CLOSE

സി.പി.എമ്മിനകത്തെ ചില ഗ്രാമിണ വിയോജനക്കുറിപ്പുകള്‍

നേര്‍ക്കാഴ്ച്ചകള്‍……

ഒരു പാര്‍ട്ടി അംഗം അനുഭാവിഗ്രൂപ്പിലുടെ കടന്നു വന്ന് ബ്രാഞ്ച് അംഗമായി പിന്നീട് ഉന്നതങ്ങളിലെത്തിച്ചേരുന്നത് അണികള്‍ ഉഴുതുമറിച്ചിട്ട മണ്ണില്‍ നിന്നുമുള്ള വിളവു കൊയ്തു കൊണ്ടാണ്. വന്ന വഴി മറക്കുമ്പോഴാണ് വളര്‍ത്തിക്കൊണ്ടു വന്ന അണികളും വളര്‍ന്നു കഴിഞ്ഞുവെന്ന് സ്വയം നടിക്കുന്ന നേതാക്കളും തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിക്കുന്നത്.

പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന ചില പ്രദേശങ്ങള്‍ നാട്ടിലുണ്ട്. അത്തരം ഇടങ്ങളില്‍ പാര്‍ട്ടി വെറും രാഷ്ട്രീയപ്പാര്‍ട്ടി മാത്രമല്ല, പാര്‍ട്ടിതന്നെയാണ് അവിടെ മതവും. സ്വന്തം ജാതിയെ, മതത്തെ തെറിപറഞ്ഞാലും ക്ഷമിക്കുന്നവര്‍ ചിലപ്പോള്‍ തന്റെ പാര്‍ട്ടിയെ പറഞ്ഞാല്‍ അരുതാത്തതാണെങ്കില്‍ പോലും കത്തിയെടുത്തു കുത്തിക്കീറുന്നത് നാം കണ്ടുവരാറുള്ള വാര്‍ത്തകളാണല്ലോ.

അത്തരം പാര്‍ട്ടി ഗ്രാമങ്ങളില്‍ കര്‍ക്കശമായ പാര്‍ട്ടി വിദ്യാഭ്യാസം ലഭിച്ചവരേക്കാള്‍ ഇന്നു കുടുതല്‍ പാര്‍ട്ടി നയങ്ങളിലെ അജ്ഞാനികളാണ്. അതിനു കാരണവും ചിലപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പു കേടു തന്നെയായിരിക്കാം.

ബഹുജനം ഒരിക്കലും ഒരേ സ്വഭാവത്തിലും രീതിയിലും നന്മമാത്രം പ്രവര്‍ത്തിച്ചും ചിന്തിച്ചും ജീവിച്ചു പോരുന്നവരാണെന്ന് കരുതുക വയ്യല്ലോ. പാര്‍ട്ടി ഗ്രാമങ്ങളിലും ഈ ന്യുനത കണ്ടു വരാറുണ്ട്. പാര്‍ട്ടിയുടെ ചോരയെന്ന് സ്വയം കരുതുന്നവര്‍ തന്നെ തമ്മില്‍ തമ്മില്‍ കുത്തിമലര്‍ത്തുന്നു. കാരണങ്ങളില്ലെങ്കില്‍ ഉണ്ടാക്കുന്നു. വാശീയും വൈരാഗ്യവും വിടാതെ ഈ പ്രവണതആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരം സംഭവങ്ങളില്‍ സാധാരണ സ്വീകരിക്കാറുള്ള രീതി എന്നത് പാര്‍ട്ടിക്കുള്ളിലെ സംഭവങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ തീര്‍പ്പാക്കുക എന്നതാണ്. പോലീസിനും,നിയമത്തിനും ജയിലിനും വിട്ടുകൊടുക്കുക എന്നത് പാര്‍ട്ടി രീതിയല്ല. എന്നാല്‍ പാര്‍ട്ടിക്കാരാണ് അവരെന്ന് സമ്മതിക്കുകയും, അവരെ പാര്‍ട്ടിക്ക് നിലക്കു നിര്‍ത്താന്‍ കഴിയുന്നിലലെന്ന് കുണ്ഠിതപ്പെടുകയും എന്നാല്‍ അത്തരക്കാരെ തള്ളിപ്പറയാന്‍ തയ്യാറാകത്തതുമായ വിചിത്ര രീതികളാണ് ഇന്ന് പലയിടങ്ങളിലും കണ്ടു വരുന്നത്. പാര്‍ട്ടിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ പലപ്പോഴും പ്രയോജനപ്പെടുന്ന ഏതാനും സഖാക്കള്‍ മറ്റു ചിലപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തുന്നു. അത്തരം ഘട്ടങ്ങളില്‍ അവരെ പാര്‍ട്ടി തള്ളിപ്പറയാന്‍ വെമ്പല്‍ കാണിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലുള്ള ഒരു വിപ്ലവ പ്രസ്ഥാനത്തിന് തന്റെ അണികളെ മറ്റെല്ലാറ്റിനും ഉപരി അവര്‍ ഏതു തരക്കാരും, സ്വഭാവക്കാരായാലും ശരി, സഹായിച്ചിരിക്കണം. അത്തരക്കാര്‍ പാര്‍ട്ടിയോടു കാണിക്കുന്ന കൂറ് മുന്‍ നിര്‍ത്തിയായിരിക്കണം അത്. മാത്രമല്ല, ഗുണദോഷിക്കാനും നേതൃത്വത്തിനു സാധിക്കണം എന്ന് സ്റ്റാന്‍ലിന്‍ (വാട്ട് ഈസ് ദി പാര്‍ട്ടി പേജ് 10) പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരെ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുകയും, വേണ്ടിടത്തു പ്രയോഗിക്കാനും പ്രാപ്തരാക്കേണ്ടതും നേതൃത്വം തന്നെ. അതിനു സാധ്യമല്ലാതാകുമ്പോള്‍ അണികള്‍ വഴിപിഴച്ചു പോകുന്നു. സിദ്ധാന്തങ്ങളുടേയും അവയുടെ പ്രയോഗ രീതികളും വേണ്ടത്ര മനസിലാക്കാതെ പൊതുമദ്ധ്യത്തില്‍ ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറി പാര്‍ട്ടിക്കു പേരുദോഷം വരുത്തുന്നു. ഇത്തരം സാഹചര്യങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പെറ്റു പെരുകുകയാണ്.

പാര്‍ട്ടിയുടെ നയവും പരിപാടികളും അവരുടെ അണികള്‍ ശിരസാവഹിക്കാത്തതിനു കാരണം അവര്‍ക്ക് പാര്‍ട്ടിയെക്കുറിച്ചുള്ള അറിവിന്റെ പരിമിതിയാണെന്ന് മനസിലാകാതെ കഴിയുന്നത്ര കാലവും ജയില്‍ കഴിയട്ടെ, അവിടെ നിന്നും പാഠം പഠിക്കട്ടെ എന്ന നില നേതൃത്വം സ്വീകരിക്കുന്നത് പാര്‍ട്ടി രീതിക്കു നിരക്കുന്നതല്ല.

നിയമവിധേയമായി സഹായിക്കാന്‍ സാധിക്കാത്ത പക്ഷം വേണ്ടി വന്നാല്‍ നിയമത്തെ വ്യാഖ്യാനിച്ചും നേര്‍പ്പിച്ചും അത്തരം സ്ഥലങ്ങളില്‍ ഇടപെടണെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്.

വിപ്ലവ പ്രസ്ഥാനത്തിന്റെ നയങ്ങള്‍ക്ക് വേണ്ടത്ര വേരോട്ടമില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇവിടം പുലരുന്നത് ജനാധിപത്യ സമ്പ്രദായമാണ്. ആ സംവിധാനത്തില്‍ വിശ്വസിക്കുന്ന പൗരന്മാര്‍ക്ക് നിയമവിധേയമായ സംരക്ഷണവും, ശിക്ഷയും നല്‍കാന്‍ നമ്മുക്ക് കോടതിയുണ്ട്. വിധി നടപ്പിലാക്കാന്‍ പോലീസും ജയിലുമെല്ലാമുണ്ട്. നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയെങ്കില്‍ പോലും പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചു കഴിയുന്നവര്‍ക്ക് സാധിക്കുന്ന നിയമ-നിയമേതര സഹായം നല്‍കാന്‍ നേതൃത്വത്തിന് കടപ്പാടുണ്ട്. എന്നാല്‍ പാര്‍ട്ടി കുടുംബമാണെങ്കില്‍ പോലും പാര്‍ട്ടിക്ക് ഇഷ്ടക്കേടു വരുത്തുന്നവരെ പോലീസിനും, കാരാഗ്രത്തിനു വിട്ടു കൊടുക്കുന്നതാണ് പുതിയ പാര്‍ട്ടി രീതിയെന്ന് നേതൃത്വം തെറ്റായി ധരിച്ചു വച്ചിരിക്കുന്ന ചില ഇടങ്ങള്‍ ഉണ്ട്.

യുവാക്കളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ വരെ പാര്‍ട്ടി സംവിധാനം ഇടപെടാതെ കോടതിക്കും പോലീസിനും എറിഞ്ഞു കൊടുക്കുന്നു.

അദ്ധ്വാനിക്കുന്നവന്റെ ജനറല്‍ സ്റ്റാഫാണ് പാര്‍ട്ടിയെന്നാണ് സ്റ്റാലിന്‍ പറഞ്ഞിട്ടുള്ളത്. സ്റ്റാലിന്‍ പറഞ്ഞതു പോലെ പാര്‍ട്ടി നേതൃത്വവും, ബഹുജനപാര്‍ട്ടിയും തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിക്കുകയല്ല, നേര്‍പ്പിക്കാനുള്ള ചുമതലയാണ് നേതൃത്വത്തിനുള്ളത്. എന്നാല്‍ ചില ഗ്രാമങ്ങളില്‍ ഇഴയകലമാണ് കണ്ടു വരുന്നത.് ചില വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം പലവിധ കാരണങ്ങള്‍ കണ്ടെത്തി തങ്ങളുടെ ചട്ടക്കൂട്ടില്‍ അടച്ചിരുന്നു ബഹുജനബന്ധം വിഛേദിക്കുന്ന നില സ്വീകരിക്കുന്ന പക്ഷം, അഥവാ പാര്‍ട്ടിയുടെ പാരമ്പര്യ രീതിയെ നിരാകരിക്കുന്ന സ്ഥിതി വന്നാല്‍

ഫലത്തില്‍ അവിടെ പാര്‍ട്ടി ഇല്ലാതായി തീരും. പാര്‍ട്ടിയും പാര്‍ട്ടി വിശ്വാസികളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധമാണ് പാര്‍ട്ടിയുടെ കെട്ടുറപ്പ്. അത്തരം ബന്ധത്തില്‍ നിന്നുമാണ് കാലാകാലങ്ങളിലായി പലവിധ നേതാക്കള്‍ ഉരുത്തിരിഞ്ഞു വന്നത്.

എത്രമാത്രം അണികള്‍ എത്ര കാലം, സിന്ദാബാദ് വിളിച്ചാണ്, പ്രസംഗങ്ങള്‍ക്കു മുമ്പില്‍ ഇരുന്നു കൊടുത്തും കൈയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചുമാണ് ഒരു നേതാവ് അഗ്‌നി തേജസ്സോടു കുടി ഉരുത്തിരിഞ്ഞു വരുന്നതെന്ന സത്യം നേതൃത്വം പതുക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ഒരു പാര്‍ട്ടി അംഗം അനുഭാവിഗ്രൂപ്പിലുടെ കടന്നു വന്ന് ബ്രാഞ്ച് അംഗമായി പിന്നീട് ഉന്നതങ്ങളിലെത്തിച്ചേരുന്നത് അണികള്‍ ഉഴുതുമറിച്ചിട്ട മണ്ണില്‍ നിന്നുമുള്ള വിളവു കൊയ്തു കൊണ്ടാണ്. വന്ന വഴി മറക്കുമ്പോഴാണ് വളര്‍ത്തിക്കൊണ്ടു വന്ന അണികളും വളര്‍ന്നു കഴിഞ്ഞുവെന്ന് സ്വയം നടിക്കുന്ന നേതാക്കളും തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിക്കുന്നത്.

ഒരു നേതാവും തന്നത്താന്‍ നേതാവായി ഉയര്‍ത്തെപ്പെടുന്നില്ല എന്ന് സാരം. കഴിഞ്ഞ സ്‌ക്രൂട്ടിനിയുടെ കണക്കു വെച്ചു നോക്കൂമ്പോള്‍ വനിതകളടക്കം പാര്‍ട്ടി അംഗത്വത്തിന് വലിയ വളര്‍ച്ചയുണ്ടായത് അണികളും പാര്‍ട്ടിയും തമ്മിലുള്ള ഇഴമുറുക്കം ഒന്നു കൊണ്ടു മാത്രമാണ്.

പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചവരെ നിയമത്തിന്റെ മുന്നില്‍ എറിഞ്ഞു കൊടുക്കുക വഴി പാര്‍ട്ടിയുടെ അടിത്തറക്ക് ഇടിവു സംഭവിക്കുന്നു. ഇതു കാരണം യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ അടക്കം അരാഷ്ട്രീയ പ്രവണതകള്‍ക്ക് ജീവന്‍ വെക്കുന്നു. പഴയ യുവജന മുദ്രാവാക്യങ്ങള്‍ ഇന്നു ഉയര്‍ന്നു കാണുന്നില്ല. വിപ്ലവാവേശ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന്‍ ആളില്ലാതെ വരുന്നു. അതു പാര്‍ട്ടി കരുതി വെച്ച രാഷ്ട്രീയ ലൈനിന്റെ പൂര്‍ത്തികരണം അസാധ്യമാക്കും. തെറ്റായ വഴിക്കു നടക്കുന്നവരെ കണ്ടെത്തി ശരിയുടെ പാതയിലേക്ക് നയിക്കാനും, പാര്‍ട്ടി ആശയം ജീവിതത്തില്‍ പകര്‍ത്താനും നേതൃത്വം ശ്രമിക്കണം. അതിനായി ക്ഷമയോടെ ഇടപെടേണ്ടതിനു പകരം ആവേശം മൂത്ത് സ്വന്തം നില മറന്ന് പ്രവര്‍ത്തിച്ചവരെ നിയമത്തിനു കുരുതി കൊടുക്കാന്‍ വിടുക ഉത്തമങ്ങളായ നേതൃപാടവമല്ല. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെ പാഠം പഠിപ്പിക്കുവാന്‍ പാര്‍ട്ടിയിലെ വിശ്വാസികളെ തന്നെ കുരുതി കൊടുക്കുന്നത് തികച്ചും അപകടകരമായ രീതിയാണ്. ശരിയും ശരികേടും വേണ്ടതിലധികമുണ്ടെങ്കില്‍ പോലും ജനഹിതം മാനിക്കാതിരിക്കരുത്. ശരിയായ ലൈന്‍ എന്നതിന്റെ അര്‍ത്ഥം പാര്‍ട്ടിക്കകത്തെ ജനഹിതത്തിന്റെ ലൈനാണ്.

-പ്രതിഭാരാജന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *