടുപ്പോടുകൂടിയാണ് അവരാ ജോലിയില്‍ ഏര്‍പ്പെടുന്നത്. ലക്ഷ്മിയുടെ കൈത്താങ്ങില്ലാതെ വന്നാല്‍ എല്ലാം താറുമാറാകും. പാതിയില്‍ കലമുടക്കേണ്ടി വരും.

കാപ്പില്‍-ബേക്കല്‍ പുഴകള്‍ക്ക് കയറുല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള ഭൂവസ്ത്രം ചാര്‍ത്താനുള്ള കടമ്പകള്‍ അവസാനിച്ചിരിക്കുകയാണ്. അതിന്റെ പണി പൂര്‍ത്തികരിക്കേണ്ടുന്ന സമയമടുത്തു. വിവിധ ഇടങ്ങളിലെ തടയിണകളും, ചെക്ക്ഡാമുകളും ഉടന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സാങ്കേതിക ജോലികളും, പ്രവര്‍ത്തി ചെയ്യാനുള്ള അംഗീകരാവും പൂര്‍ത്തീകരിക്കപ്പെട്ട കരിക്കാട്ട്, മുല്ലച്ചേരി, ആറാട്ടുകടവ്, മുതിയക്കാല്‍ തുടങ്ങിയ മേഖലകളിലെല്ലാം പുഴ വറ്റുന്നതിനു മുമ്പേ പണി തീര്‍പ്പാക്കേണ്ടതായുണ്ട്.

കടുത്ത കുടിവള്ള ക്ഷാമം നേരിടുന്ന ഗ്രാമമാണ് മേല്‍ബാരയും, പരിസരങ്ങളും. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1200 പേര്‍ക്ക് വെള്ളമെത്തിക്കാനുള്ള പണി പാതിവഴിയിലാണ്. ഒഴിഞ്ഞു പോയ ബോര്‍ഡ് 400ല്‍പ്പരം കുടുംബങ്ങളുടെ കുടിവെള്ളത്തിനു പരിഹാരമുണ്ടാക്കിയെന്നു പറയുന്നു. എങ്കിലും ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്.

വായനശാലകളിലൂം മറ്റു സംസാക്കാരിക കേന്ദ്രങ്ങളിലുമുള്ള പത്ര വിതരണം ഏതാണ്ട് നിലച്ചു പോയതിനു തുല്യമാണ്. നാട്ടില്‍ വായനാ ശീലം നശിച്ചില്ലാതായിരിക്കുന്നു. എവിടെ മാര്‍ക്സിയന്‍ കാഴ്ച്ചപ്പാടുകള്‍ക്കു മുന്നേറ്റമുണ്ടോ, അവിടുങ്ങളിലെല്ലാം വായന തഴച്ചു വളര്‍ന്നിരുന്നു. ജനങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്നതും ഭരണകൂടം ചെയ്തു തീര്‍ക്കേണ്ടുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്ട്സ് കിററുകള്‍ നല്‍കുക, കായിക വളര്‍ച്ചക്ക് പിന്‍തുണ നല്‍കുക തുടങ്ങിയവയും, ഭരണകൂടത്തിന്റെ ദൈനംദിന ചെയ്തികളില്‍ പെടേണ്ടവയാണ്. ഉദുമ വില്ലേജ് ഓഫിസിനു സമീപത്തെ വായനശാലയില്‍ ഇനിയും കെട്ടഴിക്കാതെ കിടക്കുന്ന നിരവധി പുസ്തകകെട്ടുകള്‍ എലി തിന്നു നശിക്കുന്നു. ഇക്കാര്യം ഉദുമയുടെ പ്രഥമ വനിതയോട് വിനിയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രിയിലുമുണ്ട് പലവിധ പരിമിതികള്‍. 3 കോടി രൂപ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ കിഫ്ബിയില്‍ നിന്നും എടുത്തു തരാമെന്നേറ്റതാണ്. ഇതു ചിലവഴിക്കുന്ന പക്ഷം ഇടതിനു നേട്ടമായി മാറും എന്ന ഭയം കാരണമാകാം ഒരു പക്ഷെ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. ആ പണം തിരികെ വാങ്ങാന്‍ പാവങ്ങളുടെ പ്രതിനിധി കൂടിയായ പി. ലക്ഷ്മി തിരുവന്തപുരത്തിലേക്ക് ഉടന്‍ വണ്ടി കേറണം. അടിസ്ഥാന സൗകര്യത്തിന്റെ അഭാവം ഈ ആശുപത്രിയില്‍ നടുവൊടിഞ്ഞു കിടക്കുന്നു. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ന്യൂനതകള്‍ ധര്‍മ്മാസ്പത്രിയിലുണ്ട്. ഇതു കണ്ടില്ലെന്നു നടിക്കാനിടവരരുത്. വളരെ അടിയന്തിരമായും അവിടെ ഒരു എക്സ്റേ സെന്ററും, അധികരിച്ച അളവില്‍ കിഡ്നി രോഗികളുള്ള പഞ്ചായത്തായതിനാല്‍ ഡയാലിസ് സെന്ററും ആരംഭിക്കേണ്ടതുണ്ട്. അതു പോലെ തന്നെ കാന്‍സര്‍ രോഗികളുടെ കാര്യവും.

റിസോര്‍ട്ടു, സ്റ്റാര്‍ ഹോട്ടലുകള്‍ ഏറെയുള്ള പഞ്ചായത്താണ് ഉദുമ. കാപ്പില്‍ ബീച്ചും നമുക്ക് പണം കോരിത്തരും. എന്നാല്‍ ഒരു ഇളനീര്‍പന്തല്‍ പോലും ഇവിടെങ്ങും പഞ്ചായത്തിന്റെ കണക്കിലില്ല.

ധാരാളം കെട്ടിടങ്ങ സമുച്ഛയങ്ങളും, കോണ്‍ഗ്രീറ്റ് വനങ്ങളുമുള്ള നാടാണിത്. നടന്‍ മമ്മൂട്ടി മുതല്‍ ശ്രീലങ്കന്‍ പ്രസിഡണ്ടു വരെ വന്നാല്‍ തങ്ങുന്നത് ഉദുമയിലാണ്. കോവിഡിന്റെ ഭീക്ഷണിയയുണ്ടെങ്കിലും നികുതി പിരവ് നടത്തി പഞ്ചായത്തിന്റെ തനത് ഫണ്ട് വികസിപ്പിക്കാന്‍ ബോര്‍ഡ് ഇടപെടേണ്ടിയിരിക്കുന്നു.

ഏറെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ബേക്കല്‍ – കോട്ടിക്കുളം തീരത്ത് ഏറെപേര്‍ക്കും വീടില്ല. വീടു പോകട്ടെ, കക്കൂസു പോലുമില്ല. സാങ്കേതിക കാരണങ്ങളാല്‍ പലരുടേയും അപേക്ഷകള്‍ തള്ളിപ്പോകുന്നു. റേഷന്‍ കാര്‍ഡിന്റെ അഭാവമാണ് പ്രധാന വില്ലന്‍. എന്നാല്‍ പുതിയ നിയമപരിഷ്‌ക്കാരം നിമിത്തം റേഷന്‍ കാര്‍ഡിന്റെ അപര്യാപ്ത പരിഹരിക്കപ്പെട്ടിരിക്കുന്നു. കാര്‍ഡില്ലാത്തവര്‍ക്കും വീടു നല്‍കാമെന്നായിരിക്കുന്നു. പുതിയ ഭരണ സമിതിയില്‍ പ്രതീക്ഷ വച്ചു കാത്തിരിക്കുന്ന ഭവനരഹിതരെ നമുക്ക് കോട്ടിക്കുളം-ബേക്കല്‍ മാത്രമല്ല, എല്ലാ വാര്‍ഡുകളിലും കാണാനാകും.

ഏറ്റവും കൂടുതല്‍ 1120ല്‍പ്പരം അപേക്ഷകള്‍ തീരുമാനമാകാതെ കിടക്കുന്ന പഞ്ചായത്താണ് ഉദുമ. തൊഴില്‍ ഉറപ്പു രംഗത്ത് രണ്ടു കോടി ചിലവഴിച്ച പഞ്ചായത്താണ് ഉദുമയെന്ന് ഊറ്റം കൊള്ളുന്നുണ്ടെങ്കിലും തത്വത്തില്‍ തൊഴിലിരിപ്പായിരുന്നു നടന്നതെന്ന ആക്ഷേപം സാര്‍വത്രികമാണ്. പലയിടങ്ങളിലും മാറ്റുമാര്‍ അടക്കം വെട്ടിപ്പു നടന്നതിനും കള്ളരേഖകള്‍ ഉല്‍പ്പാദിപ്പിച്ച് പണം തട്ടിയതിനും പിടിക്കപ്പെട്ടിട്ടുണ്ട്. പുല്ലു ചെത്താനും , വെറുതെയിരിപ്പാനും തൊഴിലുറപ്പുകാരെ കൂടി കൊടുത്തു സജ്ജമാക്കുന്ന പണിയില്‍ മാറ്റം വരണം. പകരം പ്രത്യക്ഷ ആസ്ഥി വര്‍ദ്ധിപ്പിക്കാന്‍ പോന്നതില്‍ ശ്രദ്ധ ചെലുത്തണം. സുസ്ഥിരവും, വരുമാനശ്രോതസുകളുണ്ടാകും വിധവും തൊഴിലുറപ്പു സംരംഭങ്ങളെ മാറ്റി നിര്‍മ്മിക്കേണ്ടതുണ്ട്. കുടുംബശ്രീയുടെ 20 രൂപക്കു ഊണു വിളമ്പുന്ന ഹോട്ടലില്ലാത്ത പഞ്ചായത്താണ് ഉദുമ. തൊട്ടടുത്ത പളളിക്കരയില്‍ ഇതു രണ്ടെണ്ണമുണ്ട്.

ഉദുമയുടെ വാട്ടര്‍ടാങ്കാണ് മുതിയക്കാല്‍ വയല്‍. അവിടെ ഒരു കുളം, കുളത്തില്‍ നിന്നും ചാലുകളാക്കി വെള്ളമെത്തിക്കല്‍, മൂന്നു വിള കൃഷി നടത്തല്‍ ഇങ്ങനെ പതിനൊന്നാം വാര്‍ഡ് കണ്ട സ്വപ്നങ്ങള്‍ പലതായിരുന്നു. എല്ലാം കുളമാവുകയായിരുന്നു. സര്‍ക്കാര്‍ സ്ഥലം അക്വയര്‍ ചെയ്തിട്ടിരിക്കുന്ന പാലത്തിന്‍കരയില്‍ ഇന്നു വരും നാളെ വരും എന്നു കരുതി കാത്തുനില്‍ക്കുന്ന ആധുനിക ശ്മശാനത്തിനുള്ള ആലോചനയും ജലരേഖപോലായിട്ടുണ്ട്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ ബാക്കിവെച്ചാണ് യു.ഡി.എഫ് പഞ്ചായത്തിന്റെ താക്കോല്‍ കൈമാറിയിരിക്കുന്നത്. ഒത്തു പിടിച്ചാലേ ഈ മല വികസനത്തേരിലേറാനാവു എന്നതില്‍ തര്‍ക്കമില്ല. മുഹമ്മദലിക്കു പിന്നില്‍ സി.പി.എം അംഗങ്ങള്‍ ഉറച്ചു നിന്നതു പോലെ ലക്ഷ്മിയെ സഹായിക്കാന്‍ യു.ഡി.എഫിന്റെ ശക്തി കൂടി സഹായകരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *