CLOSE

കോവിഡിന്റെ സാമൂഹ്യപാഠങ്ങള്‍

നേര്‍ക്കാഴ്ച്ചകള്‍……

വിടാതെ പിന്തുടരുകയാണ് കോവിഡ്.
എല്ലാം, ദൈവത്തില്‍ അര്‍പ്പിച്ച് സമാശ്വസിച്ചിരുന്ന വിശ്വാസങ്ങള്‍ മാത്രമല്ല, അന്ധവിശ്വാസികള്‍ വരെ കോവിഡിന്റെ ഭീഷണിക്കു മുമ്പില്‍ മുട്ടു വിറച്ചു നിന്നു. കോവിഡിനെ വെറും തൃണമായി കണക്കാക്കി പരിഹസിച്ച മോഹനന്‍ വൈദ്യറെ വരെ കോവിഡ് കൊന്നു. നാടിന്റെ കീഴ്‌വഴക്കങ്ങള്‍, ചടങ്ങുകള്‍, ആചാരങ്ങള്‍… സകലതും മാറാനൊരുങ്ങി. ഭക്തി മനസിലും, ദിനചര്യയിലും വേണ്ടുവേളമുണ്ടെങ്കിലും, ക്ഷേത്രവും പള്ളികളും തുറന്നിടാന്‍ വരെ ആരും തയ്യാറായില്ല. മഢിയന്‍ കോവിലകത്തെ പാട്ടുല്‍സവും, ആറാട്ടും, ഭരണിയും മുടങ്ങി. തെയ്യക്കോലങ്ങളെല്ലാം മാളത്തിലൊളിച്ചു. ചെണ്ടക്കൊട്ടില്ലാത്ത…. ചിലങ്കയുടെ കിലുക്കമില്ലാത്ത…. ആള്‍വരവും ആര്‍പ്പുവിളികളുമില്ലാത്ത…. ഉല്‍സവച്ചന്തകളില്ലാത്ത രണ്ടു വര്‍ഷങ്ങള്‍.
കൂവ്വം അളക്കാന്‍ പാകത്തില്‍ തയ്യാറായ തൈയ്യം കെട്ടു മഹോല്‍സവങ്ങള്‍ വരെ മാറ്റിവെക്കപ്പെട്ട കാലത്തിലൂടെയാണ് നാമിപ്പോള്‍. ഭക്തിയെ വിശ്വസിച്ചു മാത്രം രോഗരക്ഷ പ്രാപ്യമല്ലെന്ന് വിശ്വാസികള്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. മോഹനന്‍വൈദ്യര്‍ പോട്ടെ, മുഖം മറക്കരുതെന്ന് കൃസ്തു നിര്‍ബന്ധിച്ചിട്ടുണ്ടെന്നും, ഒരിക്കലും മുഖം മറച്ച് സഞ്ചരിക്കില്ലെന്നും വാശിപിടിച്ച പുരോഹിത ശ്രേഷ്ഠനും കോവിഡിനു കോവിഡ് ബാധിച്ചു. ക്ഷേത്രം തുറന്നിട്ടിരുന്നെങ്കില്‍ ചാകരയാകുമായിരുന്നു. പൂജകളുടേയും വഴിപാടുകളുടേയും ചാകര. അത്രക്ക് വീര്‍പ്പുമുട്ടുകയാണ് ഭക്തര്‍. അന്ധവിശ്വാസങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ അവസരമില്ലാത്തതിനാല്‍ ഞെരിപിരി കൊള്ളുകയാണ് ജനം. വഴിപാടുകളില്ല. ഹോമങ്ങളില്ല. അജ്ഞത വിളമ്പി മടിശീല വീര്‍പ്പിക്കുന്ന പുരോഹിതര്‍ക്ക് ഇതു പുതിയരൊരു ലോകം.
കോവിഡ് പറ്റിച്ച പണി എട്ടിന്റെ പണിയായിപ്പോയി.

നേര്‍ച്ചപ്പെട്ടിയില്‍ പണമിട്ടതു കൊണ്ടോ, തുലാഭാരം കൊണ്ടോ, പള്ളിയില്‍ മെഴുകുതിരി തെളിയിച്ചതു കൊണ്ടോ ഖിത്താബ് ഓതിയതു കൊണ്ടോ, പ്രാര്‍ത്ഥിച്ചതു കൊണ്ടോ മാത്രം രോഗത്തിനെ തടുത്തു നിര്‍ത്താനാവില്ലെന്ന് ഭക്തര്‍ക്കു ഏതാണ്ട് ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതുവരെ ഹൃദയത്തില്‍ കൊണ്ടു വന്ന ദൈവങ്ങള്‍ പ്രതിസന്ധി ഘട്ടം വരുമ്പോള്‍ പറ്റിക്കുകയായിരുന്നുവെന്ന ബോധം ശക്തിപ്പെട്ടു വരുന്നു. വിഗ്രഹാരാധനകള്‍, പ്രതിഷ്ഠാപൂജകള്‍ എല്ലാം വെറുതെയെന്ന തോന്നലിനു ജീവന്‍ വെക്കുന്നു. പുഷ്പ്പാഞ്ജലി കഴിപ്പിച്ചാല്‍, പണപ്പായസം നേര്‍ന്നാല്‍, പരദേവതക്ക് കോഴിയെ ഉഴിഞ്ഞിട്ടാലൊന്നും കോവിഡ് മാറില്ലെന്ന് ജനം മനസിലാക്കി. ഇതുവരെ തങ്ങള്‍ ആചരിച്ചു വന്നിരുന്ന പലതും അന്ധവിശ്വാസങ്ങളാണെന്നു മനസിലായിത്തുടങ്ങി. വിള തിന്നുന്ന പക്ഷികളെ പേടിപ്പിക്കാന്‍ കര്‍ഷകര്‍ വയലില്‍ സ്ഥാപിക്കാറുള്ള കോലം പോലെ, അന്ധവിശ്വാസികളെ പേടിപ്പിച്ച് പണം തട്ടാന്‍ മുതിരുന്ന പുരോഹിത വര്‍ഗത്തിന്റെ പഴയ അടവുകള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ്. ദൈവ കോപത്തിന്റെ പേരുപറഞ്ഞ് ഭയപ്പെടുത്തി പണം തട്ടുന്ന പണി പണ്ടേപ്പോലെ ഫലിക്കുമെന്ന് ഉറപ്പില്ല.

ലോകത്തെ മരാമാരികളില്‍ കോവിഡ് ആദ്യത്തെതല്ല. പകര്‍ച്ച വ്യാധികള്‍ ഇതിനു മുമ്പും പലതുമുണ്ടായിട്ടുണ്ട്. ഭൂമിയെപിടിച്ചു കുലുക്കിയ ആദ്യത്തെ പകര്‍ച്ചവ്യാധിയായിരുന്നു വസൂരി. മരുന്നില്ലാതെ കോടിക്കണക്കിനു ജനങ്ങളാണ് വസൂരിയേറ്റ്

മരിച്ചത്. വസൂരിക്ക് വാക്സിന്‍ കണ്ടു പിടിക്കുന്നതു വരെ ‘ഭഗവതിയുടെ കൈയ്യേക്ക’ ലായിരുന്നു.
അമ്മ (ദേവി) വന്നു കേറല്‍.

മിക്കവയേയും നമുക്ക് പിടിച്ചു കെട്ടാന്‍ സാധിച്ചത് പൂജയും മന്ത്രജപവും കൊണ്ടല്ല, ശാസ്ത്രത്തിന്റെ കണ്ടു പിടുത്തമാണ്.

ഈ കുറിപ്പുകാരന്റെ വലിയമ്മയുടെ അമ്മ മരിച്ചു പോയത് വസുരി മൂലമാണെന്ന് അമ്മ പറയാറുണ്ട്. 93 കാരിയായ അമ്മക്ക് 250 ഓളം വര്‍ഷം പഴക്കമുള്ള മുത്തശിയേക്കുറിച്ച് നല്ല കേട്ടറിവുണ്ട്.

വസൂരി വന്നാല്‍ ഒരു വീട്ടിലെ സകലരും മരിച്ചു പോകലാണത്രെ പതിവ്. മരുന്ന് കണ്ടു പിടിക്കാത്ത കാലം. അതുകൊണ്ടു തന്നെ സാങ്ക്രമിക രോഗങ്ങളെല്ലാം ദൈവമായി രൂപാന്തരപ്പെട്ടു. പാമ്പി കിച്ചൊല്‍ മരുന്നില്ലാത്ത കാലത്തു തുടങ്ങിയതാണ് സര്‍പ്പം ശിവന്ഡ കഴുത്തില്‍ തൂങ്ങല്‍. അിക്ക ഹിന്ദു ദേവാലയങ്ങളിലും, വീടുകളിലും ഇന്നും അങ്ങനെത്തന്നെ. ഒസൂരിയെയും ഭഗവതിയായി കണ്ടു. മരിച്ചാല്‍ ശവപ്പറമ്പിലല്ല, പടിഞ്ഞാറ്റിയിലായിരുന്നുവത്രെ ശവമടക്ക്. ഭണ്ഡാരം കൊള്ളല്‍ എന്നാണ് ആചാരവാക്ക്.
നിലവിളക്കു കൊളുത്തലും തിരിവെക്കലും പോലുളള നിരവധി ആചാരങ്ങള്‍ കൂടെ കൂടി. സര്‍പ്പ വിഷം കൊണ്ടു തന്നെ സര്‍പ്പദംശനത്തെ ചികില്‍സിക്കാന്‍ സാധിച്ചതും, പട്ടിയുടെ ഉമിനീരുകൊണ്ട് ഭ്രാന്തിന് മരുന്നു കണ്ടു പിടിച്ചതുമൊക്കെ ശാസ്ത്ര സത്യങ്ങളെങ്കിലും ദൈവത്തിന്റെ മായാവിദ്യകളെന്നാണ് വെപ്പ്. ചന്ദ്രനും, വ്യാഴവും, എന്തിനേറെ, യുറാനസും, പ്ലൂട്ടോ അടക്കം നമുക്ക് ഗ്രഹങ്ങള്‍ മാത്രമല്ല, സ്വജീവിതത്തെ നിയന്തിക്കുന്ന ദൈവങ്ങളാണല്ലോ

കോവിഡു വന്നാല്‍ ഐസുലേഷനാണ് ഇന്നത്തെ രീതിയെങ്കില്‍ അന്നു കളമ്പാട്ടും, സര്‍പ്പപ്പാട്ടും. തച്ചു മന്ത്രിക്കലും ഉഴിയലുമായിരുന്നു. വെളിച്ചപ്പാടിനും പങ്കുണ്ട്. രോഗശമനത്തിനായുള്ള പ്രമാധമായ ചികില്‍സ മന്ത്രവാദമായിരുന്നു.പൂജകള്‍. ദേവക്രീയ്യകളും, അസുരക്രിയ്യകളൂം. എല്ലാം അവരവരുടെ വിശ്വാസത്തിനും മടിശീലയുടെ കനവും കണക്കിലെടുത്ത്. കൃസ്ത്യാനികളിലെ ചികില്‍സ ധ്യാനം കുടലാണ്. ഹിന്ദുക്കള്‍ക്ക് മൃഗബലിയും പക്ഷിബലിയും. തുലാഭാരവും പോലുള്ള വിവിധയിനം നേര്‍ച്ചകള്‍ വേറെ. രോഗശാന്തിയല്ല, മനസമാധനം മാത്രമെ ഇത്തരം നേര്‍ച്ചകള്‍ക്കു നല്‍കാന്‍ കഴിയുമായിരുന്നുള്ളു എന്ന് ഭക്തര്‍ മനസിലാക്കിയിരുന്നില്ല.

ഏറെ വൈകാതെ തന്നെ വസൂരിക്ക് മരുന്നു കണ്ടു പിടിച്ചു. എ ഡ്വേഡ് ജെന്നറാണ് വാക്സിന്റെ പിതാവ്. പശുവിന്‍ പാലില്‍ നിന്നും വേര്‍തിരിച്ചെടുത്ത മൂലകമാണിത്. പക്ഷെ മരുന്നു കുത്തിവെക്കാന്‍ ആദ്യമൊക്കെ ആളുകള്‍ മടിച്ചു. ഈ കുറിപ്പുകാരന്‍ അഞ്ചാം തരത്തില്‍ പഠിക്കുന്നകാലം. വസൂരിക്കെതിരെ പ്രതിരോധ കുത്തിവെപ്പിനു ഡോക്റ്റര്‍മാര്‍ സ്‌കൂളിലെത്തിയത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. സിറിഞ്ച് കണ്ടു പിടക്കാത്ത കാലം. ഇരുതല പിന്നുള്ള നേരിയ ഇരുമ്പു കമ്പി മരുന്നില്‍ മുക്കി വലത്തേക്കൈയുടെ ഏറ്റവും ഉയര്‍ന്ന ഭാഗം പലതവണയായി കുത്തി മരുന്ന് അശത്തേക്കു കയറ്റുകയായിരുന്നു പതിവ്. പേടിച്ച് സ്‌കൂളില്‍ പോകാതെ ഒളിച്ചിരുന്ന എന്നെ അമ്മയും നാട്ടുകാരും ഓടിച്ചിട്ടു പിടിച്ചാണ് അന്ന് സ്‌കൂളില്‍ ഡോക്റ്റരുടെ അരികിലെത്തിച്ചത്. വാവിട്ടു കരഞ്ഞിട്ടും കാര്യമില്ലായിരുന്നു. കരയാനല്ലാതെ മറ്റെന്തു മാര്‍ഗം.

കുത്തിവെച്ചുവകഴിഞ്ഞാല്‍ അടുത്ത ദിവസം പനിക്കണമെന്നാണ് കണക്ക്. കുത്തിവെച്ച സ്ഥലം വീങ്ങണം. പിന്നീട് അവിടെ വട്ടത്തില്‍ പുണ്ണാകണം. അപ്പോള്‍ മാത്രമാണ് വാക്സിനേഷന്‍ വിജയിച്ചതായി കണക്കാക്കുക. ഈ കുറിപ്പുകാരന്റെ വലം കൈയ്യില്‍ ഇപ്പോഴും പുണ്ണിന്റെ കല തെളിഞ്ഞു കാണാം.

വസൂരി മാത്രമല്ല, മരുന്നില്ലാത്ത മാരക രോഗങ്ങളെല്ലാം ദൈവത്തില്‍ സമര്‍പ്പിക്കുക പതിവായിരുന്നു. മറ്റെന്തു മാര്‍ഗം. പ്ലേഗും വൈറസ് പരത്തിയ രോഗമാണ്. കോടിക്കണക്കിന് ആളുകളെ കൂട്ടത്തോടെ കൊന്നു തള്ളിയിട്ടുണ്ട് ഈ രോഗം. ക്ലോറിനും ഡി.ഡി.റ്റിയും കലര്‍ന്ന ഇംഗ്ലീഷ് മരുന്ന് കോളറയെന്ന വൈറസിനെ ശമിപ്പിക്കുമെന്ന അറിവ് ഗ്രാമീണര്‍ക്ക് ആദ്യമൊക്കെ വിശ്വാസമില്ലായിരുന്നു. മിക്കവരും മരുന്നടിക്കുന്നവനെ ആട്ടിയോടിച്ചു. ക്ഷേത്ര വിശ്വാസങ്ങളിലും, ആചാരങ്ങളിലുമായിരുന്നു രക്ഷ കണ്ടിരുന്നത്. മൃത്ഞ്ജയ ഹോമവും, പുഷ്പ്പാഞ്ജലിയും, വഴിപാടും, പണച്ചോറും വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടലും, വയല്‍ക്കോലവുമൊക്കെയായിരുന്നു. ക്ഷേത്രവും, വിശ്വാസവും മനുഷ്യ ജീവിതത്തിലെ അഭിവാജ്യഘടകമാകാന്‍ പലകാരണങ്ങളില്‍ ഒന്ന് മഹാമാരികളുടെ കടന്നു കയററമായിരുന്നു. എന്നാല്‍ ഇന്ന് കാലവും, കഥയും മാറി. ക്ഷേത്രം തുറക്കാത്തതില്‍ പോലും ആര്‍ക്കും പരഭവമില്ല. പുരോഹിതര്‍ക്കു വരെ. ദൈവസങ്കല്‍പ്പങ്ങളെ വരെ പാഠം പഠിപ്പിച്ചിരിക്കുന്നു ഈ പൊടിയന്‍ വൈറസ്.

വസൂരിയേപ്പോലെ ചിലപ്പോള്‍ അതിനേക്കാള്‍ ഭയനാകമായിരുന്നു കുഷ്ടം. പകരാത്ത രോഗമാണെങ്കില്‍ പോലും കുഷ്ഠരോഗികളെ സ്പര്‍ശിക്കാന്‍ പോലും തയ്യാറാകുമായിരുന്നില്ല. ഇന്നത്തെ എയ്ഡ്സിനു സമാനം അന്നത്തെ കുഷ്ടം. മുന്‍ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ശമ്പളമായി കുഷ്ഠത്തെ വിശ്വസിപ്പിച്ചു. ഇതു ശാപമല്ല, പകരാത്ത രോഗമാണെന്ന് ജനങ്ങളെ മനസിലാക്കാന്‍ പിന്നേയും കുറെ കാലമെടുത്തു. യേശു മാത്രമല്ല മദര്‍ തെരെസയെ ദൈവപുത്രിയായി വിലയിരുത്തപ്പെട്ടതും കുഷ്ഠരോഗികളെ പരിചരിക്കാന്‍ തയ്യാറായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്. ഗാന്ധിജി സ്വന്തമായി കുഷ്ഠരോഗികള്‍ക്ക് ആശ്രമം തീര്‍ത്ത് അവിടെ ആശ്രയം നല്‍കിയിരുന്നു. കുഷ്ടം പകരാത്ത രോഗമാണെന്നു വിശ്വസിപ്പിക്കാന്‍ ശാസ്ത്രത്തിനു ഏറെ പണിപ്പെടേണ്ടി വന്നു.

മറ്റൊരു മാരക രോഗമായിരുന്നു ക്ഷയം. 1948ല്‍ നമ്മുടെ പ്രിയ്യ കവി ചങ്ങമ്പുഴ മരിച്ചു പോയത് ക്ഷയം ബാധിച്ചാണ്. മഹാകവി കുഞ്ചന്‍ നമ്പ്യാരും ക്ഷയത്തിനു കീഴടങ്ങിയാണത്രെ മരിച്ചത്. കുഷ്ടവും ക്ഷയവുമെല്ലാം ദൈവകോപം കൊണ്ടല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വൈദ്യശാസ്ത്രം മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ മുന്നില്‍ നിന്നു. അതിനുള്ള തെളിവാണ് അശ്വമേധം എന്ന നാടകം. തോപ്പില്‍ ഭാസിയുടെ ഈ നാടകം ജനങ്ങളുടെ അന്ധവിശ്വാസത്തിനു നല്ല നിലയില്‍ ചികില്‍സ നല്‍കിയിരുന്നു.

2002 കാലഘട്ടങ്ങളില്‍ ലോകം പേടിച്ചു വിറച്ച് തരിച്ചു നിന്നത് ഹ്യൂമന്‍ ഇമ്യുണോ വൈറസ് ( എച്ച് ഐ വി ) വഴിയുള്ള എയ്ഡിസിനേയായിരുന്നു. എയ്ഡിന്റെ കാലഘട്ടത്തോടെയാണ് ദൈവത്തിനപ്പുറം ശാസ്ത്ര സത്യങ്ങളെ നല്ലൊരു വിഭാഗം അന്ധവിശ്വാസികള്‍ വിശ്വാസത്തിലെടുത്തു തുടങ്ങിയത്. നേര്‍ച്ച നേര്‍ന്നാല്‍ രോഗം ശമിക്കില്ലെന്നും കൂടുതല്‍ ജനത്തിന് തോന്നിത്തുടങ്ങി. മുന്നരക്കോടി ജനങ്ങളെയാണ് ഏയ്ഡ്സ് തിന്നു തീര്‍ത്തത്. എയ്ഡ്സിനു ശേഷം നമ്മെ പിന്തുടര്‍ന്നത് എബോളയും നിപയുമാണെങ്കില്‍ ഇപ്പോള്‍ കളം നിറഞ്ഞു കളിക്കുകയാണ് കോവിഡ്. അതിന്റെ വകഭേതമായ ഡെല്‍റ്റയും, ബ്ലാക്ക് ഫംഗസും നിറഞ്ഞാടുന്നുണ്ട്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെയും കേരളത്തിലാണെന്ന് കരുതാന്‍ വരട്ടെ. ദൈവത്തിനു പോലും രക്ഷിക്കാന്‍ കഴിയാത്ത രോഗമാണ് കോവിഡെന്ന് കേരളം തിരിച്ചറിഞ്ഞുവെങ്കിലും ഉത്തര്‍പ്രദേശ് , ബീഹാര്‍, മഹരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോഴും ദൈവകോപം കൊണ്ടാണ് രോഗം പകരുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു. യു.പിയിലെ ‘കൊറോണമാതാ മന്ദിര്‍’ അത്തരത്തില്‍ ഒന്നാണ്. അവിടെ നോമ്പു നോറ്റിരുന്നാല്‍ ഒരിക്കലും കൊറോണ വന്നുപെടില്ലെന്നായിരുന്നു വിശ്വാസം. യു.പിയിലെ ഇത്തരം വിശ്വാസങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ആലപ്പുഴയിലെ ബാലമുരുകന്‍ ക്ഷേത്രം. മഞ്ച് മുരുകന്‍ എന്നും പേരുണ്ട്. ഇവിടെ നേര്‍ച്ചയായ് നെസ്ലേയുടെ മഞ്ചാണ് സ്വീകരിക്കുക. മഞ്ച് നേര്‍ന്നാല്‍ സകല ദുഖങ്ങള്‍ക്കും പരിഹാരമാവുമെന്ന് ആലപ്പുഴ തലവടി ഗ്രാമത്തിലെ ഭക്തരെപ്പോലെ പലരും കരുതുന്നുണ്ട്. നെസ്ലെയുടെ മഞ്ച് മിഠായി നേര്‍ന്നാല്‍ ഉദ്ദിഷ്ഠ കാര്യം സഫലമാകുമെന്നും കുട്ടികളുടെ ചൊറി, ചുരങ്ങ് പനി ഇത്യാദി വ്യാധികള്‍ ശമിക്കുമെന്നു ഇന്നും വിശ്വസിച്ചു പോരുകയാണ് ആലപ്പുഴയിലെ തലവടി ഗ്രാമീണര്‍. തെക്കന്‍ പഴനിയെന്ന് പേര്‍ ചൊല്ലിയാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇതിന്റെ തനിയാവര്‍ത്തനമാണ് യു.പി.യിലെ കോറോണമാതാ മന്ദിര്‍.

നവോദ്ധാനപ്രസ്ഥാനം ഉദയം ചെയ്ത നാട് എന്നു പേരുകേട്ട കേരളം പോലും അന്ധവിശ്വാസത്തിനെതിരെ വേണ്ടത്ര ബോധവല്‍ക്കരണത്തിനു തയ്യാറാവുന്നില്ല എന്നിടത്താണ് ഇപ്പോഴും ആശങ്ക.

ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും പ്രേതഭയത്താല്‍ പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തുന്ന എം.എല്‍.എയുണ്ട് നമ്മുടെ രാജ്യത്ത് . ആന്ധ്രയിലെ നിര്‍മ്മല രാമനായിഡുവാണത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയതോതില്‍ പൊതുബോധം നിലനില്‍ക്കുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ രാമനായിഡു നമുക്ക് അല്‍ഭുതം തന്നെയാണ്.
ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തിലാണ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എം.എല്‍.എ കഴിഞ്ഞു കൂടുന്നത്.

അന്ധവിശ്വസത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ട്. കാന്‍പൂരിലാണ് മറ്റൊരു സംഭവം. കുട്ടികള്‍ ജനിക്കാത്ത ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസം മൂലം എഴു വയസുകാരിയുടെ കരള്‍ പുറത്തെടുത്ത് പച്ചക്ക് തിന്ന വാര്‍ത്തയും നമ്മെ ഞെട്ടിച്ചു. കുട്ടിയെ കൊന്ന് കരള്‍ ചൂഴ്‌ന്നെടുത്ത് കൊണ്ടുവരാന്‍ ദമ്പതികള്‍ കുട്ടിയുടെ അയല്‍വാസിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഒരു ശനിയാഴ്ച്ച രാത്രി കുട്ടിയെ അയല്‍വാസികളായ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി. മദ്യപിച്ചിരുന്ന ഇവര്‍ കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. കരളിന് പുറമെ കുട്ടിയുടെ ശരീരത്തിലെ ചില അവയവങ്ങളും ഇരുവരും ചേര്‍ന്ന് പുറത്തെടുത്തെന്ന് പൊലീസ് പറയുന്നു.

അന്ധവിശ്വാസങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ആലോചിക്കുന്നുവെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്ഥാവന കേരളത്തിന് ആശ്വാസം പകരുന്ന ഒന്നാണ്. കര്‍ണാടകയില്‍ ഇങ്ങനെയൊരു നിയമമുണ്ട്. ഇപ്പോള്‍ അത് തട്ടുമ്പുറത്താണെന്നു മാത്രം. ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൈങ്കിളി സീരിയലുകള്‍ക്ക് നിയന്ത്രണ രേഖ ഉണ്ടായേ മതിയാവു എന്ന നിലപാടിലാണ് അദ്ദേഹം.

നമ്മുടെ കുട്ടികളും സ്ത്രീകളും പ്രായമായവരും കാണുന്ന സീരിയലുകളില്‍ അശാസ്ത്രീയതയും പുരോഗമന വിരുദ്ധതയും അന്ധവിശ്വാസം നിറഞ്ഞതുമാണ്. മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ കുറഞ്ഞുവെങ്കിലും ഈ മാറാരോഗം ദൃശ്യമാധ്യമങ്ങളിലേക്ക് പടര്‍ന്നെത്തിച്ചേര്‍ന്നിരിക്കുകയാണ്.

നാം തലമുറകളായി കൊണ്ടു നടക്കുന്ന സംസ്‌കാരം, വ്യക്തിത്വ നിരൂപണം. സാമുഹിക കാഴ്ച്ചപ്പാടുകള്‍ തീരുമാനങ്ങള്‍, ഇടപെടലുകള്‍ ഇവിടെയെല്ലാം അന്ധവിശ്വാസങ്ങള്‍ കടന്നു കയറി നിര്‍ബാധം മേഞ്ഞു നടക്കുകയാണ്. നമ്മള്‍ ഇതുവരെ പരിചയിച്ച അല്ലെങ്കില്‍ നേടിയെടുത്ത അറിവും അഭ്യാസവും തീര്‍ത്തും നിശ്ചലമാക്കാന്‍ ഇത് കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവ തോല്‍വി സമ്മതിച്ചിട്ടുള്ളത് കോവിഡിനു മുമ്പില്‍ മാത്രമാണ്.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *