CLOSE

പപ്പന്‍ മാഷെ ഓര്‍ത്തെടുക്കുമ്പോള്‍…..

നേര്‍ക്കാഴ്ച്ചകള്‍…..

ജനകീയ പ്രസ്ഥാനം ഏറെ ആദരിക്കപ്പെടേണ്ട ചിലരുണ്ട് നാട്ടില്‍. അതില്‍ പ്രധാനിയാണ് പപ്പന്‍ കുട്ടമത്ത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷം നാടാകെ നടക്കുകയാണ്. ജനകീയാസുത്രണ പ്രസ്ഥാനത്തിനായി വിയര്‍പ്പൊഴുക്കിയവരെ തേടി ആദരവുകളെത്തുകയാണ്. പഴയതും പുതിയതുമായ ജനപ്രതിനിധികള്‍ പരസ്പരം ആശ്ലേഷിക്കുകയാണ്. മൊമെന്റോ നല്‍കി, പൊന്നാട പുതപ്പിച്ച് ആദരിക്കുകയാണ്. അവശത അനുഭവിക്കുന്ന പഴയകാല പ്രവര്‍ത്തകരെ തേടി അംഗീകാരം വീട്ടു പടിക്കലെത്തുകയാണ്. ഇതൊക്കെ നോക്കിക്കാണുന്ന ഒരു പ്രവര്‍ത്തകനുണ്ട് നാട്ടില്‍. പപ്പന്‍ കുട്ടമത്ത് എന്ന നാടിന്റെ സ്വന്തം പപ്പന്‍ മാഷ്. അദ്ദേഹം അളവറ്റ ആഹ്ലാദത്തിലാണ്. ജനകീയാസൂത്രണത്തിന്റെ സേവന പാതയിലായിരുന്നു കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷവും കുട്ടമത്തെ പപ്പന്‍ മാഷ് എന്നതു തന്നെയാണ് അതിനുള്ള കാരണം. കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇ.എം.എസ് എന്ന മഹാനില്‍ അങ്കുരമിട്ട സ്വപ്നമായിരുന്നു ജനകീയാസൂത്രണം. അതു തഴച്ചു വളര്‍ന്നതിന്റെ ആഹ്ലാദമാണ് നാട് ഇന്നു പങ്കു വെക്കുന്നത്.

1996ലെ ചിങ്ങം ഒന്ന്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ജനകീയാസൂത്രണം എന്ന കൂട്ടായ്മ രൂപപ്പെടുന്നു. ഇ.എം.എസിന്റെ ലക്ഷ്യത്തിനു മുഹൂര്‍ത്തം കുറിക്കുകയാണവിടെ. അത് പലവഴികളിലൂടെ സഞ്ചരിച്ച് ഇന്ന് രജതജൂബിലിയുടെ നിറവിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമിടുകയാണ്. പ്രസ്ഥാനത്തിന്റെ നിഴല്‍ പോലെ ജില്ലയിലും സംസ്ഥാനത്തുമായി പാഞ്ഞു നടന്ന് ഇതു വിജയിപ്പിച്ച കഠിനദ്ധ്വാനിയായ പപ്പന്‍ മാഷെ ഓര്‍ത്തെടുക്കുകയാണിവിടെ.

പപ്പന്‍ കുട്ടമത്ത് എന്ന പപ്പന്‍ മാഷെ ഏറെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് ഭാവി-ഭൂതതലങ്ങളിലെ ത്രിതല പഞ്ചായത്തു പ്രതിനിധികള്‍ക്ക്.
അദ്ധ്യാപക വൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ മുതല്‍ തുടര്‍ന്ന് പെന്‍ഷന്‍ പറ്റിയതിനു ശേഷവും, ഈ കുറിപ്പെഴുതുന്ന വേളയില്‍ വരെ പപ്പന്‍ മാഷ് ജനകീയാസൂത്രണത്തിന്റെ ജീവനാണ്. അതിനായി ജീവിക്കുന്ന പരിശീലകനാണ്. ഒദ്യോഗിക ജീവിതത്തിനു ശേഷമുള്ള വിശ്രമ ജീവിതവും അങ്ങനെത്തന്നെ. ഇ.എം.എസിന്റെ ആസുത്രണമന്ത്രം തികഞ്ഞ ഇടതുപക്ഷക്കാരന്‍ കൂടിയായ മാഷില്‍ ലഹരിയായി പടര്‍ന്നു കയറുകയായിരുന്നു.

കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം ഉല്‍ഭവിച്ച നാളു തൊട്ട് മാഷ് അതിന്റെ തലപ്പത്ത് – കിലയില്‍ – തന്നെ. ജില്ലയിലും സംസ്ഥാനത്തും ഓടി നടക്കാന്‍ മാഷ് ചുമതലപ്പെട്ടു. ഒരു ചെറിയ ബാഗും, അതില്‍ നിറയെ ജനകീയാസൂത്രണ മന്ത്രത്തിന്റെ ഈരടികളുമായി അദ്ദേഹം നടന്നു. തന്റെ ജീവിത ലക്ഷ്യം തന്നെ അതാണെന്നു നിശ്ച്ചയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരെ ജനകീയാസൂത്രണത്തെ പഠിക്കാന്‍ ആളുകളെത്തിയപ്പോള്‍ മുന്നില്‍ മാഷുണ്ടായി.

സര്‍ക്കാരും കിലയും പുറത്തിറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കി കൊണ്ടുള്ള പരിശീലന രീതി വേറിട്ടതായി. തികച്ചും കക്ഷിരാട്രീയ രഹിത്യത്തോടെ. തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണകൂട നിര്‍മ്മാതാക്കളോടൊപ്പവും, എന്നാല്‍ അവയ്ക്ക് ഒരു പടി മുന്നിലുമായി മാഷ് നടന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചും, അവയില്‍ പഠനങ്ങള്‍ നടത്തിയും മാറി മാറി വന്ന ഭരണകൂടങ്ങള്‍ക്ക് പപ്പന്‍ മാഷ് വിദ്യൂത്ചാലകമായി. എല്ലാ വിലങ്ങു തടികളും തട്ടിമാറ്റപ്പെട്ടു. ഓരോ വകുപ്പുകളും ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, ഉത്തരവുകളും, കൃത്യമായി പഠിക്കാനും, നടപ്പിലാക്കാനും ശ്രദ്ധിച്ചു. അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണത്തേക്കുറിച്ചും പഠനങ്ങളുണ്ടായി. നഗരപാലികാ ബില്ല് കാണാപാഠമായി.

ഒരിക്കലുണ്ടായ സംഭവം ഇപ്പോള്‍ ഓര്‍ക്കുന്നു.

ഉദുമാ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരിക്കുന്ന കാലം. പാലക്കുന്ന് ശ്രീഭഗവതി ക്ഷേത്ര ഭരണി മഹോല്‍സവത്തിലേക്കുള്ള തിരുമുല്‍കാഴ്ച്ചാ വരവിന് പൊട്ടിപ്പൊളിഞ്ഞ റോഡ് തടസമായി നില്‍ക്കുന്നു. പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡണ്ടും തലപുകഞ്ഞ് ആലോചിച്ചിട്ടും പോംവഴി കണ്ടെത്താന്‍ കഴിയുന്നില്ല. ഫണ്ടുണ്ട്. ചിലവഴിക്കാന്‍ മാര്‍ഗമില്ല. പ്രസിഡണ്ടിനു വേണ്ടി ഈ കുറിപ്പുകാരന്‍ പപ്പന്‍ മാഷെ വിളിച്ചു. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ആരുടേയും അനുവാദമില്ലാതെ പ്രസിഡണ്ടിന് നേരിട്ട് 20000ത്തില്‍ കവിയാത്ത പണം അടിയന്തിരമായി പിന്‍വലിച്ച് പ്രവൃത്തി നടത്താനാകുമെന്ന് നഗരപാലിക ബില്ലിനകത്തുള്ള ചട്ടം മാഷിന് മനപാഠമായിരുന്നു. അടുത്ത ദിവസം തന്നെ റോഡ് നന്നാക്കി തുടങ്ങി. കഴ്ച്ച വരവ് സുഗമമായി. ഇങ്ങനെ ഓരോരുത്തര്‍ക്കുമുണ്ടാകും നൂറു കൂട്ടം ഓര്‍മ്മകള്‍.

ആസുത്രണം സമ്പന്ധിച്ചുള്ള ഓരോ പഠനങ്ങള്‍ക്കും, അവ വിശദീകരിക്കുന്നതിലും മാഷ് കാണിക്കുന്ന ശുഷ്‌ക്കാന്തി മാതൃകാപരമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ന്യൂനതകള്‍ പരിഹരിക്കുന്നതിലും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിനും ഒറ്റവാക്കായി. കിലയുടെ പരിശീലനങ്ങള്‍, സംസ്ഥാനത്തിലാകെയും, ജില്ലാ-പഞ്ചായത്ത് തലത്തിലും നടപ്പിലാക്കാന്‍ സമാനതകളില്ലാതെ ഇടപെട്ടിരുന്നു എന്ന് മാഷേക്കുറിച്ചുള്ള പ്രതികരണം ആരായായുന്ന ജനപ്രതിനിധികള്‍ ഒന്നടങ്കം തലകുലുക്കി സമ്മതിക്കുന്നു.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മിക്ക കമ്മിറ്റികളിലും മടികൂടാതെ പങ്കെടുക്കുന്നു. ചര്‍ച്ചകളിലേര്‍പ്പെടുന്നു. ഭാവി പ്രവര്‍ത്തനത്തിന് സഹായകമായ രീതി രൂപപ്പെടുത്തുന്നു. പിശകുകള്‍ കണ്ടത്തിയാല്‍ തുറന്നടിക്കുന്നു. അതിനായി കണ്ണും കാതും തുറന്നു വെക്കുന്നു.

1990ല്‍ കില അഥവാ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ നിലവില്‍ വന്നതു മുതല്‍ മാഷ് കൂടെത്തന്നെയുണ്ടെന്ന് കിലയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തിനും ഏതിനും ഒറ്റമൂലിയാണ് മാഷെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. 1996ല്‍് ജില്ലാ കോ-ഓര്‍ഡിനേറ്ററായതിനു ശേഷമുള്ള തുടര്‍ച്ചയായ സേവനങ്ങള്‍. ആദ്യമൊക്കെ ഡെപ്യൂട്ടേഷനിലായിരുന്നു. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച പരിചയമാണ് മുന്നോട്ടുള്ള പ്രയാണത്തിനു പ്രചോദനമായത്.

2006 മുതല്‍ 2011 വരെ ജില്ലാ ആസൂത്രണ സമിതിയിലും, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗമായും ഭരണകൂടത്തിന്റെ ഭാഗമായി. സംസ്ഥാനതല ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിലും എത്തി. തുടര്‍ന്നാണ് കിലയില്‍ സര്‍വ്വ സ്പര്‍ശിയാവുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇടതടവില്ലാതെ. നിലവില്‍ ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ എന്നിവയുടെ ആസൂത്രണ സമിതി അംഗം. സ്‌കൂളിലെ പ്രധാനാദ്ധ്യാപകനില്‍ നിന്നും ആരംഭിച്ച പ്രയാണം. ആത്മാര്‍ത്ഥമായി വിഷയങ്ങളെ സമീപിക്കാന്‍ പഠിച്ചത് സ്‌കൂള്‍ ജീവിതവും, താന്‍ വിശ്വാസമര്‍പ്പിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും ലഭിച്ച പരിശീലനവുമാണെന്ന് മാഷ് തറപ്പിച്ചു പറയുന്നു.
1955ലെ തിരുവിതാംകൂര്‍ – കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മസ്ഥാപനനിയമത്തെ പിന്‍പറ്റിയുള്ളതാണ് മഹത്തായ സ്ഥാപനമാണ് കില.

ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന കിലയുടെ കുടുംബാംഗമായി അദ്ദേഹം മാറി. സ്വന്തം കുടുംബത്തില്‍ ഇടപെടുന്നതിനേക്കാള്‍ കിലയില്‍ ഇടപെട്ടു. പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക, തദ്ദേശഭരണത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക, കാലാ-സാംസ്‌കാരിക-ഗ്ര ന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യത്‌നിക്കുക, പലവിധ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതിനായി ശ്രമിക്കുക, സമ്മേളനങ്ങള്‍ നടത്തുക, തുടങ്ങി പപ്പന്‍ മാഷിന്റെ കണ്ണും കാതുമെത്താത്ത ഇടങ്ങളില്ല.

ഈ കുറിപ്പുകാരന്റെ വീട്ടു പരിസരത്തുള്ള സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായിരിക്കുമ്പോഴാണ് ആദ്യമായി മാഷെ പരിചയപ്പെടുന്നത്. സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക വേദിയുടെ കാഞ്ഞങ്ങാട്ടെ പ്രധാന സംഘാടകനായും, ഇടതുപക്ഷ നിര്‍മ്മിതിയുടെ മുന്നണിപ്പോരാളിയായും, തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം പുലര്‍ന്നു കാണാനുള്ള ആഗ്രഹം കാരണം എന്നും എപ്പോഴും ഒപ്പത്തിപ്പിനോപ്പം ചിന്തിക്കുന്നവര്‍ക്കെല്ലാം മാഷ് പ്രിയങ്കരനായി തീരുന്നു. പരിചയപ്പെടുന്ന ഓരോര്‍ത്തര്‍ക്കും നിഷ്‌ക്കളങ്കതയുടെ പര്യായമായി മാഷ് മനസില്‍ തങ്ങുന്നു. കഴിഞ്ഞ കാഞ്ഞങ്ങാട് മുനിസിപ്പല്‍ തെരെഞ്ഞെടുപ്പിലേക്ക് തന്റെ പ്രസ്ഥാനം മാഷെ നഗരസഭയിലേക്ക് പരീക്ഷിക്കുമെന്ന് കരുതിയവര്‍ തന്റെ വാര്‍ഡില്‍ മാത്രമായിരുന്നില്ല, പക്ഷെ അവസരം കൈവന്നില്ല.

മലിനീകരിക്കപ്പെട്ട, പലതിനോടും സമരസപ്പെടേണ്ടി വരുന്ന, ഒത്തു തീര്‍പ്പുകള്‍ക്ക് മുന്നില്‍ തല താഴ്ത്താന്‍ താന്‍ പഠിച്ചിട്ടില്ലാത്ത-പഠിപ്പിച്ചില്ലാത്തതാകാം കാരണം മാഷ് തഴയപ്പെടുകയായിരുന്നു. അല്ലെങ്കിലും മാഷെ പോലുള്ള സത്യസന്ധമായ പ്രവര്‍ത്തകര്‍ പലപ്പോഴും കളത്തിനു പുറത്താകാറുള്ളത്പതിവുള്ളതാണല്ലോ.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *