CLOSE

സുധാകരചരിതം: ഒരു ഫ്ളാഷ്ബാക്ക് നേര്‍ക്കാഴ്ച്ചകള്‍…

കെ. സുധാകരന്‍ ഇനി കോണ്‍ഗ്രസിനെ നയിക്കും.
കേരളത്തിനു പുതിയ ലീഡര്‍. എഴുപത്തിമൂന്നിന്റെ യുവത്വം.

രാഹുല്‍ ഗാന്ധിയുടെതായിരുന്നു പ്രഖ്യാപനം. പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. പന്തം കൊളുത്തി. ദീപം തെളിയിച്ചു. ലീഗുകാര്‍ പച്ച ലഡു വിതരണം ചെയ്തു. എങ്ങും ആഘോഷം.
ആകെ മുങ്ങിയ കോണ്‍ഗ്രസ് കുളിച്ചു തോര്‍ത്തി കുടുതല്‍ യുവത്വത്തിലേക്കെത്തിച്ചേര്‍ന്നതു പോലെ. എങ്ങും ഉണര്‍വ്വ്.
കേരളത്തിന്റെ നെറുകിലേക്ക് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടിയെത്തിച്ചേരുന്നു. ഗ്രൂപ്പ് വൈര്യം മറന്നാണാണ് ജനം അത് ആഘോഷിച്ചത്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. പ്രസ്ഥാവനയിറക്കി. ഇരുണ്ട കാര്‍മേഘങ്ങള്‍ നീങ്ങി. പുതിയയിനം വിത്തു വിതക്കപ്പെടുന്നു. നൂറു മേനി കൊയ്യുക തന്നെ ചെയ്യും. എങ്ങും ശുഭപ്രതീക്ഷ.

രണ്ടു കണ്ണൂര്‍ക്കാര്‍ തമ്മിലുള്ള അങ്കം വെട്ടിനു കാത്തിരിക്കുകയാണ് ജനം. ഒന്ന് പിണറായി. മറ്റേത് സുധാകരന്‍.
നിലവിലുള്ള വര്‍ക്കിങ്ങ് പ്രസിഡണ്ട് കൂടിയാണ് കെ സുധാകരന്‍. സുധാകരന്റെ നാവിന്റെ ചൂടറിയാത്ത രാഷ്ട്രീയക്കാര്‍ ചുരുക്കം. ഇപ്പോള്‍ നറുക്കു വീഴാനുള്ള കാരണവും ഈ മികവു തന്നെ. വലിയ കായിക പ്രേമിയാണ് സുധാകന്‍. വീട്ടില്‍ സ്വന്തമായി ജിമ്മ് റൂമുണ്ട്. കൂടാതെ യോഗയും.

കോണ്‍ഗ്രസിനെ ഒരു കേഡര്‍ പാര്‍ട്ടിയാക്കുമെന്നാണ് സുധാകരന്റെ ആദ്യ പ്രഖ്യാപനം. സി.പി.എം, ബിജെപി പോലെ മറ്റൊരെണ്ണം. ഇത് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കികളില്‍ വലിയ ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ട്. കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും ആഹ്ലാദത്തിലാണ്. എസ്.എഫ്.ഐക്കും, എബി.വി.പിക്കും ഇടയിലുടെ അവര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു.

കോണ്‍ഗ്രസിനു പുതുജീവിന്‍ പകരാന്‍ സുധാകരനു കഴിഞ്ഞേക്കുമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. 2016ല്‍ ഉദുമാ നിയോജക മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് ‘സ്ഥാനാര്‍ത്ഥിയോടൊപ്പം’ എന്ന പരിപാടിയില്‍ ഒരു ദിവസം ഈ കുറിപ്പുകാരനും കൂടെ നടന്നിരുന്നു. പാറപോലെ ഉറച്ച ആത്മവിശ്വാസം. കാരിരുമ്പിന്റെ കരുത്തുള്ള വാക്കുകള്‍.
കേട്ട് പതറിപ്പോയിട്ടുണ്ട്.
അന്ന് ഉദുമയില്‍ ജയിച്ചു കേറുമെന്ന് ഏതാണ്ട് ഉറപ്പിച്ചതാണ്. എങ്കിലും ഉദുമ വഴങ്ങിയില്ല. തോറ്റ ചരിത്രം ആദ്യമായല്ലാത്തതു കൊണ്ട് കുലുങ്ങിയതുമില്ല. കെ സുധാകരന്‍ ഇപ്പോള്‍ ലോകസഭാംഗമാണ്. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും സിറ്റിങ്ങ് എം.പിയായിരുന്ന പി.കെ ശ്രീമതിയെ തറപറ്റിച്ചാണ് ആ സ്ഥാനത്തെത്തുന്നത്.

സുധാകരനെന്ന ശക്തിമാന് ഇത് വയസ് 73. പട്ടാളക്കാരനാകാന്‍ ശ്രമിച്ച വക്കീല്‍ ഒടുവിലെത്തിയത് രാഷ്ട്രീയത്തില്‍. കോണ്‍ഗ്രസിലും ജനതാപാര്‍ട്ടിയിലും മാറി മാറി പയറ്റി. ഒടുവില്‍ കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനായി.
1978-1984 കാലയളവില്‍ ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസിലേക്ക്. ഭാര്യ കെ സ്മിതയോടും, രണ്ടു മക്കളാടൊപ്പം കണ്ണൂരില്‍ കഴിയുന്നു. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ കണ്ണൂരിന്റെ ബദല്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒരത്താണികാന്‍ പിറന്നതാണ് മുന്‍ മന്ത്രി കൂടിയായ കുമ്പക്കുടി സുധാകരന്‍ അഥവാ കെ സുധാകരന്‍.

കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാല്‍ എന്ന ഗ്രാമത്തില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11നാണ് ജനനം. എം.എ-എല്‍.എല്‍.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര-ബിരുദം, പിന്നീട് നിയമബിരുദം.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മിറ്റി പ്രസിഡണ്ടു മുതല്‍ കെ.പി.സി.സിയുടെ സംസ്ഥാന അധ്യക്ഷന്‍ വരെയുള്ള ദീര്‍ഘമായ യാത്ര.

1969-ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ (കോണ്‍ഗ്രസ്(ഒ)വിഭാഗം) യായിരുന്നു. 1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റുവരെയെത്തിയതിനു ശേഷമായിരുന്നു മടക്കം.

1981-1984 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായെങ്കിലും മനസില്‍ കോണ്‍ഗ്രസിനോടുള്ള ഭക്തി വിട്ടു മാറിയിരുന്നില്ല. അതു കലശലായപ്പോള്‍ 1984-ല്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. തുടര്‍ന്നു കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായി സജീവ കോണ്‍ഗ്രസുകാരനായി. 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സിയുടെ പ്രസിഡന്റായി ചെങ്കോലെടുത്തു. ഇതിനിടയില്‍ 1991-2001 കാലഘട്ടത്തില്‍ യു.ഡി.എഫ്ന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് .

1980-1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987-ല്‍ തലശ്ശേരിയില്‍ നിന്നും പരാജിയപ്പെട്ടു. 1991-ല്‍ വീണ്ടും എടക്കാട് മണ്ഡലത്തില്‍ സിപിഎമ്മിലെ ഒ.ഭരതനോടു തോറ്റെങ്കിലും നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. 1991-ല്‍ ഭരതന്റെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കി. ഇതു വലിയ രാഷ്ട്രീയ കോളിളക്കത്തിനു കാരണമായി. കേസുമായി സുധാകരന്‍ ബഹുദൂരം മുന്നോട്ടു പോയി. ഒടുവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭരതനെ തറപറ്റിച്ച് വിജയം സുധാകരന്റെ പക്കലെത്തി. 1992ലായിരുന്നു നിര്‍ണായക വിധി. എന്നാല്‍ ഭരതനും സി.പി.എമ്മും അടങ്ങിയിരുന്നില്ല. അവര്‍ സുപ്രീം കോടതി വരെ പോയി. ഹൈക്കോടതി വിധി അവിടെ നിന്നും റദ്ദു ചെയ്യപ്പെട്ടു പോയെങ്കിലു പതറിയില്ല. ഏറെ വൈകിയും പോരാട്ടം തുടര്‍ന്നു.

തോല്‍ക്കാന്‍ മനസില്ലാത്ത ഈ താരം 1996-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയയായി. തട്ടകം കണ്ണൂര്‍. സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിരാളി വിമതനായി സി.പി.എമ്മിന്റെ പിന്തുണയോടെ മല്‍സരിച്ച കാലം. ഇടതിന്റെ പിന്തുണയുണ്ടായിട്ടും എന്‍. രാമകൃഷ്ണന്‍ തോറ്റു എന്നത് ഇന്ന് ചരിത്രം. അടവുകള്‍ പതിനെട്ടും പയറ്റാനറിവു നേടിയ ജയം കൂടിയായിരുന്നു ഭരതനോടുള്ള തോല്‍വിയും എന്‍. രാമകൃഷ്നെതിരെയുള്ള കന്നി ജയവും.

പിന്നീട് 2001-ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ല്‍ സി.പി.എം നേതാവായ കെ.പി സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭ അംഗമായി.
2001-2004 കാലഘട്ടത്തിലെ എ.കെ ആന്റണി മന്ത്രിസഭയിലെ വനം വകുപ്പിന്റെ ചുമതലക്കാരനായി. 2009-ല്‍ നടന്ന ലോക്സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ. രാഗേഷ്ിനെ തോല്‍പ്പിച്ച് പാര്‍ലിമെന്റില്‍ കണ്ണൂരിന്റെ ശബ്ദമായി. എന്നാല്‍ 2014ല്‍ പി.കെ. ശ്രീമതിയോടു തോറ്റു. കേവലം ഏഴായിരത്തിനടുത്തുള്ള വോട്ടിനായിരുന്നു തോല്‍വി. സുധാകരനു അപരന്മാരുണ്ടായതാണ് തോല്‍വിക്ക് നിദാനമെന്ന വിലയിരുത്തലുണ്ടായിരുന്നു. നിലവിലും കണ്ണൂരിന്റെ പാര്‍ലിമെന്റ് പ്രതിനിധി.

2019-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നുമാണ് കെ.പി.സി.സിയുടെ വര്‍ക്കിങ്ങ് പ്രസിഡണ്ടും നിലവിലെ പ്രസിഡണ്ടുമാകുന്നത്.

-പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *