CLOSE

30 വര്‍ഷം മുന്‍പ് സമുദ്ര പരിസ്ഥിതി സുരക്ഷ മത്സരത്തില്‍ രാജ്യാന്തര പുരസ്‌കാരം നേടിയ പാലക്കുന്നില്‍ കുട്ടി

ബാലകൃഷ്ണന്‍ കൊയ്യം

രാജ്യം ജൂണ്‍ 8ന് സമുദ്രദിനം ആഘോഷിക്കുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഒരു മുഖമുണ്ട് കാസര്‍കോട്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഉദുമ പഞ്ചായത്തില്‍ പാലക്കുന്ന് ക്ഷേത്രസമീപത്ത് താമസിക്കുന്ന പാലക്കുന്നില്‍ കുട്ടിയെ. മര്‍ച്ചന്റ് നേവിയില്‍ എന്റെ സഹപ്രവര്‍ത്തകന്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1975ല്‍ അദ്ദേഹം കപ്പല്‍ ജോലിയില്‍ പ്രവേശിച്ചു കാണും. കോളേജ് പഠന കാലത്തു, നേവിയില്‍ ജോലിക്ക് കയറും മുന്‍പേ, മനോരമ പത്രത്തില്‍ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ കുട്ടി പറയാറുണ്ടായിരുന്നു. ഞങ്ങള്‍ പരിചയപ്പെടുന്നത് 2002ല്‍ ആണ്. കുട്ടി ജോലി ആരംഭിച്ചത് അമേരിക്കയിലെ പ്രശസ്തമായ എണ്ണ കമ്പനിയായ മോബിള്‍ വക കപ്പലുകളില്‍ ആയിരുന്നു. പിന്നീട് ആംഗ്ലോ ഈസ്റ്റണ്‍ കമ്പനിയില്‍ ചേര്‍ന്നപ്പോഴാണ് പരിചയപ്പെടുന്നത്. വായനാ ശീലവും എഴുത്തുമാണ് ഞങ്ങളെ അടുപ്പിച്ചത്. എനിക്കും ആ ‘അസുഖം’ കുറച്ചുള്ളത് കുട്ടിയോട് അടുക്കാന്‍ നിമിത്തമായി. മലയാളത്തോടൊപ്പം ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്ന വ്യക്തി. ഡോ.ലിയോ ബാന്‍സ് എഡിറ്റര്‍ ആയിരുന്ന യൂണിയന്റെ പ്രതിമാസ മാഗസിനില്‍ പി. വി. കുട്ടി എന്ന പേരില്‍ പതിവായി എഴുതിയിരുന്നു.

ഈ വര്‍ഷത്തെ സമുദ്രദിനം ജൂണ്‍ 8ന് വരാനിരിക്കെ അതേ പറ്റി മലയാളത്തില്‍ ആരും ഇതേ വരെ എഴുതിയിട്ടില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ട് കുട്ടിയുമായി ബന്ധപ്പെട്ട് ഒരു ലേഖനം എഴുതിക്കൂടെ എന്ന് ഞാന്‍ ഓര്‍മപ്പെടുത്തുകയായിരുന്നു. നോക്കട്ടെ ബാലാ, എന്ന് പറഞ്ഞു. രണ്ടുദിവസമെടുത്ത് സംഗതി ശരിയാക്കിഎന്നറിയിച്ചു. ഓണ്‍ ലൈനില്‍ സോഷ്യല്‍ മീഡിയയില്‍ ഇഷ്ടപ്പെട്ട ‘മലയാളം ടുഡേ’ ക്ക് അയച്ചു കൊടുക്കാമെന്ന് പറഞ്ഞു.
അതേ പത്രത്തില്‍ പാലക്കുന്നില്‍ കുട്ടിയെ പറ്റി ഒരു ചെറു കുറിപ്പ് എഴുതണമെന്ന് എനിക്ക് തോന്നിയതിനാലാണ് ഇതിനൊരുങ്ങിയത്..
സമുദ്ര ദിനവുമായി ബന്ധപ്പെട്ട് ലേഖനം എഴുതാന്‍ കുട്ടിയോട് പറയാന്‍ കാരണമുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു നാവികനും കിട്ടാത്ത ഒരു അന്താരാഷ്ട്ര അവാര്‍ഡ് അദ്ദേഹത്തിനു കിട്ടിയിരുന്നു. പലര്‍ക്കും ഇന്നത് ഓര്‍മ കാണില്ല. പത്രങ്ങളില്‍ അന്നത് വാര്‍ത്തയായി.
കപ്പലിനെയും കടലിനെയും ബന്ധപ്പെടുത്തി പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷില്‍ എഴുതി അവതരിപ്പിച്ച പ്രബന്ധത്തിനാണ് അന്തരാഷ്ട്ര തലത്തില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരനായ ഒരു നാവികന് കിട്ടിയത്. അമേരിക്കയിലെ മോബിള്‍ ഷിപ്പിങ് കമ്പനി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കരയിലും കപ്പലിലും ജോലിചെയ്യുന്ന മോബിള്‍ എണ്ണ കമ്പനിയിലെയും കപ്പലുകളിലെയും ജീവനക്കാര്‍ക്ക് വേണ്ടി 1989 ലാണ് മത്സരം നടത്തിയത്. യു..കെ, യു. എസ്, ഫ്രാന്‍സ്, ആസ്ത്രേലിയ, ജര്‍മനി, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പങ്കെടുത്ത നിരവധി പേരെ പിന്നിലാക്കി മൂന്ന് ലക്ഷത്തോളം രൂപയുക്ക് സമാനമായ യു. എസ്. ഡോളര്‍ അന്ന് ഒന്നാം സ്ഥാനം നേടിയ പാലക്കുന്നില്‍ കുട്ടിക്ക് ലഭിച്ചു. വിവിധ തലങ്ങളില്‍ അനുമോദനങ്ങള്‍ വാരിക്കൂട്ടി. മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ആ ഓര്‍മ്മയില്‍ അദ്ദേഹം അതേ വിഷയവുമായി ബന്ധപ്പെട്ട് ലേഖനം എഴുതുകയാണ്.

കാസര്‍കോട് ജില്ലയിലെ കപ്പലോട്ടക്കാരെ ഏകോപിപിച്ച് കോട്ടിക്കുളം മെര്‍ച്ചന്റ് നേവി ക്ലബ്ബ് യഥാര്‍ഥ്യമാക്കുന്നതില്‍ അവിടത്തെ സമാന ചിന്താഗതിക്കാരായ കുറേ കപ്പല്‍ ജീവനക്കാരോടൊപ്പം കുട്ടിയും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ആ സ്ഥാപനത്തിന്റെ പ്രസിഡന്റാണ് കുട്ടി ഇപ്പോള്‍. സര്‍വീസില്‍ നിന്ന് വിരമിച്ച് ഇപ്പോള്‍ പാലക്കുന്നില്‍ താമസിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമാണ്. മെര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു കിട്ടാനുള്ള പ്രയത്‌നത്തിലാണ് മെര്‍ച്ചന്റ് നേവി ക്ലബ്ബും അതിന് ചുക്കാന്‍ പിടിക്കുന്ന പാലക്കുന്നില്‍ കുട്ടിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *