CLOSE

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു ഒരുങ്ങുന്നു ; ദൗത്യം ഏറ്റെടുത്തത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആറാട്ട് കടവിലെ ബി. ടി. ജയറാം

പാലക്കുന്നില്‍ കുട്ടി

കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ആധികാരികമായ ഒരു നിഘണ്ടു പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു . ഏറെ ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തത് സംസ്ഥാന വാണിജ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദുമ ആറാട്ട്കടവ് സ്വദേശിയായ ബി.ടി. ജയറാം. രണ്ടു വര്‍ഷമായി അതിന്റെ തിരക്കിട്ട പണിപ്പുരയിലാണ് അദ്ദേഹം.

കന്നഡ ഭാഷയ്ക്ക് മലയാള ഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരികമായ ഒരു റഫറന്‍സ് ഗ്രന്ഥം രചിക്കാന്‍ പ്രാപ്തനായ ഒരു ദ്വി ഭാഷാ വിദഗ്ദനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്ത് മറ്റൊരു ജോലിയുമായി കഴിയുകയായിരുന്ന ജയറാമിന് യാദൃശ്ചികമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയ പ്രൊഫ.വി കാര്‍ത്തികേയന്‍ നായരെ കണ്ടുമുട്ടാനായത്. ഇത്തരമൊരു നിഘണ്ടു രചനയ്ക്കു ആ കണ്ടുമുട്ടല്‍ നിമിത്തമാവുകയായിരുന്നു. മാതൃഭാഷയ്ക്കൊപ്പം കന്നഡയും അനായാസം കൈകാര്യം ചെയ്യുമെന്നതിനാല്‍ നികുതി വകുപ്പില്‍ നിന്ന് ഡെപ്യൂറ്റേഷനില്‍ കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കുറച്ചു കാലം ജോലിചെയ്തിരുന്നു. ആ മികവും കന്നഡ-മലയാള ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ‘സാഹസിക’മായ ദൗത്യം ഏറ്റെടുക്കാന്‍ അവസരമൊരുക്കിയെന്ന് അദ്ദേഹം കരുതുന്നു.

28/11/2018 തീയതി പ്രി/2305/2018 നമ്പറില്‍ ദ്വിഭാഷ നിഘണ്ടു തയാറാക്കാനുള്ള ഔദ്യോഗിക ഉത്തരവ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്നത്തോടെ ആ ദൗത്യം നിറവേറ്റാന്‍ ഏറെ സൗകര്യപ്രദം സ്വന്തം നാടെന്ന് മനസിലാക്കി, ഏറെ വര്‍ഷം നീണ്ട തിരുവനന്തപുരത്തെ താമസത്തിന് വിട നല്‍കി ജയറാം കാസര്‍കോട്ടെക്ക് വണ്ടി കയറി.
അന്ന് മുതല്‍ വിശ്രമില്ലാതെ, കേരളത്തിലെ പ്രഥമ കന്നഡ- മലയാളം നിഘണ്ടു രചനയുടെ പണിപ്പുരയില്‍ ഈ രണ്ടു ഭാഷകളും ഇടകലര്‍ന്ന അക്ഷരങ്ങളുടെ ലോകത്തായിരുന്നു നാട്ടിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ജയറാം.

നിഘണ്ടുവിനെ കുറിച്ച്…

ഈ നിഘണ്ടുവില്‍ ഓരോ കന്നഡ പദത്തിന്റെയും ഉച്ചാരണം മലയാള ലിപിയില്‍ ചേര്‍ത്തിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ കാസറകോട്ടെ സാധാരണക്കാരന് മനസിലാകും വിധം നാടന്‍ ശൈലിയിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആ പ്രവൃത്തിയുടെ അവസാന വട്ട മിനിക്കുപണിയുടെ തിരക്കിലാണ്, ആറാട്ട്കടവിലെ ജയറാം ഗാര്‍ഡന്‍സിലെ ‘അമ്മ’ വീട്ടില്‍ ഗ്രന്ഥ രചയിതാവായ ജയറാം. കന്നഡ, മലയാളം ഡി.ടി.പി അറിയുന്ന ഒരാളെ കണ്ടെത്താനായിരുന്നു ഏറെ പണിപ്പെട്ടത്. 1500 ലേറെ പേജുകളുള്ള നിഘണ്ടുവിന്റെ ഡിടിപി പ്രിന്റ് ജനുവരിയില്‍ പൂര്‍ത്തിയാകും. കൈയ്യെഴുത്തിന് തന്നെ 3000 ത്തിലേറെ പേജുകള്‍ വേണ്ടി വന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ സമ്മതത്തോടെ കന്നഡയിലെ വാക്കുകള്‍ മംഗളൂരിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ എഴുത്തുകാരന്‍ ഉദുമയിലെ പ്രൊഫ. എം.എ. റഹ് മാനുമാണ് പരിശോധിച്ചത്. ഇരു ഭാഷകളുടെ സങ്കലനം പ്രശസ്ത വിവര്‍ത്തകനും എഴുത്തുകാരനും ജയറാമിന്റെ അധ്യാപകന്‍ കൂടിയായ കാസര്‍കോട്ടെ കെ.വി. കുമാരന്‍ മാസ്റ്റര്‍ ആണ് നിര്‍വഹിച്ചത് .

സപ്തഭാഷാ സംഗമ ഭൂമി

വിവിധ ഭാഷകളും സംസ്‌കാരങ്ങളും സമ്മിശ്രമായി ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ എന്നൊരു സവിശേഷത കാസര്‍കോടിനു സ്വന്തമായി മറുദേശക്കാര്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. പഴയ പല റവന്യു രേഖകളും ഇവിടെ കന്നഡയില്‍ നിന്ന് മൊഴിമാറ്റം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല . ജില്ലയിലെ പല ക്ഷേത്രങ്ങളുടെയും തറവാടുകളുടെയും മൂലാധാരങ്ങള്‍ പലതും കന്നഡയിലാണ് എഴുതിയിട്ടുള്ളത്. റവന്യു രേഖകള്‍ ചിലത് കന്നഡയിലായതു മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ജില്ലയിലെ വടക്കന്‍ മേഖലകളില്‍ പലേടത്തും ഗൃഹഭാഷ പോലും കന്നഡയാണ്. മറ്റുള്ളവര്‍ക്കതില്‍ പരാതിയുമില്ല. കന്നഡ മീഡിയം സ്‌കൂളുകളും ഇവിടെയുണ്ട്. എങ്കിലും മലയാളികളുമായി അവര്‍ ആശയ മിനിമയം നടത്തുന്നത് പ്രത്യേക സ്ലാങ്ങോടുകൂടി മലയാളത്തില്‍ തന്നെയാണ്. കന്നഡ നന്നായി സംസാരിക്കുന്ന മലയാളികളും ഈ നാട്ടില്‍ ഒട്ടേറെയുണ്ട്.

റഫറന്‍സ് ഗ്രന്ഥം

ഭാഷാസ്‌നേഹികള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഒരു നിഘണ്ടു എന്നതിലുപരി നല്ലൊരു റഫറന്‍സ് ഗ്രന്ഥം കൂടിയായിരിക്കും ഇതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഈ കന്നഡ-മലയാളം നിഘണ്ടു സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലെ മിക്ക ഓഫീസുകളിലും മറ്റും ഇത്തരമൊരു പുസ്തകം വിലപ്പെട്ട വിഷയഗ്രഹണ ഗ്രന്ഥമായിരിക്കുമെന്ന് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഈ ലേഖകനോട് പറഞ്ഞു. ആശയവിനിമയത്തിന്റെ പേരിലും ചില കന്നഡ പദങ്ങളുടെ അര്‍ത്ഥം അറിയാനുള്ള ബുദ്ധിമുട്ടും ഒഴിവായികിട്ടാന്‍ ഈ ഗ്രന്ഥം സഹായകമാകുമെന്ന പ്രത്യാശയിലാണ് ഈ ദൗത്യം കാസര്‍കോടുകാരനായ ബി.ടി. ജയറാമിനെ അദ്ദേഹം ഏല്‍പ്പിച്ചിട്ടുള്ളത് .

പ്രസിദ്ധീകരണം വൈകാതെ

ഡിടിപി പ്രിന്റ്‌റുകള്‍ ലഭിച്ചശേഷം അതെല്ലാം
ക്രോഡീകരിച്ച് തിരുവനന്തപുരത്തേക്കു അയച്ചുകൊടുക്കുന്നതോടെ താന്‍ ഏറ്റെടുത്ത ഈ ദൗത്യം പൂര്‍ത്തിയാകും. അച്ചടി പൂര്‍ത്തിയാകുന്നത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ കന്നഡ-മലയാളം നിഘണ്ടു പ്രസീദ്ധീകരിക്കുന്ന തീയതി അവര്‍ നിശ്ചയിക്കും .

ഗ്രന്ഥകാരനെ കുറിച്ച്…

ഈ കന്നഡ -മലയാള ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ആറാട്ടുകടവ് സ്വദേശിയായ ബി.ടി. ജയറാം സാംസ്‌കാരിക, സാഹിത്യ,വിദ്യാഭ്യാസ രംഗത്ത് തന്റെതായ കൈയ്യൊപ്പിട്ട സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പനയാല്‍ ജി. എല്‍. പി. സ്‌കൂളിലും അപ്പര്‍ പ്രൈമറി മംഗളുരു മുനിസിപ്പല്‍ സ്‌കൂളിലും പൂര്‍ത്തിയാക്കി. ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്. എസ്.എല്‍. സി. യും കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ഡിഗ്രിയും തുടര്‍ന്ന് മംഗളൂര്‍ എസ്.ഡി.എം. ലോ കോളേജില്‍ നിന്ന് നിയമ പഠനവും പൂര്‍ത്തിയാക്കിയ ശേഷം 1975ല്‍ നികുതി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1981ല്‍ ഡെപ്യുറ്റേഷനില്‍ കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറായി.2002ല്‍ നികുതി വകുപ്പില്‍ നിന്ന് സെയില്‍സ് ടാക്‌സ് ഇന്‍സ്പെക്റ്റര്‍ ആയി വിരമിച്ചു . തിരുവനന്തപുരം, മംഗളൂര്‍, ഉഡുപ്പി എന്നിവിടങ്ങളില്‍ നടന്ന ബഹുഭാഷ വിശകലന ചര്‍ച്ചാക്ലാസ്സുകളിലും വിവര്‍ത്തന ക്യാമ്പുകളിലും കവി സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. തിരുവനന്തപുരം ശ്രീചിത്ര പുവര്‍ഹോമിലെ കുട്ടികള്‍ക്കായി ക്ലാസെടുക്കാന്‍ അവസരം കിട്ടി.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തുളു, ബ്യാരി ഭാഷകളില്‍ വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ആനുകാലികങ്ങളിലും പത്രങ്ങളിലും കന്നഡ, മലയാളം ഭാഷകളില്‍ ലേഖനങ്ങളും കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടിലെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറ സാനിധ്യമായിരുന്നു അദ്ദേഹം. ചന്ദ്രഗിരി പാലം നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര സമിതി അംഗമായും വിദ്യാഭ്യാസമിതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭാര്യ
കോമള വല്ലി.

ഏക മകന്‍ ജയകൃഷ്ണന്‍ ദുബൈയില്‍ എഞ്ചിനീയറാണ്. ഉദുമ ആറാട്ടുകടവ് ജയറാം ഗാര്‍ഡന്‍സില്‍ ‘അമ്മ’ വീട്ടില്‍ താമസം. പരേതരായ ബി.ടി. കോരന്‍ വൈദ്യരുടെയും ഗിരിജമ്മയുടെയും മകന്‍. 1948ല്‍ ജനനം.

Leave a Reply

Your email address will not be published. Required fields are marked *