CLOSE

എം. എ. റഹ്മാന്‍ ബഹുമുഖ വൈഭവനായ എഴുത്തുകാരന്‍

പാലക്കുന്നില്‍ കുട്ടി

എന്‍ഡോസള്‍ഫാന്‍ ദുരിതരില്‍ ആകെ ‘ഭംഗി’യുള്ളത് അവരുടെ കണ്ണുനീര്‍തുള്ളികളിലെ ഉപ്പുരസത്തിന് മാത്രം. അത് ഒപ്പിയെടുക്കാന്‍ തന്റെ തൂലികയിലെ പരമാവധി അക്ഷരങ്ങളും പലപ്പോഴായി പുറത്തെടുത്ത നാട്ടുകാരുടെ സ്വന്തം എഴുത്തുകാരന് കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരം ‘സമഗ്രസംഭാവന’യുടെ രൂപത്തില്‍ ജില്ലയിലേക്ക് എത്തുമ്പോള്‍ ഉദുമക്കാര്‍ അത് തങ്ങളുടെ സ്വകാര്യ അഹങ്കാരമായി അകം നിറഞ്ഞ് ആനന്ദിക്കുകയാണ്.

‘ഓടക്കുഴ’ലിനു പിന്നാലെ ‘സമഗ്ര സംഭാവന’ പുരസ്‌കാരവും പ്രൊഫ. എം.എ. റഹ്മാന്‍ വഴി പിന്നോക്ക ജില്ലയിലേക്കെത്തി. നമിക്കണം നമ്മള്‍ നാട്ടുനന്മ നിറഞ്ഞ ആ വ്യക്തി പ്രഭാവത്തെ. ‘ആര്‍ക്കും ചരിത്രം സൃഷ്ടിക്കാം-ഒരു മഹാന് മാത്രമേ അത് എഴുതി ജനങ്ങളിലേക്ക് എത്തിക്കാനാവൂ’. ഓസ്‌ക്കാര്‍ വൈല്‍ഡ് ആണിത് പറഞ്ഞത്. എന്‍ഡോസാള്‍ഫാന്‍ എന്ന ചരിത്രം ജനങ്ങളിലേക്ക് എത്തിച്ച റഹ്മാന്‍ ഉദുമയിലെ ‘മൂല’യില്‍, അക്ഷരങ്ങളുടെ ലോകത്ത് ഒതുങ്ങി കഴിയുകയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി.അതിനിടെയാണ് പുരസ്‌കാര വാര്‍ത്ത ‘ഇസാസി’ല്‍ എത്തുന്നത്. ഒതുങ്ങാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത വ്യക്തിത്വത്തിനുടമ. പക്ഷേ ഒതുങ്ങാന്‍ പറയുന്നത് സര്‍ക്കാരാണ്. അത് അനുസരിച്ചേപറ്റു. ഒതുങ്ങലിനു കാരണം കോവിഡും അനുബന്ധ സര്‍ക്കാര്‍ നിയന്ത്രണങ്ങളും. ഇനിയും ഏറെ വര്‍ഷം ഈ ഭൂമുഖത്ത് ജീവിച്ചിരിക്കണമെന്ന ‘ദുരാഗ്രഹം’ കൊണ്ടല്ല, രോഗം ബാധിച്ച്, പ്രിയപ്പെട്ടവര്‍ക്കെല്ലാം ബാധ്യതയാകേണ്ടെന്ന് കരുതിയാവാം റഹുമാന്‍ മാസ്റ്റര്‍ കാണാമറയത്ത് സ്വയം യ ഒതുങ്ങിയത്.

ചതയ ദിനത്തോടനുബന്ധിച്ച് ഇത്തവണ പാലക്കുന്ന് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ശ്രീനാരായണഗുരു സ്മരണ പുതുക്കാനുള്ള യോഗത്തില്‍, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര ജേതാവായ പ്രൊഫ. എം.എ. റഹ്മാനെ ആദരിക്കാനും അനുമോദിക്കാനുമുള്ള ആദ്യ അവസരം പാഴാക്കാതെ, അത് വിദ്യാഭ്യാസ സമിതിയുടെ പേരിലാവട്ടെ എന്നവര്‍ തീരുമാനിച്ചതും സ്വാഭാവികം. സമിതിയുടെ മിക്ക സാംസ്‌കാരിക പരിപാടികളിലും റഹ് മാന്‍ മാസ്റ്റര്‍ സ്ഥിരം ക്ഷണിതാവാണ്. റഹ്മാന്റെ മനോഗതി എന്താണെന്നറിയാനുള്ള ദൗത്യം സമിതി ഈ ലേഖകനെ ഏല്പിച്ചു. മിക്കവാറും ദിവസങ്ങളില്‍ ഫോണിലൂടെ സൗഹൃദ ഭാഷണം തുടരുന്ന റഹ്മാനെ കാര്യം ബോധിപ്പിക്കാന്‍ എനിക്ക് എളുപ്പമായി. ആള്‍കൂട്ടത്തില്‍നിന്ന് മാറിനില്‍ക്കാനുള്ള സര്‍ക്കാറിന്റെ പൊതു നിര്‍ദേശം അക്ഷരം പ്രതി പാലിക്കുന്ന റഹ്മാനെ, ഏതാനും പേര്‍ മാത്രമേ പങ്കെടുക്കുന്നുവെങ്കിലും, ചതയദിന ചടങ്ങിലേക്ക് നിര്‍ബന്ധിക്കാനും ഞാന്‍ ഒരുക്കമായില്ല. അതനുസരിച്ചാണ് പാലക്കുന്ന് വിദ്യാഭ്യാസ സമിതി അദ്ദേഹത്തെ ഉദുമ മൂലയില്‍ ‘ഇസാസി’ല്‍ ചെന്ന് ആദരിച്ചത്.

എഴുതിയ പുസ്തകങ്ങളില്‍ ചിലത് പുറത്തെ ടേബിളില്‍ അലസമായി കിടക്കുന്നുണ്ട്. താല്പര്യമുള്ളവര്‍ കണ്ടോട്ടെ എന്ന് മാത്രം ഉദ്ദേശമുള്ളത് കൊണ്ട് ആ ടേബിളില്‍ മുഴുക്കെ എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വിവിധ ഘട്ടങ്ങളില്‍ എഴുതേണ്ടി വന്ന പുസ്തകങ്ങളായിരുന്നു. ഒട്ടനേകം രചനകള്‍ അദ്ദേഹം ഇക്കാലയളവില്‍ എഴുതിയിട്ടുണ്ട്. കാസര്‍കോട്ടെ ജനങ്ങളുടെ പേക്കിനാവുകള്‍ അവര്‍ കാണും മുന്‍പേ ജനസമക്ഷം കാണിച്ചു തന്ന ആദ്യത്തെ എഴുത്തുകാരന്‍.അവരുടെ കരുവാളിക്കുന്ന സ്വപ്നങ്ങള്‍ സ്വന്തം തൂലികയിലൂടെ പുറം ലോകത്തെത്തിച്ച റഹ്മാന്‍ മാഷേ, നമിക്കുന്നു അങ്ങയുടെ സാമൂഹിക പ്രതിബദ്ധതക്ക് മുന്‍പില്‍. ഞങ്ങള്‍ ഉദുമക്കാര്‍ക്ക് മാത്രമല്ല, ജില്ലയൊട്ടുക്കും അങ്ങ് അഭിമാന പുരുഷനാണ്.എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ ലോക മനസാക്ഷിയെ തൊട്ടുണര്‍ത്തിയ ദയനീയാവസ്ഥ പുറം ലോകം ആദ്യം അറിഞ്ഞതും അങ്ങയിലൂടെയല്ലേ.ആ മികവ് പിന്നീട് ചിലര്‍ തന്ത്രപൂര്‍വ്വം ‘ഹൈജാക്’ ചെയ്തില്ലേ എന്നൊരു സംശയം കൂടി ചിലര്‍ക്കുണ്ടെന്നതും സത്യമാണ്.

സമഗ്ര സായുജ്യം

ഏതൊരു ദേശത്തിന്റെയും ആസ്തിത്വം അതിജീവനമാണെന്നതാണ് സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി അവാര്‍ഡ് നേടിയ എം.എ റഹ്മാന്റെ രചനകളുടെ ആകത്തുക. താന്‍ എത്തിച്ചേര്‍ന്നിടത്തെയും സ്വന്തം ദേശത്തെയും ഒരു പോലെ കാണാന്‍ എം.എ.റഹ്മാന്‍ എന്ന കോളേജ് അധ്യാപകന് തന്റെ രചനകളിലൂടെ സാധിച്ചു. സ്വന്തം തട്ടകത്തെ സ്പര്‍ശിക്കുന്ന സാമുഹിക -സമുദായിക വിഷയങ്ങളില്‍ സാധാരണക്കാരന് വായിക്കാന്‍ പറ്റും വിധം നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഒരേകണ്ണിയിലെ അംഗങ്ങളാണെന്ന് വിവിധ രചനകളിലൂടെ അദ്ദേഹം വിളിച്ചു പറഞ്ഞു. 1990 കളിലാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടങ്ങുന്നത്. ആ പോരാട്ട വീര്യത്തിലൂടെ എം.എ റഹ്മാന്റെ മറ്റൊരു മുഖമാണ് നമ്മള്‍ കാണുന്നത്. ആ നാള്‍വഴികളിലൂടെയുള്ള പ്രയാണത്തിന്റെ അനുഭവ സാക്ഷ്യമാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകം.2016ല്‍ റഹ്മാന് ‘ഓടക്കുഴല്‍ അവാര്‍ഡ്’ കിട്ടാന്‍ നിമിത്തമായ പുസ്തകം. അധ്യാപന ജോലിയില്‍ തുടരവെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് താമസിച്ചിരുന്ന കാലത്താണ് ചാലിയാര്‍ സമരത്തില്‍ അദ്ദേഹവും അധ്യാപികയായ ഭാര്യ ഡോ. സാഹിറയും അതിന്റെ ഭാഗമാകുന്നത്. ‘ചാലിയാര്‍ അതിജീവന പാഠങ്ങള്‍’ എന്ന പുസ്തകം എഴുതിയത് ആ അനുഭവങ്ങളിലൂടെയായിരുന്നു.

പ്രവാസിയുടെ യുദ്ധങ്ങള്‍

പിന്നീട് അധ്യാപകനായി ഖത്തറില്‍ പോയി. അവിടെ ജോലിയില്‍ തുടരവെയാണ് കുവൈറ്റ് -ഇറാഖ് യുദ്ധം ആരംഭിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ കയ്പ്പും പുളിയും എരിവുമെല്ലാം ഒരേ രസക്കൂട്ടില്‍ ഒന്നിച്ചനുഭവിച്ച നാളുകള്‍ അദ്ദേഹം വിവരിക്കുമ്പോള്‍ ആ വരികള്‍ക്കിടയില്‍ നിന്ന് അദ്ദേഹം പറയാതെ പറയുന്ന ചിലത് വായിച്ചെടുക്കാന്‍ ഈ ലേഖകന് സാധിച്ചു. രണ്ട് ഭാഗവും അടഞ്ഞ കുഴല്‍ പോലെ അനുഭവിച്ച ജീവിതം. ഒരു ഡയറിയില്‍ അതെല്ലാം അന്ന് കുറിച്ചിട്ടു.ആ പകര്‍പ്പെഴുത്തായിരുന്നു പിന്നീട് പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ യുദ്ധങ്ങള്‍’.

സ്വപ്നം പോലും അന്യമായവര്‍

സ്വപ്നം പോലും അന്യമായ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കണ്ണീരുപ്പുകള്‍ ജില്ലാ ആസ്ഥാനത്തെ സമരപ്പന്തലിലും ടൗണിലെ ഒപ്പുമര ചുവട്ടിലും നാം കണ്ടതാണ്. അവിടെയൊക്കെ എം. എ. റഹ്മാന്‍ ഓടിനടന്നത് നമ്മളാരും മറന്നു കാണില്ല. മനസ്സും ചിന്തയും വ്യാപാരിക്കുന്ന ജീവിതപാതയില്‍ നിറയെ വിഷവിത്ത് പാകിയ എന്‍ഡോസള്‍ഫാന്‍ ദുരിതകാഴ്ചകള്‍ റഹ്മാന്‍ മാഷെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആ വിഷയവുമായി സ്വരുകൂട്ടി വെച്ചതെല്ലാം ചെറു ലേഖനകളിലൂടെ അദ്ദേഹം വായനക്കാരിലെത്തിച്ചു’ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിന്റെ റോയല്‍റ്റി തുകപോലും മുഴുവനായി അവരുടെ സമാശ്വാസത്തിന് നല്‍കി. വികാരവിചാര വേദനകള്‍ ആഴത്തിലും അര്‍ത്ഥത്തിലും അനുഭവിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസഫാന്‍ ദുരിതരുടെ യഥാര്‍ത്ഥ കഥകള്‍ അധികാരിവര്‍ഗത്തിന്റെ മുന്നിലെത്തിക്കാന്‍ അദ്ദേഹം പെടാപാട് പെട്ടു. ആ നാള്‍വഴികള്‍ കാലത്തിന് പോലും മായിച്ച്കളയാനാവാത്ത ചുമരെഴുത്തുകളായിരിക്കും.

ബഹുമുഖ പ്രതിഭ

കോളേജധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത് തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പേരെടുത്ത വ്യക്തിത്വം.
ഡോക്യുമെന്ററികളിലൂടെ മനുഷ്യന്റെ അതിജീവനത്തെ ആവിഷ്‌ക്കരിച്ചു. ബഷീര്‍ എന്ന മനുഷ്യനും മൊഗ്രാലിലെ പാട്ടുകൂട്ടവും, എന്‍ഡോസള്‍ഫാന്‍ അതിജീവന സമരവും അതില്‍ പ്രമേയങ്ങളായി.പന്ത്രണ്ടോളം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. വടക്കന്‍ കേരളത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും അതിലൂടെ ജനങ്ങളിലെത്തിച്ചു. ബഷീര്‍ ദ മാന്‍ എന്ന ഡോക്യുമെന്ററിക്ക് സംസ്ഥാന അവാര്‍ഡിന് പുറമെ 1987ല്‍ ദേശീയ അവാര്‍ഡും കിട്ടി. കോവിലന്‍ എന്റെ അച്ചാച്ചന്‍ എന്ന ഹ്രസ്വ ചിത്രത്തിന് 2006ല്‍ സംസ്ഥാന അവാര്‍ഡും നേടി. തള, മഹല്ല്, മൂന്നാം വരവ്, കുലചിഹ്നം, ദലാല്‍ സ്ട്രീറ്റ്, കടല്‍ കൊണ്ടുപോയ തട്ടാന്‍, വിദ്യൂച്ഛക്തി എന്റെ രചന ആടും മനുഷ്യരും തുടങ്ങിയവയാണ് അദ്ദേഹം രചിച്ച മറ്റു പുസ്തകങ്ങളില്‍ ചിലത്. ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ ഒട്ടേറെയാണ്. ഇംഗ്ലീഷില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോളേജ് അധ്യാപികയായി റിട്ടയര്‍ ചെയ്ത ഡോ. സാഹിറയാണ് ഭാര്യ. ഈസ ഏക മകന്‍. ഉദുമ മൂലയില്‍ ‘ഇസാസി’ലാണ് താമസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *