CLOSE

‘കീഴ് വഴക്കം’ തെറ്റിച്ച ചരിത്രവിധിയില്‍ ഇടതു മുന്നണിക്ക് തുടര്‍ ഭരണം , സാധാരണക്കാരന് വേണ്ടത് കിറ്റും പെന്‍ഷനും; ഇത് പിണറായി വിജയം

പാലക്കുന്നില്‍ കുട്ടി

ഇരു മുന്നണികള്‍ക്കും അഞ്ചു വര്‍ഷം ഇടവിട്ട് ഭരിക്കാനുള്ള അവകാശം സമ്മാനിക്കുന്ന വോട്ടുദാന രീതിയാണ് മലയാളിയുടേത്. നാല് പതിറ്റാണ്ടായി അതാണ് നമ്മുടെ രീതി. അതിന് ഇത്തവണ മാറ്റം ഉണ്ടാകാനുള്ള സാഹചര്യം പ്രത്യക്ഷത്തില്‍ ഇവിടെ ആരും കണ്ടതുമില്ല. എന്ന് മാത്രമല്ല, പിണറായി സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്ന ഒട്ടേറെ മറ്റു വിഷയങ്ങള്‍ ഇവിടെ ഒന്നിന് പിറകെ മറ്റൊന്നായി വര്‍ധിച്ചുകൊണ്ടേയിരുന്നു. അതെല്ലാം അന്വേഷണത്തിലും കോടതിയിലും മറ്റുമായി നിലവില്‍ ഉണ്ടുതാനും. പ്രതിപക്ഷം ഇതൊക്കെ അസംബ്ലിക്കകത്തും പുറത്തും ശക്തമായി തുറന്നു കാട്ടുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. പക്ഷേ വോട്ടെടുപ്പില്‍ അതെല്ലാം നിഷ്പ്രഭമായിപ്പോയി. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ അഞ്ചു മന്ത്രിമാര്‍ക്ക് വിവിധ കാരണങ്ങളാല്‍
സ്ഥാനമൊഴിയേണ്ടി വന്ന കഥ വേറെയും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ തുടര്‍ഭരണം അസാധ്യമാകും വിധം, അഞ്ചു വര്‍ഷം വീതം ഇടവിട്ട ഭരണ സാധ്യത ഈ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്കനുകൂലം തന്നെയാണെന്ന് യു. ഡി. എഫ് ധരിച്ചു വെച്ചതില്‍ തെറ്റൊന്നുമില്ലതാനും .

അമിതമായ ആത്മവിശ്വാസം

തുടര്‍ഭരണ സാധ്യത ഇവിടെ ഉണ്ടാവില്ലെന്ന അമിതമായ ആത്മവിശ്വാസവും അവര്‍ക്ക് വിനയായി. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പുകള്‍ പരസ്പരം പാരയാകുന്ന പതിവും ഇവിടെയും തുടര്‍ന്നു. സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയ സ്പ്രിംക്ലര്‍, സ്വപ്ന, സ്വര്‍ണ്ണം, ഈന്തപഴം , ഡോളര്‍ കടത്ത്, ഈഡി, ലൈഫ് മിഷന്‍ , കസ്റ്റംസ്, ബന്ധു നിയമനത്തെ തുടര്‍ന്ന ലോകയുക്ത വിധി, മന്ത്രിയുടെ രാജി തുടങ്ങിയവയെല്ലാം യു ഡി എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടലുകള്‍. ഇതെല്ലാം അനുകൂലമാക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടെന്ന് ഉറച്ചു വിശ്വസിച്ച ഐക്യ ജനാധിപത്യ മുന്നണിയെ തികച്ചും ഞെട്ടിച്ചതായിരുന്നു ഈ ചരിത്ര വിധി. പക്ഷേ സ്പ്രിംകളറും സ്വര്‍ണവും ഡോളറും ഈന്തപ്പഴവും, ലൈഫ് മിഷനും , യൂണിടാക്കും, ലോകയുക്തയും, ഈഡിയും കസ്റ്റംസും അടുക്കളയില്‍ വേവിച്ചു വിശപ്പടക്കാനുള്ള വിഭവങ്ങളല്ലെന്നും പ്രയോഗിക ബുദ്ധിയിലൂടെ മനസിലാക്കിയ സാധാരണക്കാരന് വേണ്ടത് സൗജന്യ കിറ്റും പ്രതിമാസ പെന്‍ഷനുമായിരുന്നു. ഈ രസതന്ത്ര ഫോര്‍മുല ശരിക്കും മുന്‍കൂട്ടി മനസിലാക്കിയ സര്‍ക്കാറിന് കോവിഡ് കാല വറുതിയില്‍ സൗജന്യ കിറ്റുകള്‍ക്കു പുറമെ ക്ഷേമ പെന്‍ഷനും വര്‍ധനവോടെ വിതരണം ചെയ്ത് സാധാരണക്കാരനെ സന്തോഷിപ്പിക്കനായത് ഈ വിജയത്തിന് മുഖ്യ നിമിത്തമായിട്ടുണ്ടെന്ന് പറയാതെ വയ്യ . 99 സീറ്റ് നേടിയ മികവാര്‍ന്ന വിജയമാണ് കേരളജനത അവര്‍ക്ക് സമ്മാനിച്ചത്.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനങ്ങളും ജയ പരാജയ കാരണങ്ങളിലേക്കുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പല രൂപത്തില്‍ വരും ദിവസങ്ങളില്‍ വരാതിരിക്കുന്നതേയുള്ളൂ.

മലയാളി മനസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് എത്തിച്ച മലയാളി മനസ്സിനെ അളക്കാന്‍ ആര്‍ക്കും അത്ര എളുപ്പമല്ലെന്ന് ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കാന്‍ സാധിച്ചു. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുറം ലോകം ഏറെ മതിപ്പോടെയാണ് വിലയിരുത്തിയത്. പ്രതിമാസ കിറ്റും ക്ഷേമപെന്‍ഷനിലെ വര്‍ധനവും സാധാരണക്കാരനെ സ്വാധിനിച്ചിട്ടുള്ള കാര്യം ആരും മറച്ചുവെക്കുന്നില്ല. രാഷ്ട്രീയ വിഷയവുമായി ബന്ധപ്പെട്ട കോലാഹലങ്ങളൊന്നും കേരളത്തിലെ സാധാരണക്കാരന്‍ ഏറെനാളുകള്‍ ഓര്‍ത്തുവെക്കാറില്ല എന്നതാണ് സത്യം. പുതുതായി മറ്റൊന്ന് വരുമ്പോള്‍ പഴയത് അവര്‍ മറക്കും. ശിവശങ്കരനെയും സ്വപ്നയെയും അവര്‍ എന്നോ മറന്നു.

ഫലങ്ങളിലെ വെളിപാടുകള്‍

ഈ തിരഞ്ഞെടുപ്പില്‍ നമ്മള്‍ മനസിലാക്കേണ്ട കുറേ പാഠങ്ങളുണ്ട്.
ജോസ് കെ. മാണിയുടെ തോല്‍വി, വടകരയില്‍ കെ.കെ. രമയുടെ മിന്നുന്ന ജയം, ഉള്ള സീറ്റുപോലും നഷ്ടപെട്ട ബി. ജെ. പി. യുടെ ദയനീയമായ അവസ്ഥ , ചില നേതാക്കളുടെ ഭൂരിപക്ഷത്തിന്റെ വലുപ്പം, ചിലരുടെ ഭൂരിപക്ഷ കുറവ്, ഈ തരംഗത്തിനിടയിലും മെഴ്‌സിക്കുട്ടിയമ്മയ്ക്ക് ജയിക്കാനാവാഞ്ഞത് , കെ. മുരളീധരന്റെന്റെയും സഹോദരി പദ്മജയുടെയും കെ. എം. ഷാജിയുടെയും തോല്‍വി. ഇതില്‍ നിന്നെല്ലാം വായിച്ചെടുക്കാനുള്ള പലതും വോട്ടര്‍മാര്‍ നമുക്ക് നല്‍കുന്നുണ്ട്.

ജില്ലയില്‍

ഉദുമയില്‍ സി. എച്ച്. കുഞ്ഞമ്പുവിന്റെ അപ്രതീക്ഷിത ഭൂരിപക്ഷ വര്‍ധന അണികളെ പോലും ഞെട്ടിച്ചുകാണും . എല്ലാ പോളുകാരും ബലാബല മത്സരമെന്ന് പ്രവചിച്ച ഉദുമയില്‍ ആര് ജയിച്ചാലും അത് നേരിയ (ആയിരത്തില്‍ താഴെ ) ഭൂരിപക്ഷത്തിലായിരിക്കുമെന്നായിരുന്നു വോട്ടെണ്ണല്‍ വരെ കരുതിയിരുന്നത്. സര്‍വരെയും ഞെട്ടിച്ച് റെക്കാര്‍ഡ് ഭൂരിപക്ഷമാണ് കുഞ്ഞമ്പു ഇവിടെ നേടിയത്. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും നല്ല ഭൂരിപക്ഷത്തിലാണ് ഇടതു നേട്ടം. കെ. സുരേന്ദ്രന്‍ രണ്ടിടത്താണ് മത്സരിച്ചത്.
അങ്ങ് തെക്കും ഇങ്ങ് വടക്കും. കോന്നിയില്‍ തോക്കുമെങ്കിലും മഞ്ചേശ്വരത്ത് ജയിച്ചേക്കും എന്ന ധാരണ ഉണ്ടായിരുന്നു. നടന്നില്ല. 35 സീറ്റുവരെ കിട്ടുമെന്നുപോലും ബി.ജെ.പി. അവകാശപ്പെട്ടിടത്താണ് ഉള്ള സീറ്റ് പോലും അവര്‍ക്ക് നഷ്ടപ്പെടേണ്ടി വന്നത്. ജില്ലയില്‍ ഒരു കോണ്‍ഗ്രസ് എം. എല്‍. എ. പോലുമില്ലെങ്കിലും മുന്നണിയില്‍ രണ്ടുപേരെ ജയിപ്പിക്കാനായത് അവര്‍ക്ക് ആശ്വാസമായി . ഉദുമയിലും മഞ്ചേശ്വരത്തും വിജയിയെ പറ്റിയും അവരുടെ ഭൂരിപക്ഷത്തെകുറിച്ചും വ്യക്തത ഇല്ലായിരുന്നെങ്കിലും മറ്റു മൂന്നിടത്തും നിലവിലുള്ളവര്‍ തന്നെ തുടരുമെന്നായിരുന്നു വിലയിരുത്തല്‍.

പഠിക്കാന്‍ പാഠങ്ങളേറെ

പഠിക്കാന്‍ ഏറെ പാഠങ്ങള്‍ ഈ തിരഞ്ഞെടുപ്പു ഫലം നല്‍കുന്നുണ്ട്. ജാതീയമായ അടിയൊഴുക്കുകള്‍ എല്ലായിടത്തും പതിവായുള്ളതാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് മുസ്ലിംലീഗ് ഒഴികെയുള്ള മറ്റു പാര്‍ട്ടികള്‍ പലേടത്തും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാറ്. എല്ലായിടത്തും എല്ലാ വിഭാഗക്കാരും ഉണ്ടെങ്കിലും ഒരാളെ മാത്രമല്ലേ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റുള്ളൂ. ചില ഇടങ്ങളില്‍ ചിലര്‍ ഈ ജാതിക്കാര്‍ഡ് ഇട്ട് കളിക്കുമെന്ന കാര്യം പരസ്യമായ രഹസ്യവുമാണ്. ജാതീയതക്കപ്പുറം സ്ഥാനാര്‍ഥിയുടെ ജനകീയത, സ്വാധീനം എന്നിവയ്ക്ക് വോട്ടെടുപ്പില്‍ എന്നും മുന്‍തൂക്കം കിട്ടുമെന്നതും സത്യമാണ് . പ്രബലമായ രാഷ്ട്രീയ പിന്തുണയുള്ള ഗ്രാമങ്ങളില്‍ ഇതൊന്നും വിഷയല്ലതാനും. എന്തായാലും പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത്പക്ഷ ജനാധിപത്യമുന്നണി ചരിത്രവിജയം നേടി അധികാരമേല്‍ക്കുകയാണ് . കോവിഡ് വ്യാപനം ശക്തമായി തുടരുന്നുവെന്ന മഹാവിപത്തിനെ പ്രതിരോധിച്ചു മുന്നേറാന്‍ ഈ സര്‍ക്കാറിനാവട്ടെ. അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നടത്തി ഈ വൈറസില്‍ നിന്നും ജനങ്ങള്‍ക്ക് മുക്തി നല്‍കാനായിരിക്കും സര്‍ക്കാറിന്റെ ആദ്യ ശ്രമമെന്ന് നമുക്ക് ആശ്വസിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *